ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രവും ആദ്യ 3ഡി സിനിമയും പിറന്നത് ആ കരവിരുതില്‍; മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ തലകീഴായ കറങ്ങുന്ന മുറി ഇന്നും അദ്ഭുതം; ചാണക്യനും നോക്കെത്താ ദൂരത്തിനും മിഴിവേകിയ കലാസംവിധായകന്‍; ഇന്ത്യന്‍ സിനിമയില്‍ അതിശയങ്ങള്‍ വാരി വിതറിയ നവോദയയുടെ 'മാന്ത്രികന്‍' കെ.ശേഖര്‍ വിട പറയുമ്പോള്‍
നവോദയയുടെ 'മാന്ത്രികന്‍' കെ.ശേഖര്‍ വിട പറയുമ്പോള്‍
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയില്‍ അതിശയങ്ങള്‍ വാരി വിതറിയ സിനിമാ നിര്‍മാണ കമ്പനി ആയിരുന്നു നവോദയ. ഇന്ത്യയിലെ ആദ്യ 70 എംഎം സിനിമ, ആദ്യ ത്രിമാന ചിത്രം എന്നിവയൊക്കെ നവോദയ പുറത്തിറക്കുമ്പോള്‍ അതിന്റെ കലാസംവിധായകനും കോസ്റ്റ്യൂം ഡിസൈനറുമൊക്കെയായിരുന്നു ഇന്ന് അന്തരിച്ച കെ. ശേഖര്‍ (72).
നവോദയയുടെ ബാനറില്‍ ജിജോ സംവിധാനം ചെയ്ത പടയോട്ടം ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രം ആയിരുന്നു. തീയറ്ററുകളില്‍ പ്രത്യേകം സ്‌ക്രീന്‍ സജ്ജീകരിച്ചായിരുന്നു സിനിമയുടെ പ്രദര്‍ശനം. പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ല്. ഫ്രഞ്ച് നാടകകൃത്ത് അലക്സാണ്ടര്‍ ഡ്യൂമയുടെ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോയുടെ മലയാളം രൂപാന്തരമായിരുന്നു പടയോട്ടം. അക്കാലത്തെ വമ്പന്‍ താരനിര തന്നെ അണിനിരന്ന ബ്രഹ്‌മാണ്ഡ ചിത്രം.
1979 ല്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങിയ ശേഖര്‍ പടയോട്ടത്തില്‍ കോസ്റ്റിയൂം ആന്റ് പബ്ലിസിറ്റി ഡിസൈനറായി രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് ഇന്ത്യയിലെ ആദ്യ ത്രിമാന ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകനായി. സൂപ്പര്‍ ഹിറ്റായി മാറിയ ആലിപ്പഴം പെറുക്കാന്‍ എന്ന പാട്ടു സീനിലെ തലകീഴായി കറങ്ങുന്ന മുറി ശേഖറിന്റെ കരവിരുതായിരുന്നു.
ദൂരദര്‍ശനില്‍ ഹിറ്റായ രാമായണവും മഹാഭാരതവും സീരിയലുകളുടെ ചുവടു പിടിച്ച് നവോദയ അപ്പച്ചന്‍ ഹിന്ദിയില്‍ 'ബൈബിള്‍ കി കഹാനിയാം' മെഗാസീരിയല്‍ എടുത്തപ്പോഴും കലാസംവിധായകന്‍ ശേഖര്‍ ആയിരുന്നു. നവോദയയുടെ സിനിമകള്‍ക്കെല്ലാം കലാസംവിധാനംചെയ്തു. ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, രഘുനാഥ് പലേരിയുടെ കന്നി സംവിധാന സംരംഭമായ ഒന്നു മുതല്‍ പൂജ്യം വരെ, ടി.കെ. രാജീവ് കുമാറിന്റെ ചാണക്യന്‍ തുടങ്ങിയ സിനിമകളുടെ എല്ലാം കലാസംവിധാന മികവിനു പിന്നില്‍ ശേഖറിന്റെ കരങ്ങളുണ്ടായിരുന്നു.
നവോദയ അപ്പച്ചന്‍ സിനിമ വിട്ട് ചെന്നൈയില്‍ കിഷ്‌കിന്ധ അമ്യൂസ്മെന്റ് പാര്‍ക്ക് ആരംഭിച്ചപ്പോള്‍ അതിന്റെ രൂപകല്‍പ്പനയിലും ശേഖര്‍ പങ്കാളിയായി.
