കുടിവെള്ളം കൈയ്യില്‍ കരുതിയ ഡ്രൈവറെ അപമാനിച്ചത് വെറും ഷോ! ഈ വാദം മുഖ്യമന്ത്രിയും അംഗീകരിച്ചു; സജീവന്‍ സിഐടിയു; ഡ്രൈവര്‍ കോണ്‍ഗ്രസ്; മെക്കാനിക് ബിഎംഎസും; ആയൂരിലെ ഗണേഷ് കുമാറിന്റെ ഇടപെടല്‍ പാളിയോ? പൊന്‍കുന്നം ഡിപ്പോയില്‍ അവര്‍ തുടരും

Update: 2025-10-06 01:43 GMT

കോട്ടയം: ഫാസ്റ്റ് പാസഞ്ചര്‍ ബസിനു മുന്പില്‍ കാലിക്കുപ്പികളും മാലിന്യവും മന്ത്രി ഗണേഷ്‌കുമാര്‍ കണ്ടെത്തിയ സംഭവം ഊതി വീര്‍പ്പിച്ചതോ? കെ എസ് ആര്‍ ടി സിയിലെ ജീവനക്കാരുടെ സംഘടനയില്‍ അമര്‍ഷം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ സ്ഥലംമാറ്റിയ ഉത്തരവ് പിന്നീട് മരവിപ്പിച്ചതായി ഫോണില്‍ നിര്‍ദേശം എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ഈ നടപടികളില്‍ അതൃപ്തരാണ്. അനാവശ്യ വിവാദമാണ് ഇതെന്ന വാദം ശക്തമായി കഴിഞ്ഞു.

സംഭവത്തിലുള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്. സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലംമാറ്റിയാണ് ചീഫ് ഓഫീസില്‍നിന്ന് ഉത്തരവെത്തിയത്. ജെയ്‌മോന്‍ ജോസഫിനെ തൃശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണ് മാറ്റിയത്. മൂന്നാം തീയതി വൈകുന്നേരമാണ് ആദ്യ ഉത്തരവെത്തിയത്. മരവിപ്പിച്ചതായുള്ള നിര്‍ദേശം ഇന്നലെ വൈകുന്നേരം ഫോണിലും. സ്ഥലംമാറ്റം നേരിട്ട കെ.എസ്. സജീവ് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാട്രഷററാണ്. ഡ്രൈവര്‍ ടിഡിഎഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ബിഎംഎസ് അംഗവും. മൂന്ന് യൂണിയനുകളും സംഭവത്തില്‍ പ്രതിഷേധം ഉയര്‍ത്തി.

ബസ് വൃത്തിയാക്കുന്നതിന് രണ്ടു ദിവസവേതനക്കാര്‍ക്കാണ് ചുമതല. അതിലൊരാള്‍ ചികിത്സയിലാണ്. ഇയാള്‍ അവധിയിലായതിനാല്‍ ഒരാള്‍ മാത്രമമാണുള്ളത്. അതുകൊണ്ട് തന്നെ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ല. പഴയമോഡല്‍ ബസുകളില്‍ കുടിവെള്ള കുപ്പികള്‍ സൂക്ഷിക്കാന്‍ റാക്കില്ലാത്തിനാല്‍ ജീവനക്കാര്‍ കുപ്പികള്‍ മുന്‍ചില്ലിനു സമീപം വയ്ക്കാറുണ്ട്. ദീര്‍ഘ ദൂര യാത്രകളില്‍ അതികഠന ചൂടുകാലത്ത് വെള്ളമില്ലാതെ വണ്ടി ഓടിക്കുക ഡ്രൈവര്‍ക്ക് അസാധ്യമാണ്. വാഹനം ആളെ നിര്‍ത്താന്‍ നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ വെള്ളം കുടിച്ചാണ് ചൂടിനെ പ്രതിരോധിക്കുക. ഇതിന് വേണ്ടി വച്ച വെള്ളക്കുപ്പിയെ എങ്ങനെ പ്ലാസ്റ്റിക് മാലിന്യമാക്കുമെന്ന ചോദ്യം സജീവമായി. ഇതെല്ലാം പരിഗണിച്ചാണ് തെറ്റു തിരുത്തല്‍.

ഒക്ടോബര്‍ ഒന്നിനാണ് നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്തുനിന്ന് രാവിലെ തിരുവനന്തപുരത്തേക്കു പുറപ്പെട്ട ആര്‍എസ്സി 700 നമ്പര്‍ ബസിനു പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോള്‍ കൊല്ലം ആയൂരില്‍വച്ചാണ് മുന്‍വശത്തെ ചില്ലിനോട് ചേര്‍ന്ന് കുടിവെള്ളക്കുപ്പികള്‍ നിരത്തിയിട്ടത് കണാനിടയായത്. പിന്നീട് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാല്‍ റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു. ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവര്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നായിരുന്നു നടപടികള്‍. എന്നാല്‍ മന്ത്രിയുടെ ഷോ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക വിമര്‍ശനത്തിന് ഇടയാക്കി.

ബസില്‍ കുടിവെള്ളം വച്ച ഡ്രൈവര്‍ക്കെതിരെയുള്ള മന്ത്രിയുടെ 'ഷോ' അതിരുവിട്ടുവെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് സ്ഥലം മാറ്റം വേണ്ടെന്ന് വച്ചത്. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഗ്രൂപ്പുകളില്‍ വലിയ പ്രതിഷേധവും ഉണ്ടായി.

Tags:    

Similar News