ലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം; നാലാഴ്ച്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം; സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ്; ഘട്ടം ഘട്ടമായി ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ നീക്കം

ലഡാക്ക് വെടിവെപ്പില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു ഭരണകൂടം

Update: 2025-10-02 11:50 GMT

ലഡാക്ക്: ലഡാക്ക് സംഘര്‍ഷത്തിനിടെ നാലുപേര്‍ മരിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് അന്വേഷണം പ്രഖ്യാപിച്ചത്. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നാലാഴ്ച്ചത്തെ സാവകാശമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം. അതേസമയം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം എന്നതാണ് സമരക്കാരുടെ ആവശ്യം.

ഇതോടെ സമരക്കാതെ അനുനയിപ്പിക്കാന്‍ തീവ്രശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ശനിയാഴ്ച മുതല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങും. ലേ അപെക്‌സ് ബോഡി ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറും എന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ നീക്കം. സംഘര്‍ഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങള്‍ കൈമാറാനുള്ളവര്‍ ഈ മാസം നാല് മുതല്‍ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം.

അതേസമയം, സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചര്‍ച്ചക്കുമില്ലെന്ന് കാര്‍ഗില്‍ ഡെമോക്രോറ്റിക് അലയന്‍സ് നിലപാട് കടുപ്പിച്ചു. സര്‍ക്കാരിന്റെ നിലപാട് പുന:പരിശോധിക്കാതെ ഒരു അനുനയത്തിനുമില്ലെന്ന് സംഘടനയുടെ കോ ചെയര്‍മാന്‍ അസര്‍ കര്‍ബലായി പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ആത്മരക്ഷാര്‍ഥം വെടിയുതിര്‍ത്തതാണെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളടക്കം വിമര്‍ശിച്ച് രംഗത്തെത്തി. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളുന്നയിച്ച് സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നിരാഹാരത്തിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലാണ് പൊലീസ് വെടിയുതിര്‍ത്തത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നടക്കമുള്ള ആരോപണങ്ങള്‍ പൊലീസും ലഡാക്ക് ഭരണകൂടവുമുന്നയിച്ചിരുന്നു.

അതിനിടെ ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 26 പേരെ വിട്ടയച്ചു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് നടപടി. സംഘര്‍ഷത്തില്‍ ഹൈക്കോടതി - സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് സമരം നടത്തുന്ന സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.

തിങ്കളാഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച തീരുമാനിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ ലോ അപ്കസ് ബോഡിയുടെയും കാര്‍ഗില്‍ ഡെമോക്രോറ്റിക്ക് അലയന്‍സും എടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാണ്. ഇതിനിടെ ഒരാഴ്ച കൂടി സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മാത്രമേ ലഡാക്കില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറ്റുന്നതില്‍ അന്തിമ തീരുമാനമെടുക്കൂ എന്ന് ലഫ് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

Tags:    

Similar News