ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവന്‍ ഹാഷിം ബാബയുടെ ഭാര്യ; ഭര്‍ത്താവ് ജയിലിലായതിന് പിന്നാലെ ഗുണ്ടാ സാമ്രാജ്യത്തിന്റെ തലപ്പത്ത് എത്തി; സായുധരായ അഞ്ചോളം പേര്‍ സദാസമയവും കാവല്‍; ആഡംബര ലഹരി പാര്‍ട്ടികളും കള്ളക്കടത്തും; ഡല്‍ഹിയെ വിറപ്പിച്ച 'ലേഡി ഡോണ്‍' അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന 'ലേഡി ഡോണ്‍' എന്നറിയപ്പെടുന്ന സോയ ഖാന്‍ അറസ്റ്റില്‍. ഇവരുടെ പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു. ഡല്‍ഹിയില്‍ ആഡംബര, ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചും വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചും നടന്നിരുന്ന 33 കാരിയായ സോയ ഖാന്റെ അമ്പരിപ്പിക്കുന്ന ജീവിതമാണ് ഡല്‍ഹി പൊലീസ് ചുരുളഴിച്ചത്. ഒരു ഗുണ്ടാ സാമ്രാജ്യം തന്നെ ഇവര്‍ നയിച്ചിരുന്നു. കള്ളക്കടത്ത്, മയക്കുമരുന്ന്, കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് സോയ ഏര്‍പ്പെട്ടിരുന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം ഏരിയയില്‍ നിന്നാണ് സോയ ഖാന്‍ അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്ന് കൊണ്ടുവന്ന, ഒരു കോടി രൂപയുടെ വിപണി മൂല്യമുള്ള ഹെറോയിനും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. സോയ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിന്നെങ്കിലും ഇപ്പോഴാണ് പിടികൂടാന്‍ കഴിഞ്ഞത്.
ഡല്‍ഹിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവന്‍ ഹാഷിം ബാബയുടെ ഭാര്യയാണ് സോയ. കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത്, ലഹരികടത്ത് തുടങ്ങി ഡസന്‍ കണക്കിന് കേസുകളിലാണ് ഹാഷിം ബാബ അകത്തായത്. ഹാഷിം ബാബ ജയിലിലായതിന് ശേഷമാണ് സോയ ഗുണ്ടാ സാമ്രാജ്യത്തിന്റെ തലപ്പത്ത് എത്തിയത്.
വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ച് ആഡംബര പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന സോയ സമൂഹ മാധ്യമങ്ങളിലും സജീവമായിരുന്നു. ബ്രാന്‍ഡഡ് സാധനങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. പണം വാരിയെറിഞ്ഞാണ് ആഡംബര ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. നിരവധി ചെറുപ്പക്കാരെ ഈ പാര്‍ട്ടികളിലേക്ക് ആകര്‍ഷിച്ചിരുന്നു.
സോയയുടെ പങ്കിനെക്കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് വൈകി. കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ സോയ നിരന്തരം ഏര്‍പ്പെട്ടിരുന്നതായി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സോയ പ്രവര്‍ത്തിച്ചിരുന്നത്. സായുധരായ അഞ്ചോളം പേര്‍ സദാസമയവും സോയക്ക് കാവലിനായി ഉണ്ടായിരുന്നു.