വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്ന് 11കാരിയുടെ ആത്മഹത്യ കുറിപ്പ്; അമ്മയും സഹോദരിയും കൂറുമാറിയിട്ടും കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ടിന്റെ മൊഴി; 'പ്രതിസന്ധികളോട് പടവെട്ടി നേടിയ വിധി'; തനിക്കുമുണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെന്ന് പ്രോസിക്യൂട്ടര്‍

കുണ്ടറ ഇരട്ട പീഡനക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ഉറപ്പിച്ചത് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ടിന്റെ മൊഴി

Update: 2025-02-01 15:33 GMT

കൊട്ടാരക്കര: കൗമാര പ്രായത്തില്‍ എത്തുന്നതിന് മുമ്പെ സഹോദരിമാരായ പേരമക്കളെ പീഡിപ്പിക്കുകയും പീഡനത്തിന് ഇരയായ പെണ്‍കുട്ടികളിലൊരാള്‍ ജീവനൊടുക്കുകയും ചെയ്തിട്ടും തെല്ലും കൂസലുണ്ടായില്ല കുണ്ടറയിലെ നരാധമനായ ആ മുത്തച്ഛന്. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനും സഹായിയുമൊക്കെയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ പരിചയസമ്പത്ത് മതി താന്‍ പ്രതിയായേക്കാവുന്ന കേസ് തേച്ചുമാച്ചു കളയാന്‍ എന്നായിരുന്നു അയാളുടെ ധാരണ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായെന്ന് വ്യക്തമായിട്ടും പൊലീസിനെ പോലും വരുതിക്ക് നിര്‍ത്തി കുറച്ചേറെക്കാലം സുരക്ഷിതായി നടക്കാനും അയള്‍ക്കായി. പരാതിയുമായി പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങിയ ആ പിതാവിനും മാധ്യമങ്ങള്‍ ഇടപെടുന്നത് വരെ നീതി അകലെയായിരുന്നു. ഒടുവില്‍ മനോരമ ന്യൂസ് നടത്തിയ വാര്‍ത്താ ഇടപെടലായിരുന്നു നീതിയുടെ വെളിച്ചം തുറന്നുതന്നത്.

ഒടുവില്‍ പെരിനാട് സ്വദേശിയായ 72 വയസ്സുകാരനാണു പ്രതിക്ക് കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണു ശിക്ഷ വിധിച്ചത്. മരണം വരെ ജയിലില്‍ കഴിയണം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണു മൂന്ന് ജീവപര്യന്തം. വയോധികനു മൂന്ന് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് 10 വര്‍ഷം കഠിന തടവ്. 40,000 രൂപ പിഴയും വിധിച്ചു. ഇത് അതിജീവിതയുടെ മാതാവിനു കൈമാറണം. ശിക്ഷകള്‍ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.

2017ല്‍ മാര്‍ച്ചില്‍ കുണ്ടറ പൊലീസാണു കേസ് റജിസ്റ്റര്‍ ചെയ്തത്. 39 സാക്ഷികളില്‍ ഏറെപ്പേരും കൂറുമാറിയെങ്കിലും ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ശരീരത്തിലെ 21 മുറിവുകളും അതിജീവിതയായ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുമാണു നിര്‍ണായകമായത്. പെണ്‍കുട്ടികള്‍ നിരന്തരം ലൈംഗിക വൈകൃതത്തിന് ഇരയായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

പെണ്‍കുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. സഹോദരിമാരില്‍ ഒരാള്‍ ജീവനൊടുക്കിയതോടെയാണു പീഡന വിവരം പുറത്തറിഞ്ഞത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മൂത്തമകളും പീഡനത്തിന് ഇരയായതായി സംശയമുണ്ടെന്നും കാട്ടി പിതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.

ഡിവൈഎസ്പി വി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അഞ്ചാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയുടെ ഭാര്യയും മരിച്ച കുട്ടിയുടെ സഹോദരിയും മൊഴി നല്‍കിയതോടെയാണ് അറസ്റ്റ് നടന്നത്. മകളുടെ ആത്മാവിനു ശാന്തി ലഭിക്കുന്ന വിധിയാണെന്ന് കുട്ടികളുടെ പിതാവ് പ്രതികരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു സി.തോമസ് ഹാജരായി. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രതിക്കു തക്ക ശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടതായിരുന്നു കേസിന്റെ അന്വേഷണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ബി.കൃഷ്ണകുമാര്‍ പറഞ്ഞു.

