'ശ്രീലങ്കയില്‍ കുംഭകര്‍ണ്ണന്റെ വാള്‍ കണ്ടെത്തി! 60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാള്‍ കുംഭകര്‍ണ്ണന്റേത് ആണെന്ന് ലങ്കന്‍ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു'; വൈറല്‍ വാട്സാപ്പ് വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?
'ശ്രീലങ്കയില്‍ കുംഭകര്‍ണ്ണന്റെ വാള്‍ കണ്ടെത്തി!
കോഴിക്കോട്: ഒരു പാട് വിജ്ഞാനം നല്‍കുന്നുണ്ടെങ്കിലും, ഒരുപാട് തെറ്റിദ്ധാരണകളുടെയും മൂഢവിശ്വാസങ്ങളുടെ പ്രചാരണ കേന്ദ്രം കൂടിയാണ് നമ്മുടെ നവമാധ്യമങ്ങള്‍. ആ രീതിയില്‍ ഫേസ്ബുക്കിലും വാട്സാപ്പിലുമായി വൈറലായ ഒരു വീഡിയോ ആയിരുന്നു, ശ്രീലങ്കയില്‍ 60 അടി നീളത്തിലുള്ള ഒരു കുറ്റന്‍ വാള്‍ കണ്ടെത്തിയെന്നും, ഇത് കുംഭകര്‍ണ്ണന്റെതാണെന്ന്, ലങ്കന്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് സ്ഥിരീകരിച്ചുവെന്നതും. ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം പരിശോധിക്കായാണ്, ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ശാസ്ത്രലോകം ബൈജുരാജ്.
അത് എഐ ഉണ്ടാക്കിയ വീഡിയോ
തന്റെ പുതിയ വീഡിയോയില്‍ ബൈജുരാജ് ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു- 'ഈയിടെ വൈറലായിട്ടുള്ള ഒരു വീഡിയോ ആണ്. വീഡിയോ ആണെങ്കിലും ഇതില്‍ ആകെ നാല് ഇമേജുകളാണ് കാണിക്കുന്നത്. ഇതില്‍ പറയുന്നത് ,60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാള്‍ ശ്രീലങ്കയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ഈ വാള്‍ കുംഭകര്‍ണ്ണന്‍ ഉപയോഗിച്ചത് എന്ന് ശ്രീലങ്കന്‍ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചുവെന്നും വീഡിയോ പറയുന്നു.
ആദ്യമെ പറയട്ടെ, ഈ ഇമേജുകള്‍ കാണുമ്പോള്‍ തന്നെ പലര്‍ക്കും മനസ്സിലായിട്ടുണ്ടാവും ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്. എന്നാല്‍ ധാരാളം പേര്‍ സംശയമായി ചോദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. ഈ വീഡിയോ കാണുന്ന നാലു വാളുകളുടെ പടങ്ങള്‍ കുറച്ച് മാസമായി കാണുന്നതാണ്. എന്നാല്‍ ഇപ്പോള്‍ പോലും ഇതിന്റെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമല്ല. അതില്‍നിന്ന് തന്നെ നമുക്ക് സംശയം ഉടലെടുക്കാം. ഇങ്ങനെ എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അതിന്റെ കൂടുതല്‍ വീഡിയോയും ഇമേജുകളും കാണും.
എന്നാല്‍ അങ്ങനെ ഒന്നുമില്ല. കൂടാതെ, ഈ നാല് വാളുകളും അതിനടുത്ത് നില്‍ക്കുന്ന ആളുകളെയും പരിശോധിക്കയാണെങ്കില്‍ ആളുകളുടെ വലിപ്പത്തിലും, കൈകളിലും കൈപ്പത്തിയിലുമെല്ലാം മിസ് മാച്ചിങ്ങ് കാണും. കൂടാതെ അവരുടെ മുഖത്തെ നിഴലുകളും മറ്റും കൃത്രിമമായി തോന്നുന്നുമുണ്ട്. ഈ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ അത് റിയല്‍ ആണോ എന്ന് അറിയാം. അങ്ങനെ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ റിസള്‍ട്ടില്‍ പറയുന്നത് ഇത് മാനുപ്പിലേറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. എ ഐ ഉണ്ടാക്കിയതാണ് എന്നും പറയുന്നുണ്ട്. കൂടാതെ, ഫാക്റ്റ് ചെക്കിലും ഇതിന്റെ റിസള്‍ട്ട് കാണാം. ഇത് എ ഐ ജനറേറ്റ് ചെയ്ത ചിത്രമാണെന്ന് വ്യക്തമാണ്. ''- ബൈജുരാജ് വ്യക്തമാക്കുന്നു.