രാത്രി 7.40 ന് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി; പിന്നാലെ പുക ഉയര്‍ന്നു; അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി; ഈ സമയത്ത് മോര്‍ച്ചറിയിലേക്ക് മാറ്റിയത് അഞ്ച് മൃതദേഹങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധത്തില്‍; പോസ്റ്റുമോര്‍ട്ടം ഇന്ന്
രാത്രി 7.40 ന് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ രാത്രി പുക പടര്‍ന്ന് അപകടമുണ്ടായ സമയത്ത് മരിച്ച അഞ്ചു പേരില്‍ രണ്ടു പേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. സംഭവമുണ്ടായ വേളയില്‍ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഇത് പുകശ്വസിച്ച് മരിച്ചവരല്ലെന്നാണാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം മേപ്പാടി സ്വദേശി നസീറയുടെയും കൊയിലാണ്ടി സ്വദേശിയുടെയും പോസ്റ്റ്‌മോര്‍ട്ടമാണ് ഇന്ന് നടക്കുക.
അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്‌സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കല്‍ കോളേജിലെ ഓള്‍ഡ് ബ്ലോക്കില്‍ താല്‍ക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ഉയര്‍ന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.
പിഎംഎസ്എസ്വൈ ബ്ലോക്ക് അത്യാഹിത വിഭാഗത്തിലെ സിടി സ്‌കാന്‍ വെള്ളിയാഴ്ച ഉച്ചവരെ തകരാറിലായിരുന്നു. വൈകിട്ടോടെയാണ് ഇതു നന്നാക്കിയത്. രാത്രി 7.40 ന് ആണ് എംആര്‍ഐ സ്‌കാനിങ്ങിന്റെ സെര്‍വര്‍ റൂമില്‍ നിന്നു പൊട്ടിത്തെറിയുണ്ടായതും പുക ഉയര്‍ന്നതും. ഷോര്‍ട് സര്‍ക്കീറ്റാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്‍ജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നു പ്രിന്‍സിപ്പല്‍ ഡോ. കെ.ജി.സജീത്ത് കുമാര്‍ വ്യക്തമാക്കിയത്.
പൊട്ടിത്തെറിയും അതോടൊപ്പം പുകയും ഉയര്‍ന്നതോടെ പെട്ടെന്നുതന്നെ അത്യാഹിത വിഭാഗത്തില്‍നിന്നു രോഗികളെ പുറത്തേക്കു മാറ്റി. ചക്രക്കസേരയിലും ട്രോളിയിലുമായി രോഗികളെ പുറത്തേക്കു കൊണ്ടുവരികയായിരുന്നു. ജീവനക്കാരും വൊളന്റിയര്‍മാരും പരമാവധി വേഗത്തില് പ്രവര്‍ത്തിച്ചു. അത്യാഹിത വിഭാഗത്തിനു പുറത്തെത്തിച്ച രോഗികള്‍ക്ക് അവിടെ നിന്നു ചികിത്സ നല്‍കി. പിന്നീടാണ് ആംബുലന്‍സുകളിലായി വിവിധ വാര്‍ഡുകള്‍, ഐസിയു, സ്വകാര്യ ആശുപത്രികളിലേക്ക് ഉള്‍പ്പെടെ മാറ്റിയത്.
ആദ്യം അത്യാഹിത വിഭാഗത്തിനു മുന്‍വശത്തു കൂടെയാണ് രോഗികളെ കൊണ്ടുപോയത്. പിന്നീട് പിറകു ഭാഗത്തു കൂടെയും രോഗികളെ പുറത്തെത്തിച്ചു. അവിടേക്ക് ആംബുലന്‍സ് കൊണ്ടുവന്നു രോഗികളെ മാറ്റി. ഒന്നിനു പിറകെ മറ്റൊന്നായി ആംബുലന്‍സ് വന്നു കൊണ്ടിരുന്നു. സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്നു തിരക്ക് നിയന്ത്രിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.ജി.സജീത്ത് കുമാറും വിവിധ വകുപ്പു മേധാവികളും ഉടനെ സ്ഥലത്തെത്തി ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി. ഹെല്‍പ് സെന്ററും പ്രവര്‍ത്തനം തുടങ്ങി.
ഇതിനിടെ അഞ്ചു മൃതദേഹങ്ങള്‍ അധികൃതര്‍ മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. ഗംഗ (34), ഗംഗാധരന്‍ (70), വെന്റിലേറ്ററിലായിരുന്ന ഗോപാലന്‍ (65), സുരേന്ദ്രന്‍ (59), നസീറ (44) എന്നിവരുടെ മൃതദേഹങ്ങളാണു മാറ്റിയത്. എന്നാല്‍ ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. രോഗികള്‍ ശ്വാസം മുട്ടി മരിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കാരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്നു യോഗം ചേരും.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അത്യാവശ്യ സേവനങ്ങള്‍ക്കായി ഈ ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലേക്ക് വിളിക്കുക. 7356657221