ഉറ്റവര്‍ കൂറുമാറി, നീതി ഉറപ്പിച്ച് മുഖ്യസാക്ഷിയായ മജിസ്‌ട്രേട്ട്

കോടതിയിലെ വിചാരണയ്ക്കിടെ മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയും കൂറുമാറി. തുടര്‍ന്ന് ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേട്ടിനെ സാക്ഷിയാക്കി. മജിസ്‌ട്രേട്ട് നല്‍കിയ മൊഴിയും വൈദ്യപരിശോധനാ തെളിവുകളുമാണു കേസില്‍ നിര്‍ണായകമായതും പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സഹായിച്ചതും. കേസ് കോടതിയില്‍ എത്തിയതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് അപേക്ഷ നല്‍കി.

തുടര്‍ന്ന് ഓച്ചിറ അനില്‍ കുമാറിനെ പ്രോസിക്യൂട്ടറായി നിയമിച്ചു. കോവിഡായതോടെ വിചാരണ വൈകി. വിചാരണക്കാലത്തു പ്രതിയുടെ ഭാര്യ മരിച്ചു. പിന്നീടു കേസ് കൊല്ലം കോടതിയില്‍ നിന്നു കൊട്ടാരക്കര പോക്‌സോ അതിവേഗ കോടതിയിലേക്കു മാറ്റി. ഓച്ചിറ അനില്‍ കുമാര്‍ ഒഴിഞ്ഞപ്പോഴാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഷുഗു.സി.തോമസിനെ കോടതി നിയമിച്ചത്.

കേസില്‍ വിചാരണ നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ 20 വയസു കഴിഞ്ഞ സഹോദരിയും അമ്മയും മുത്തച്ഛനെ രക്ഷിക്കാന്‍ പ്രതിഭാഗം സമ്മര്‍ദത്തെ തുടര്‍ന്ന് മൊഴിമാറ്റി. പക്ഷേ നീതിയുടെമാര്‍ഗം മുടക്കാന്‍ അതൊന്നും അതൊന്നും മതിയാകുമായിരുന്നല്ല. അനുകൂലമാകേണ്ടിയിരുന്ന മൊഴിയും തെളിവുകളും എതിരായപ്പോഴും സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷുഗു സി. തോമസ് പതറിയില്ല. നിഷേധിക്കാനാകാത്ത വസ്തുതകള്‍ നീതിപീഠത്തിന് മുന്നില്‍ നിരത്തിയതോടെ പ്രതിക്ക് കഠിനശിക്ഷവിധിക്കാന്‍ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയ്ക്ക് തടസങ്ങളുമുണ്ടായില്ല.

കൂറുമാറ്റാന്‍ സമ്മര്‍ദ്ദവുമായി പ്രതിഭാഗം അഭിഭാഷകന്‍

കൊല്ലം കോടതിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്ന കേസില്‍ ആദ്യം സ്‌പെഷല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിതനായത് അഡ്വ. ഓച്ചിറ അനില്‍കുമാറാണ്. എന്നാല്‍ സാക്ഷികളെയെല്ലാം കൂറുമാറ്റാന്‍ പ്രതിഭാഗം അഭിഭാഷകന്‍ നടത്തുന്ന നീക്കം നേരത്തെ പ്രതിയുടെ അഭിഭാഷകന്റെ ജൂനിയറായിരുന്ന പബ്‌ളിക് പ്രോസിക്യൂട്ടര്‍ മനസിലാക്കി. ഇതോടെ തിരിച്ചടി ഭയന്ന് പബ്‌ളിക് പ്രോസിക്യൂട്ടര്‍ പിന്‍മാറി. പിന്നീടാണ് കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കൊട്ടാരക്കര അതിവേഗ കോടതിയിലേക്ക് മാറ്റിയതും സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടറായി അഡ്വ ഷുഗു സി തോമസ് നിയമിതനാകുന്നതും.

പോക്‌സോ കേസില്‍ വിചാരണ വൈകുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ കൂറുമാറ്റം കുണ്ടറ കേസിലും സംഭവിച്ചു. കേസിലെ പ്രധാന സാക്ഷിയായ പെണ്‍കുട്ടിയുടെ സഹോദരി വീട്ടിനുള്ളിലെ പീഡനം കോടതിയില്‍ പറയാന്‍ വിസമ്മതിച്ചു. ഇത് മുന്‍കൂട്ടി മനസിലാക്കിയിരുന്ന അഡ്വ ഷുഗു സി തോമസ് എടുത്ത നീക്കമാണ് നിര്‍ണായകമായത്. സംഭവം നടക്കുമ്പോള്‍ 13 വയസ് മാത്രമുണ്ടായിരുന്ന സഹോദരിയുടെ രഹസ്യ മൊഴി അന്ന് രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെ വിസ്തരിച്ചത് കേസില്‍ നിര്‍ണായകമായി.

