ഭര്‍ത്താവ് 16-ാം വാര്‍ഡ് കൗണ്‍സിലര്‍; 15-ാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ എല്‍ഡിഎഫ് നിര്‍ത്തിയത് ഭാര്യയെ; വെറും 93 വോട്ട് മാത്രമുണ്ടായിരുന്ന വാര്‍ഡ് മൂന്ന് വോട്ടിന് വിജയിച്ച് ബിജിമോള്‍ മാത്യു; ഭര്‍ത്താവിനൊപ്പം ഭാര്യയും പത്തനംതിട്ട നഗരസഭാ കൗണ്‍സിലിലേക്ക്: കുമ്പഴ വാര്‍ഡ് ചരിത്രമാകുമ്പോള്‍

Update: 2025-02-26 05:00 GMT

പത്തനംതിട്ട: നഗരസഭയില്‍ ഭാര്യയും ഭര്‍ത്താവും ഒരേ കൗണ്‍സിലില്‍ അംഗമാകുന്നുവെന്ന അപൂര്‍വത സംഭവിച്ചിരിക്കുകയാണ്. ഇന്നലെ കുമ്പഴ 15-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ബിജിമോള്‍ മാത്യു വെറും മൂന്ന് വോട്ടിന് തെരഞ്ഞെടുക്കപ്പെട്ടു.

നഗരസഭ 16-ാം വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായ കേരളാ കോണ്‍ഗ്രസ് എമ്മിലെ ജെറി അലക്സിന്റെ ഭാര്യയാണ് ബിജിമോള്‍ മാത്യു. കഴിഞ്ഞ കൗണ്‍സിലില്‍ കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണും ആയിരുന്നു ബിജിമോള്‍. എല്‍.ഡി.എഫിന് ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ബിജിമോളെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ ഇറക്കിയത്. ഇതോടെ ഭാര്യയും ഭര്‍ത്താവും ഒരു കൗണ്‍സിലില്‍ അംഗങ്ങളായി എന്ന അപൂര്‍വതയും ഉണ്ടായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ദിരാമണിയമ്മ സ്വതന്ത്രമായി മത്സരിച്ചു വിജയിക്കുകയായിരുന്നു. പിന്നീട് എല്‍.ഡി.എഫിനൊപ്പം നിലയുറപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. അതിനിടെയാണ് ഇന്ദിരാമണിയമ്മ അന്തരിച്ചത്. ഇതേ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വാര്‍ഡ് നിലനിര്‍ത്തണമെന്നത് എല്‍ഡിഎഫിനും നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈനും അനിവാര്യമായിരുന്നു. വെറും 93 വോട്ട് മാത്രം എല്‍ഡിഎഫിന് കിട്ടിയ, കോണ്‍ഗ്രസിന് കുത്തകയായ വാര്‍ഡ് എങ്ങനെ നിലനിര്‍ത്തുമെന്ന ആശങ്കയില്‍ നിന്നാണ് ബിജി മോളുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയത്.

കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബും ടി. സക്കീര്‍ ഹുസൈനുമായ നടത്തിയ ചര്‍ച്ചയിലാണ് ബിജിമോളെ നിര്‍ത്താമെന്ന ആശയം ഉയര്‍ന്നത്. കേരളാ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് മെഴുകുതിരി ചിഹ്നമാക്കി എല്‍ഡിഎഫ് സ്വതന്ത്രയായി നിര്‍ത്തിയത്. 30 വര്‍ഷമായി കോണ്‍ഗ്രസ് കുത്തകയാക്കി കൊണ്ടു നടക്കുന്ന വാര്‍ഡാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുകാരിയായ ഇന്ദിരാമണിയമ്മയ്ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചു.

അവര്‍ വിമതയായി മത്സരിച്ച് വിജയിച്ചു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ഇതോടെ കോണ്‍ഗ്രസ് ഭരണം പിടിക്കാന്‍ ഇന്ദിരാമണിയമ്മയ്ക്ക് പിന്നാലെ കൂടി. എന്നാല്‍, അവര്‍ വഴങ്ങിയില്ല. കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന പി.കെ. ജേക്കബിന്റെ നേതൃത്വത്തില്‍ അവരെ എല്‍ഡിഎഫില്‍ കൊണ്ടു വന്നു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണുമാക്കി. ഇന്ദിരാമണിയമ്മ ജയിച്ചു കയറിയതും യുഡിഎഫ് വോട്ടു കൊണ്ടായിരുന്നുവെന്നത് വ്യക്തം. അധ്യാപികയായ സോബി റെജിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി.

സംസ്ഥാന നേതാക്കള്‍ വരെ വന്ന് പ്രചാരണം കൊഴുപ്പിച്ചു. ഭാര്യയും ഭര്‍ത്താവും കൗണ്‍സിലര്‍മാരായാല്‍ എങ്ങനെയാണ് എന്ന് വോട്ടര്‍മാര്‍ ചിന്തിക്കണം എന്നൊരു പ്രചാരണവും ബിജിമോള്‍ക്കെതിരേ യുഡിഎഫ് അഴിച്ചു വിട്ടു. സോബി റെജി വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍, കഠിനാധ്വാനം ചെയ്ത് ബിജിമോളും കൂട്ടരും വിജയം കൈപ്പിടിയിലാക്കി. കഴിഞ്ഞ തവണത്തെ 93 വോട്ടിന്റെ സ്ഥാനത്ത് എല്‍ഡിഎഫ് നേടിയത് 285 വോട്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സോബി റജിക്ക് 282 ഉം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രിയാ സതീഷിന് 53 ഉം വോട്ടുകള്‍ ലഭിച്ചു.

എല്‍ഡിഎഫ് നടത്തിയ ഞാണിന്മേല്‍ കളി വിജയിക്കുന്നതാണ് കണ്ടത്. വന്‍ പരാജയമുണ്ടാകുമെന്നും അതു കൊണ്ട് മൗനമായിരിക്കാമെന്നും കരുതിയ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതാക്കള്‍ക്കും ബിജിമോളുടെ വിജയം ഞെട്ടിക്കുന്നതായി. എന്തായാലും ഈ വിജയത്തോടെ നഗരസഭാ ഭരണത്തില്‍ എല്‍ഡിഎഫിന് ശക്തമായ അടിത്തറയും സമ്മാനിച്ചു.

Tags:    

Similar News