എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തണം; കെട്ടിടങ്ങള്‍ കെട്ടിയടച്ചത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മേയര്‍; കോഴിക്കോട് തീപിടിത്തത്തില്‍ നഷ്ടം 75 കോടി കവിയും; ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന വിദഗ്ധ സമിതിയുടെ പരിശോധന ഇന്ന്

Update: 2025-05-19 04:09 GMT

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ പുതിയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വന്‍തീപിടിത്തത്തില്‍ വിദഗ്ധ സമിതി ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന. വിവിധ വിഭാഗങ്ങളിലെ സംഘാടങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് പരിശേധന നടത്തുക. തീപിടിത്തത്തില്‍ 75 കോടിയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു. തീപിടുത്തം ദൗര്‍ഭാഗ്യകരമെന്ന് മേയര്‍ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ പരിശോധന ആവശ്യമാണ്. കോര്‍പ്പറേഷന്‍ തലത്തില്‍ അന്വേഷണം നടത്തുമെന്ന് മേയര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും പാഠം ആകണമെന്നും എല്ലാ കെട്ടിടത്തിലും ഫയര്‍ ഓഡിറ്റിങ് നടത്തണമെന്നും മേയര്‍ പറഞ്ഞു. കെട്ടിടങ്ങള്‍ കെട്ടിയടച്ചത് ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മേയര്‍ പറഞ്ഞു.

കെട്ടിടത്തിലെ എക്സ്റ്റന്‍ഷന്‍ അനുമതിയോട് കൂടിയാണോയെന്ന് പരിശോധിക്കുമെന്ന് മേയര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തില്‍ മീറ്റിങ് വിളിച്ച് ചേര്‍ക്കും. അവരോടുകൂടി ചോദിച്ച് കാരണം അറിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കുമെന്ന് മേയര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണമല്ലോയെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. എല്ലാ കട ഉടമകളെയും വിളിച്ചുവരുത്തി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ബീന ഫിലിപ്പ് അറിയിച്ചു.

വൈകിട്ട് തീപിടിത്തമുണ്ടായ കോഴിക്കോട് പുതിയ സ്റ്റാന്‍ഡിനു പരിസരത്തെ കെട്ടിടം പൊലീസ് കാവലിലാണ്. തീയണച്ച ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ കെട്ടിടവും പരിസരവും കയറു കെട്ടിയും ബാരിക്കേഡ് വച്ചും പൊലീസ് സുരക്ഷിതമാക്കിയത്. സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തില്‍ നടക്കാവ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രജീഷ് ഉള്‍പ്പെടെ 50 അംഗ പൊലീസാണ് ഇവിടെ കാവല്‍ നില്‍ക്കുന്നത്. ഒപ്പം ചെമ്മങ്ങാട് പൊലീസ് സംഘവും സുരക്ഷയ്ക്കായി രംഗത്തുണ്ട്.

തീപിടിച്ച കെട്ടിടം ഫൊറന്‍സിക് വിദഗ്ധര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അംഗങ്ങള്‍, സയന്റിഫിക് വിദഗ്ധര്‍, കോര്‍പറേഷന്‍ പ്രതിനിധി സംഘം തുടങ്ങിയവര്‍ ഇന്ന് പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കും വരെ പുതിയ സ്റ്റാന്‍ഡിലെ ഈ ബ്ലോക്കിലെ മറ്റു വ്യാപാര കടകള്‍ ഒന്നും തുറക്കാന്‍ അനുമതിയുണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെ തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി ഞായറാഴ്ച രാത്രി നിര്‍ദേശിച്ചിരുന്നു.

തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്ന് കോഴിക്കോട് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചികരിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയോ എന്നുള്‍പ്പെടെ പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞിരുന്നു. നഗരത്തിലുണ്ടായിരുന്ന ഏക ഫയര്‍ സ്റ്റേഷനായ ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഒഴിവാക്കിയത് നഗരത്തില്‍ തീപിടിത്തം തടയുന്നതില്‍ പ്രതിസന്ധിയുണ്ടാക്കി എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച തീപിടിത്തം അഞ്ച് മണിക്കൂര്‍ പരിശ്രമിച്ചാണ് നിയന്ത്രണവിധേയമാക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നടക്കം അഗ്‌നിരക്ഷാ യൂനിറ്റ് സ്ഥലത്തെത്തിയിരുന്നു. കെട്ടിടത്തിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സും ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്നു ഗോഡൗണും കത്തിനശിച്ചു.

Tags:    

Similar News