75 കോടിയുടെയെങ്കിലും നഷ്ടമെന്ന് വ്യാപാരികള്‍; ഫയര്‍ഫോഴ്സ് എത്താനും വൈകി; കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെതുപോലെ കെമിക്കല്‍ ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ സംവിധാനം വേണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല; കോഴിക്കോട്ട് അഗ്നിബാധ ആവര്‍ത്തിക്കുമ്പോള്‍ പാഠം പഠിക്കാതെ അധികൃതര്‍

75 കോടിയുടെയെങ്കിലും നഷ്ടമെന്ന് വ്യാപാരികള്‍; ഫയര്‍ഫോഴ്സ് എത്താനും വൈകി

Update: 2025-05-18 16:29 GMT

കോഴിക്കോട്: നാലര മണിക്കൂര്‍ പിന്നിട്ടിട്ടും പുര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയാതായ കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലെ അഗ്്നിബാധയില്‍ 75കോടിരൂപയുടെയെങ്കിലും നഷ്ടമുണ്ടായാതായി പ്രാഥമിക നിഗമനം. അന്തിമ കണക്കെടുക്കുമ്പോള്‍ ഇത് നൂറുകോടിയെങ്കിലും ആവുമെന്ന് സംശയമുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറയുന്നു.

ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സിന്റെ ഗേഡൗണില്‍ മാത്രം 50 കോടിയുടെയുടെയെങ്കിലും തുണിത്തരങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്‌കുള്‍ വിപണി മുന്നില്‍ കണ്ട് കൊണ്ടുവന്നതടക്കം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ചരക്കായിരുന്നു ഇത്. ഇതും മറ്റ് കടകള്‍ക്കുണ്ടായ നാശനഷ്ടവും നോക്കുമ്പോള്‍, 75 കോടിയുടെയെങ്കിലും നഷ്ടം എന്തായാലും ഉണ്ടാവുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഫയര്‍ഫോഴ്സ് എത്താന്‍ വൈകി?

അതുപോലെ തന്നെ വൈകീട്ട് 5 മണിയോടെ തീപ്പിടുത്തമുണ്ടായപ്പോള്‍ തന്നെ അറിയിച്ചിട്ടും, നാല്‍പ്പതുമിനിട്ട് വൈകിയാണ് ഫയര്‍ഫോഴ്സ് എത്തിയതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്സില്‍ ആകെ രണ്ടു വണ്ടികളാണ് ഉള്ളതെന്നന്നും, വെള്ളിമാടുകുന്നില്‍ പുതിയ ഫയര്‍ഫോഴ്സ് യൂണിറ്റ് തുടങ്ങിയപ്പോള്‍ ബീച്ചിന്റെ സ്റ്റാഫ് സ്ട്രെങ്ങ്ത്ത് കുറയുകയാണ് ഉണ്ടായത് എന്നും ടി സീദ്ദീഖ് എംഎല്‍എയും ആരോപിക്കുന്നുണ്ട്. കോഴിക്കോട് മാനാഞ്ചിറക്കടുത്ത് നേരത്തെ രണ്ട് ഫയര്‍ വണ്ടികള്‍ ഉണ്ടായിരുന്നെങ്കിലും അതും പിന്‍വലിച്ചുവെന്ന് പറയുന്നു.


 



മീഞ്ചന്തയില്‍നിന്നും വെള്ളിമാടുകുന്നില്‍നിന്നുമായി വരുന്നതുകൊണ്ടാണ് ഫയര്‍ ഫോഴ്സ് വൈകിയതെന്നും ആരോപണമുണ്ട്. അതുപോലെ തന്നെ അടിക്കടി തീ പിടുത്തം ആവര്‍ത്തിക്കുന്ന കോഴിക്കോട് നഗരത്തില്‍, കരിപ്പുര്‍ എയര്‍പോര്‍ട്ടിലെപോലെ രാസവസ്തുക്കള്‍ കൊണ്ട് തീയണക്കുന്ന സംവിധാനം വേണമെന്ന് നേരത്തെ തന്നെ വ്യാപാരികള്‍ പറഞ്ഞിരുന്നു. പക്ഷേ അതുണ്ടായില്ല. നേരത്തെ മിഠായി തെരുവ് ദുരന്തത്തിലെന്നപോലെ കരിപ്പൂരില്‍നിന്നുള്ള ഫയര്‍യൂണിറ്റ് എത്തി കെമിക്കല്‍ എക്സ്റ്റിഗ്യൂഷര്‍ ഉപയോഗിച്ചതിന് ശേഷമാണ്, ബസ്റ്റാന്‍ഡിലെ അഗ്നിബാധക്കും അല്‍പ്പമെങ്കിലും ശമനം ഉണ്ടായത്.

കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള കെട്ടിടത്തില്‍ കടകളുടെയും ഗോഡൗണുകളുടെയും നിര്‍മ്മാണം തീര്‍ത്തും അശാസ്ത്രീയമായാണ് നിര്‍മ്മിച്ചത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ യാതൊരു തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്തടുത്തുള്ള തുണിക്കടകളില്‍ ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ പോലും ഉണ്ടായിരുന്നില്ല. എമര്‍ജന്‍സി എക്സിറ്റ്പോലുള്ള ഒരു സംവിധാനവും കെട്ടിടത്തിലില്ല. ആളപായം ഒഴിഞ്ഞത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടങ്ങളിലൊന്നും യാതൊരു സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പി എം നിയാസ് ആരോപിച്ചിട്ടുണ്ട്.

ബസ്റ്റാന്‍ഡിലാവട്ടെ വെള്ളം എടുക്കാനുള്ള സംവിധാനമില്ല. നഗരമധ്യത്തിലെ ബസ്റ്റാന്‍ഡും ഷോപ്പിങ്് കോംപ്ലക്സുമടക്കമുള്ള ഇത്രയും ജനത്തിരക്കുള്ള ഒരു സ്ഥലത്ത്, ഫയര്‍ഫോഴ്സിന് വെള്ളമെടുക്കാനുള്ള സംവിധാനം ഇതുവരെയും സ്ഥാപിച്ചിട്ടില്ല. ഇന്ന് ഫ്ളാറ്റുകളില്‍പോലുമുള്ളതാണ് ഈ സംവിധാനം. ഇത്രയും ഗുരുതരമായ സാഹചര്യം എന്തുകൊണ്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്ന ചോദ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.


 



അശാസ്ത്രീയ നിര്‍മ്മാണം വില്ലനാവുന്നു

തീ നിയന്ത്രിക്കുന്നതിന് ഏറ്റവും വലിയ പ്രതിസന്ധിയായത്, തകര ഷീറ്റുകളും പ്ലാസ്റ്റിക് ബോര്‍ഡുകളുമാണ്. കെട്ടിടത്തിന്റെ ചുറ്റും പേരെഴുതി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ ഉള്ളതിനാല്‍ വെള്ളം അകത്തേക്ക് എത്തുന്നില്ല. തീ അണയ്ക്കുന്നതില്‍ അഗ്നിശമന സേനയ്ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഈ അശാസ്ത്രീയ നിര്‍മിതികളാണ്.

ഇത്തരം നിര്‍മിതികള്‍ പാടില്ലെന്ന് നിര്‍ദ്ദേശമുള്ളപ്പോഴാണ് ഇതിനെ മറികടന്നുള്ള സംവിധാനങ്ങളുള്ളത്. കെട്ടിടത്തോട് ചേര്‍ന്നുള്ള ഫ്ളെക്സ് ബോര്‍ഡുകളും തീ പടരുന്നതിനുള്ള സാധ്യത കൂട്ടുന്നു. തീ നിയന്ത്രിക്കുന്നതിന് പ്രതിസന്ധിയായി നിന്ന തകര ഷാറ്റുകളും മറ്റും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു മാറ്റി വെള്ളം ശക്തിയായി അടിച്ച് തീ അണയ്ക്കാനുള്ള ശ്രമമാണ് രാത്രി 9മണിയോടെ നടന്നത്. എങ്കിലും കെട്ടിടത്തിന്റ അരികുകള്‍ കേന്ദ്രീകരിച്ച് വെള്ളം ഒഴിച്ചത് തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പിടിക്കാതിരിക്കാന്‍ സഹായിച്ചു.

സമീപ ജില്ലകളിലില്‍ നിന്ന് കൂടുതല്‍ ഫയര്‍ എന്‍ജിനുകളോട് എത്താനായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്. ഇത്തരത്തിലുള്ള അശാസ്ത്രീയ നിര്‍മിതികള്‍ അധികൃതരുടെ കണ്‍മുന്നിലുണ്ടായിട്ടും അത് തടയാനോ മാറ്റാനോ ശ്രമിക്കാതിരുന്നതാണ് ഇപ്പഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ട്. മിഠായി തെരുവ് തീപ്പിടുത്തത്തില്‍നിന്നും, കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ തീപ്പിടുത്തില്‍നിന്നും അധികൃതര്‍ യാതൊന്നും പഠിച്ചിട്ടില്ലെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിക്കുന്നുണ്ട്.


 



വൈകീട്ട് അഞ്ച് മണിയാേടുകൂടിയാണ് കോഴിക്കോട് മാവൂര്‍ റോഡിലുള്ള മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ തീ പിടിച്ചത്. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈല്‍സ് എന്ന തുണിക്കടയ്ക്കാണ് തീപിടിച്ചത്.

Tags:    

Similar News