571 കോടി ലാഭമുണ്ടായിട്ടും കെഎസ്ഇബിക്ക് മതിയാവുന്നില്ല; ജനങ്ങളുടെ പോക്കറ്റടിക്കാന്‍ പുതിയ നീക്കം; 2027 മുതല്‍ വൈദ്യുതി നിരക്ക് കുത്തനെ കൂടും; നഷ്ടക്കണക്ക് നിരത്തി റെഗുലേറ്ററി കമ്മിഷനില്‍ അപേക്ഷ; സാധാരണക്കാരനെ ഇരുട്ടിലാക്കാന്‍ ഒരുങ്ങി വൈദ്യുതി ബോര്‍ഡ്

ജനങ്ങളുടെ പോക്കറ്റടിക്കാന്‍ കെഎസ്ഇബി

Update: 2025-12-18 16:13 GMT

തിരുവനന്തപുരം: വരുമാന ലാഭം ഉണ്ടാകുമ്പോഴും കെഎസ്ഇബിയുടെ കണ്ണ് നിരക്ക് വര്‍ധനവില്‍ തന്നെ. 2027 ഏപ്രില്‍ മുതല്‍ വീണ്ടും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുളള നീക്കം കെഎസ്ഇബിയുടെ ഭാഗത്തു നിന്നും ആരംഭിച്ചതായി റിപ്പോര്‍ട്ട്.

നിലവില്‍ 571 കോടി രൂപയുടെ വരുമാനലാഭം ഉണ്ടായിരിക്കേയാണ് ഇരട്ടിയിലധികം നഷ്ടം രേഖപ്പെടുത്തി കെഎസ്ഇബി അപേക്ഷ റഗുലേറ്ററി കമ്മിഷന് നല്‍കിയിരിക്കുന്നത്. കമ്മിഷന്‍ ഇത് അംഗീകരിച്ചാല്‍ 2027 ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വലിയതോതില്‍ വര്‍ധിക്കും. മുന്‍കാലങ്ങളില്‍ വൈദ്യുതി നിരക്കിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയാത്ത നഷ്ടം 1676.02 കോടി രൂപയാണെന്നും 571.22 കോടി രൂപയുടെ വരുമാന ലാഭം കുറയ്ക്കുമ്പോള്‍ 1053.79 കോടി രൂപ നഷ്ടം റഗുലേറ്ററി ആസ്തിയായി കണക്കാക്കണമെന്നുമാണ് കെഎസ്ഇബിയുടെ വാദം.

കെഎസ്ഇബിയുടെ വരും വര്‍ഷങ്ങളിലെ വരവ്, ചെലവ് എസ്റ്റിമേറ്റിന് റഗുലേറ്ററി കമ്മിഷന്‍ മുന്‍കൂട്ടി അംഗീകാരം നല്‍കും. അതതു വര്‍ഷം അവസാനിക്കുമ്പോള്‍ ഈ എസ്റ്റിമേറ്റും യഥാര്‍ഥ വരവ്, ചെലവ് കണക്കും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കി അംഗീകാരത്തിനായി കെഎസ്ഇബി അപേക്ഷ സമര്‍പ്പിക്കും. അതിലാണ് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള റഗുലേറ്ററി ആസ്തി 6645.30 കോടി രൂപയുണ്ട്. ഈ തുക 2031 മാര്‍ച്ച് 31 ന് മുന്‍പ് കെഎസ്ഇബിക്കു തിരിച്ചു കിട്ടുന്ന വിധം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനോടൊപ്പം 2024-25 സാമ്പത്തിക വര്‍ഷത്തേത് കൂടി ചേര്‍ക്കുമ്പോള്‍ ആകെ നഷ്ടം 7699.09 കോടി രൂപയാകും 2027 ഏപ്രില്‍ മുതല്‍ പരിഷ്‌കരിക്കുന്ന വൈദ്യുതി നിരക്കില്‍ ഇത്തരത്തില്‍ തിരിച്ചു പിടിക്കേണ്ട തുക കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് ഒരു രൂപയിലധികം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

കേരളത്തിന് അധികവായ്പയെടുക്കാനുള്ള കേന്ദ്രനിര്‍ദേശത്തിന്റെ ഭാഗമായി 2023-24 കെഎസ്ഇബിയുടെ ആകെ നഷ്ടത്തിന്റെ 90% ആയ 494.29 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതു കൂടി ചേര്‍ത്താണ് 2024-25 ല്‍ ലാഭം 571 കോടിയായത്. ഇതിനു പുറമേ, കെഎസ്ഇബിക്കു വിവിധ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കേണ്ട കുടിശികയായ 718.02 കോടി രൂപയും സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കെഎസ്ഇബി ലാഭം നേടുമ്പോഴും തിരിച്ചു പിടിക്കാന്‍ കഴിയാത്ത തുക നഷ്ടം കാണിക്കുന്നതിന്റെ കാരണങ്ങള്‍ കമ്മിഷന്‍ വിശദമായി പരിശോധിക്കും. ചെലവു കുറച്ചു പ്രവര്‍ത്തന നഷ്ടം കുറയ്ക്കണമെന്നാണ് കമ്മിഷന്റെ നിലപാട്. ഇല്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടം പൂര്‍ണമായും ഉപയോക്താക്കള്‍ വഹിക്കേണ്ടി വരും.

Tags:    

Similar News