മരണമടഞ്ഞ പെണ്‍കുട്ടി മരിക്കുന്നതിന് തൊട്ട് മുന്‍പും ലൈംഗിക ചൂഷണത്തിനിരയായിരുന്നുവെന്ന് മെഡിക്കല്‍- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ മുത്തച്ഛന്റെ പങ്ക് കോടതിയില്‍ വാദിച്ചുറപ്പിക്കാനും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കായി. കുട്ടി മരിച്ച വീട്ടില്‍ മറ്റൊരു പുരുഷന്റെ സാന്നിധ്യമില്ലായിരുന്നുവെന്ന് സ്ഥാപിക്കാനും കഴിഞ്ഞു. ഒരു തവണയല്ല പല തവണ കുട്ടി ലൈംഗിക ചൂഷണത്തിനിരയായിരുന്നു എന്നതും സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യട്ടര്‍ കോടതിയില്‍ വാദിച്ചുറപ്പിച്ചു.

കണ്ണീര്‍ പതിഞ്ഞ ആ കുറിപ്പ്

വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നായിരുന്നു ആത്മഹത്യ കുറിപ്പ്. വീട്ടില്‍ മുത്തച്ഛന്റെ പീഡനങ്ങളല്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. മരിച്ച കുട്ടി മാത്രമല്ല സഹോദരിയും പീഡനിരയായിട്ടുണ്ടെന്ന കണ്ടെത്തലുകളും പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്ക് സ്ഥാപിക്കാനായി. സാക്ഷികളെ കൂറുമാറ്റാന്‍ പ്രതിഭാഗം അഭിഭാഷകര്‍ നടത്തുന്ന നീക്കം അറിഞ്ഞ പല അഭിഭാഷകരും കേസ് ഏറ്റെടുക്കാന്‍ താല്പര്യം കാണിക്കാത്തിടത്താണ് ഷുഗു സി തോമസ് ആര്‍ജവത്തോടെ മുന്നോട്ടുവന്നത്.

ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരരുത്

സാക്ഷികള്‍ കൂറുമാറുമെന്ന് ഉറപ്പുണ്ടായിട്ടും കേസില്‍ ഉറച്ചു നിന്നു എന്ന ചോദ്യത്തിന് അഡ്വ. സുഗു സി തോമസ് വികാരധീനനായാണ് പ്രതികരിച്ചത്. തനിക്ക് 11 വയസുള്ള ഒരു മകളുണ്ട്. മറ്റൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ വരാതിരിക്കാനാണ് ഈ കേസില്‍ താന്‍ ഉറച്ച് നിന്നത്. പബ്‌ളിക് പ്രോസിക്യൂട്ടറിനൊപ്പം കേസ് നടത്തിപ്പില്‍ സഹായിയായി പ്രവര്‍ത്തിച്ചത് എ.എസ്.ഐ സുധാകുമാരിയാണ്. പ്രോസിക്യൂഷന്‍ തെളിവുകള്‍ കൃത്യമാക്കുക, വിചാരണയില്‍ പ്രോസിക്യൂഷന് വിജയമുണ്ടാക്കുക എന്നീ ദൗത്യങ്ങളില്‍ സുധാകുമാരി മികവ് കാട്ടിയെന്ന് പബ്‌ളിക് പ്രോസിക്യൂട്ടറും സാക്ഷ്യപ്പെടുത്തുന്നു.

പൊലീസ് മൂടിവച്ചിട്ടും മനോരമ ന്യൂസ് കൊണ്ടു വന്ന വാര്‍ത്തയില്‍ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നെങ്കിലും വിചാരണ കൃത്യമായി നടത്തി കുറ്റകൃത്യം തെളിയിച്ചെടുത്ത അഡ്വ ഷുഗു സി തോമസിന്റെ ടീമിന്റെയും പങ്ക് എടുത്തുപറയേണ്ടതാണ്. സാക്ഷികള്‍ കൂറുമാറിയിടത്തും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയ്ക്കുമായി.

Tags:    

Similar News