'യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു; ഫോണെടുത്തില്ല; അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു; മരിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്; അത് എന്താണെന്നു അന്വേഷിച്ച് കണ്ടെത്തണം; നീതിക്കായി ഏതറ്റംവരെയും പോകും'; അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം
അഭിഭാഷകയുടെയും മക്കളുടെയും മരണത്തില്‍ പരാതിയുമായി യുവതിയുടെ കുടുംബം
കോട്ടയം: കോട്ടയം അയര്‍കുന്നത്ത് അഭിഭാഷകയും രണ്ട് പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാര്‍. യുവതിയുടെയും മക്കളുടെയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതി നല്‍കി. ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും അഭിഭാഷക മാനസികപീഡനം നേരിട്ടിരുന്നതായും ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ഭര്‍തൃവീട്ടില്‍ നടന്നത് എന്താണെന്ന് പുറംലോകമറിയണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്‌മോള്‍ തോമസ് (34), മക്കളായ നേഹ(5), പൊന്നു(1) എന്നിവരുടെ മരണത്തിലാണ് ജിസ്മോളുടെ പിതാവ് പി.കെ. തോമസും സഹോദരന്‍ ജിറ്റു പി. തോമസും പരാതിയുമായി രംഗത്തെത്തിയത്. മകളുടെ മരണവിവരമറിഞ്ഞ് വിദേശത്തുനിന്ന് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഇവര്‍ മാധ്യമങ്ങളെ കണ്ടത്.
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ട്. അവര്‍ക്ക് നീതിക്കായി ഏതറ്റംവരെയും പോകും. യുകെയില്‍നിന്ന് വിഷുദിവസം മകളെ വിളിച്ചിരുന്നു. ഫോണെടുത്തില്ല. അവളുടെ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുദിവസം മകളുടെ തലയില്‍ ഒരു പാട് ഉണ്ടായിരുന്നു. ചോദിച്ചപ്പോള്‍ വാതിലില്‍ തല തട്ടിയതാണെന്ന് പറഞ്ഞു. പിന്നീടാണ് ഭര്‍ത്താവ് മര്‍ദിച്ചതാണെന്ന് വെളിപ്പെടുത്തിയത്. എന്താണ് നേരത്തെ പറയാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ പപ്പ അവിടെവന്ന് വഴക്കുണ്ടാകുമെന്ന് കരുതിയാണ് പറയാതിരുന്നതെന്നാണ് മകള്‍ മറുപടി നല്‍കിയത്. പപ്പ ഇക്കാര്യം ചോദിച്ച് വിളിച്ചാല്‍ പിന്നെ തനിക്ക് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും അന്ന് മകള്‍ പറഞ്ഞിരുന്നു. ഭര്‍തൃവീട്ടില്‍ നേരത്തേയും ജിസ്മോള്‍ക്ക് പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
''അന്ന് ഭര്‍ത്താവിനെയും കുട്ടികളെയും കൂട്ടി വിമാനയാത്ര ചെയ്യാനുള്ള ആഗ്രഹമെല്ലാം പങ്കുവെച്ചിരുന്നു. ചേച്ചി ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്ക് എന്തെങ്കിലും വിഷമംവന്നാല്‍ ഞാന്‍ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. എന്റെ ഭാര്യ കഴിഞ്ഞ ഞായറാഴ്ചയാണ് ചേച്ചിയെ അവസാനം വിളിച്ചത്. അന്ന് ചേച്ചിയുടെ സുഹൃത്തിന്റെ കല്യാണത്തിന് പോയിവന്ന് ക്ഷീണിച്ചിരിക്കുകയാണെന്നാണ് പറഞ്ഞത്. ഞായറാഴ്ച വൈകീട്ട് ആ വീട്ടില്‍ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. അത് കണ്ടുപിടിക്കണം. സംഭവത്തില്‍ ജിസ്മോളുടെ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ട്. ഭര്‍ത്താവ് ജിമ്മി, ജിമ്മിയുടെ മൂത്തസഹോദരി, ഭര്‍തൃമാതാവ് എന്നിവരില്‍നിന്നെല്ലാം ജിസ്മോള്‍ക്ക് മാനസികപീഡനം നേരിടേണ്ടിവന്നു. ജിമ്മി പലപ്പോഴും കുത്തുവാക്കുകള്‍ പറഞ്ഞ് നോവിച്ചു.
അഭിഭാഷകയായ ചേച്ചി ഓഫീസ് തുടങ്ങിയതിന് ഭര്‍ത്താവ് പൈസ കൊടുത്തിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ പൈസ തിരികെ ആവശ്യപ്പെട്ടു തുടങ്ങി. ഒടുവില്‍ ഒരു കേസ് കഴിഞ്ഞ് ചേച്ചി ആ പൈസ തിരികെ കൊടുത്തു. ചേച്ചിയെ ഞങ്ങളുടെ ബന്ധുക്കളുടെ വീടുകളിലെ ചടങ്ങുകളിലേക്കൊന്നും ഭര്‍ത്താവ് പറഞ്ഞുവിട്ടിരുന്നില്ല. പലപ്പോഴും എന്തെങ്കിലും കള്ളം പറഞ്ഞാണ് ഞാന്‍ ചേച്ചിയെ കൂട്ടിക്കൊണ്ടുവരാറുള്ളത്.
