പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; ഗതാഗത മന്ത്രിയുടെ നടപടികള്‍ ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാതെയെന്ന് സംഘടനകള്‍; പ്രതികാര നടപടികള്‍ക്കെതിരെ ടിഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തും
പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി; ഉത്തരവ് അറിഞ്ഞ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു
കോട്ടയം: ബസിന്റെ മുന്നിലെ ചില്ലിനു സമീപത്തെ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. പൊന്‍കുന്നം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോന്‍ ജോസഫാണ് കുഴഞ്ഞു വീണത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം. സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു എന്ന് ജയ്മോന്‍ പറഞ്ഞു. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും മരുന്ന് കഴിക്കുന്നയാളാണ് താനെന്നും കുടിവെള്ളം കരുതിയിരുന്ന കുപ്പികളാണ് നടപടി നേരിട്ട ദിവസം ബസിനു മുന്‍പില്‍ ഉണ്ടായിരുന്നതെന്നും ജയ്മോന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന്റെ മുന്നിലെ ചില്ലിനു സമീപം പ്ലാസ്റ്റിക് കാലികുപ്പികള്‍ കണ്ടെത്തിയതോടെ മന്ത്രി കെ ബി ഗണേഷ് കുമാര്‍ തന്നെ നേരിട്ട് ജയ്മോനടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഉത്തരവാദികളായ മൂന്നു പേരെയും സ്ഥലം മാറ്റി ഉത്തരവായിരുന്നു. പിന്നീട് ഇത് മരവിപ്പിച്ചതായി നടപടി നേരിട്ടവര്‍ തന്നെ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച് ഉത്തരവിറങ്ങിയത് അറിഞ്ഞതോടെയാണ് ജയ്മോനു ദേഹാസ്വാസ്ഥ്യമുണ്ടായത്. പുതുക്കാട് ഡിപ്പോയിലേക്കാണ് ജയ്മോനെ സ്ഥലം മാറ്റിയത്.
ഒന്നാം തീയതി മുണ്ടക്കയത്തു നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്താണു വെള്ളക്കുപ്പികള്‍ കിടന്നത്. ആയൂരില്‍ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചിരുന്നു. സംഭവത്തില്‍ ജയ്‌മോന്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക് വിഭാഗം ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലംമാറ്റി 3ന് ആണ് ഉത്തരവിറങ്ങിയത്. ജയ്‌മോനെ തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്. ജയ്‌മോന്‍ ടിഡിഎഫ് അംഗമാണ്. കെ.എസ്.സജീവ് കെഎസ്ആര്‍ടിഇഎ (സിഐടിയു) ജില്ലാ ട്രഷററും വിനോദ് ബിഎംഎസ് അംഗവുമാണ്.
അതേസമയം കുപ്പിവെള്ളം ബസിന്റെ മുന്നില്‍ സൂക്ഷിച്ചതിനു ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫ് ഇന്ന് കെഎസ്ആര്‍ടിസി ചീഫ് ഓഫിസിലേക്കു മാര്‍ച്ച് നടത്തും. തൊഴിലാളിവിരുദ്ധ നീക്കങ്ങളില്‍ നിന്ന് മന്ത്രിയും മാനേജ്‌മെന്റും പിന്‍മാറണമെന്നു ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി.രാഹുല്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ കൂടി ഗതാഗത മന്ത്രി ശ്രദ്ധിക്കണമെന്ന് ആവശ്യമുയരുന്നു. പല ഡിപ്പോകളിലും ജീവനക്കാര്‍ക്കു വിശ്രമിക്കാന്‍ സൗകര്യമില്ല. ബസില്‍ത്തന്നെ, അല്ലെങ്കില്‍ സമീപത്തെ കടകളിലാണ് വിശ്രമം. വേറെയുമുണ്ട് പ്രശ്‌നങ്ങള്‍. ഡ്രൈവറുടെ സീറ്റിന്റെ വശത്തു കുപ്പിവെള്ളം വയ്ക്കാന്‍ മുന്‍പ് സൗകര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇല്ല. പല ഡ്രൈവര്‍മാരും ദിവസവും ഡിപ്പോയില്‍ നിന്ന് 4 കുപ്പിയില്‍ വരെ വെള്ളം നിറച്ച് ബസില്‍ സൂക്ഷിക്കും. പല ബസുകളുടെയും ബോണറ്റിന്റെ ക്ലിപ്പുകള്‍ കേടായ സ്ഥിതിയിലാണ്. ഡ്രൈവര്‍ സീറ്റില്‍ കടുത്ത ചൂടാണ്. അഞ്ചും ആറും തവണ കാലില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കേണ്ട അവസ്ഥ വരും. ദാഹം തീര്‍ക്കാനും ആഹാരം കഴിക്കാനും വെള്ളം വേണം. ഇതൊന്നും വയ്ക്കാന്‍ ബസില്‍ സംവിധാനമില്ല. ബെര്‍ത്തില്‍ വെള്ളക്കുപ്പി വച്ചാല്‍ വളവു തിരിയുമ്പോള്‍ കുപ്പികള്‍ തെറിച്ച് യാത്രക്കാരുടെ ദേഹത്തു വീഴും.
സ്വകാര്യ ബസുകളില്‍ തൊട്ടിയില്‍ വെള്ളം നിറച്ച് മറിയാത്ത രീതിയില്‍ ഉറപ്പിച്ച് അതില്‍ കുപ്പിവെള്ളം കരുതിയാണ് സര്‍വീസ് നടത്തുന്നത്. ഇത്തരം സംവിധാനം കെഎസ്ആര്‍ടിസി ബസുകളിലും വേണമെന്ന് ജീവനക്കാര്‍ പറയുന്നു. ചങ്ങനാശേരി 31 കിലോമീറ്റര്‍ 50 മിനിറ്റില്‍ ഓടി എത്തണം. തുടക്കത്തില്‍ 12 സ്റ്റോപ് ഉണ്ടായിരുന്നത് ഇപ്പോള്‍ 28 സ്റ്റോപ്പായി. ഇതിനിടെയുള്ള ഗതാഗതക്കുരുക്കും കൂടിയാകുമ്പോള്‍ സമയത്ത് എത്താന്‍ എളുപ്പമല്ല. ബസിലുള്ള ജീവനക്കാരുടെ ടെന്‍ഷനും കൂടും. രാവിലെ വീട്ടില്‍ നിന്ന് ആഹാരം കഴിച്ച് ഡ്യൂട്ടിക്കു കയറിയാല്‍ പലപ്പോഴും തിരിച്ച് വീട്ടില്‍ എത്തിയിട്ടാണ് പലരും അടുത്ത ആഹാരം കഴിക്കുന്നത്.