ചേച്ചിയുടെ രണ്ടാമത്തെ കുട്ടിയുണ്ടായ സമയത്ത് മെസേജ് അയച്ചിരുന്നു. കുറച്ചു പൈസ അയക്കണം. അത് പപ്പയുടെ കൈയില്‍ കൊടുത്തുവിടണം. വീട്ടില്‍ ജോലിക്കാരിയുണ്ട്. അവര്‍ക്ക് ആദ്യമാസം ശമ്പളം കൊടുക്കേണ്ടത് നമ്മുടെ കടമയാണ് എന്നാണ് ചേച്ചി പറഞ്ഞത്. ചേച്ചി മനംനൊന്താണ് അന്ന് പൈസ ചോദിച്ചത്. കല്യാണം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ മുതല്‍ മാനസികപീഡനം നേരിട്ടിരുന്നു. ജിമ്മിയുടെ മൂത്തസഹോദരി കല്യാണം കഴിഞ്ഞിട്ടും ചേച്ചി താമസിച്ചിരുന്ന ഭര്‍തൃവീട്ടിലാണ് താമസിച്ചിരുന്നത്. അവര്‍ക്കും ഇതില്‍ പങ്കുണ്ട്. ചേച്ചിയുടെ ഭര്‍തൃമാതാവും മാനസികമായി പീഡിപ്പിച്ചു. അവര്‍ ജിസ്മോളുടെ മക്കളെയും ജിസ്മോളുടെ ഭര്‍തൃസഹോദരിയുടെ മക്കളെയും രണ്ടായിതന്നെയാണ് കണ്ടത്'', സഹോദരന്‍ ആരോപിച്ചു.
ജിസ്മോള്‍ക്ക് ആവശ്യമുള്ള പണം ഒന്നും അവര്‍ കൊടുത്തിരുന്നില്ല. ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിയും ജിസ്മോളെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നു. അവരാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്ക് തള്ളിവിട്ടതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് അഞ്ച് വയസ് പ്രായമുള്ള നേഹയെയും ഒരു വയസ്സുകാരി നോറയെയും കൂട്ടി നീറിക്കാട് സ്വദേശി ജിസ്‌മോള്‍ ജീവനൊടുക്കിയത്. മുത്തോലി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റാണ് മരിച്ച ജിസ്‌മോള്‍. ചില കുംടുബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രഥമിക വിവരമനുസരിച്ച് മൂന്ന് പേരുടേയും ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണ് മരണകാരണം. ജിസ്‌മോളുടെ കൈയ്യിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നു. ജിസ്‌മോളുടെ നടുവിന് മുകളിയായി മുറിവേറ്റിട്ടുണ്ട്. മക്കള്‍ രണ്ട് പേരുടേയും ശരീരത്തില്‍ അണുനാശിനിയുടെ അംശം കണ്ടെത്തി. ആറ്റില്‍ ചാടുന്നതിന് മുമ്പ് ജിസ്‌മോള്‍ മക്കള്‍ക്ക് വിഷം നല്‍കിയിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസിന് വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം. ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പോലീസ് കണ്ടെത്തി. വീട്ടിലെ മുറിക്കുള്ളില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
വീട്ടില്‍ വെച്ച് മക്കള്‍ക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ജിസ്‌മോള്‍ ആത്മഹത്യയ്ക്ക് ആദ്യം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രാവിലെ നീറിക്കാടുള്ള വീട്ടില്‍ വെച്ച് ജിസ്‌മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു, മക്കള്‍ക്ക് രണ്ട് പേര്‍ക്കും വിഷം നല്‍കി. തുടര്‍ന്ന് 11.30 യോടെ സ്‌കൂട്ടറില്‍ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയി. അപകടം മേഖലയായ കടവില്‍ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ് ജിമ്മിയും മാതാപിതാക്കളുമാണ് ജിസ്‌മോള്‍ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്നത്. ജിമ്മിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടിലുള്ളവര്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് ദാരുണ സംഭവം ഉണ്ടായത്. അയര്‍ക്കുന്നം പൊലീസ് വീട്ടിലെത്തി ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പ്രാഥമിക വിവരം തേടി.
ജിസ്‌മോള്‍ പാലാ കോടതിയിലും ഹൈക്കോടതിയിലുമായി പ്രാക്ടീസ് ചെയ്തുവരികയായിരുന്നു. മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. സ്വകാര്യബസ് ഉടമയും കാരിത്താസ് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ എന്‍ജീനിയറുമാണ് ഭര്‍ത്താവ് ജിമ്മി.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)