ദുബായ് വഴി മോളിവുഡിനെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ പഴയ ചങ്ങാതി ഗോള്‍ച്ചിന്‍; കള്ളപ്പണം നടന്മാരിലേക്ക് എത്തുന്നത് ആ വഴിയില്‍; തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം രണ്ടാമത്തെ വില്ലന്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദം പുതിയ തലത്തില്‍; നിവിനെതിരായ ഒളിയമ്പില്‍ ചര്‍ച്ചയാകുന്നത് 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണം

Update: 2025-05-04 04:37 GMT

കൊച്ചി: മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഗോള്‍ച്ചിനും തമിഴ്‌നാട്ടിലെ വട്ടി പലിശക്കാരും. ദുബായ് കേന്ദ്രീകരിച്ചാണ് ഗോള്‍ച്ചിന്റെ പ്രവര്‍ത്തനം. ദാവൂദ് ഇബ്രാഹിമിന്റെ പഴയ അനുയായിയാണ് ഗോള്‍ച്ചിന്‍ എന്ന് പ്രചരണമുണ്ട്. ഡി കമ്പനിയുടെ ഭാഗമായിരുന്ന ഗോള്‍ച്ചിന്‍ ദാവുദിന്റെ സിനിമാ പ്രേമം തീര്‍ന്നതോടെ സ്വയം ആ ദൗത്യം ഏറ്റെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബ് സിനിമയുടെ ഗോഡ് ഫാദര്‍ എന്ന് പോലും വിളിപ്പേരുള്ള ഗോള്‍ച്ചിനാണ് 99 ശതമാനം മലയാള സിനിമകളുടേയും ഗള്‍ഫിലെ വിതരണക്കാരന്‍. അഹമ്മദ് ഗോള്‍ച്ചിന് നന്ദി എഴുതികാണിക്കുന്ന ടൈറ്റില്‍ ഇല്ലാത്ത മലയാള സിനിമകള്‍ കുറവാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ സ്വാധീന ശക്തിയാണ് ഈ സിനിമാക്കാരന്‍.

അതിനിടെയാണ് പുതിയ 'തമിഴ് വട്ടി പലിശാ ചര്‍ച്ച'. സാന്ദ്രാ തോമസാണ് ഇത്തരമൊരു ചര്‍ച്ച തുടങ്ങി വയ്ക്കുന്നത്. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത്, പ്ലീസ്, അപേക്ഷയാണ്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ...-ഇതാണ് സാന്ദ്രാ തോമസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്.

കഴിഞ്ഞദിവസം ഒരു നടനെതിരെ പേര് പരാമര്‍ശിക്കാതെ ആരോപണവുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന ലിസ്റ്റിന്റെ വാക്കുകള്‍ വിവാദമായി. നടന്‍ ഇനിയും തെറ്റ് തുടര്‍ന്നാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്നും പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സാന്ദ്രാ തോമസ്, ലിസ്റ്റിന്റെ പ്രസ്താവന അനുചിതമാണെന്നും മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്നും ആരോപിച്ചിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തരമായി നിര്‍മാതാക്കളുടെ സംഘടനാ ഭാരവാഹിത്വത്തില്‍നിന്നും പ്രാഥമികാംഗത്വത്തില്‍നിന്നും പുറത്താക്കണെമെന്ന് ആവശ്യപ്പെട്ടിരുന്നു. നിവിന്‍ പോളിയെയാണ് ലിസ്റ്റിന്‍ ലക്ഷ്യമിട്ടതെന്ന് സൂചനകളുണ്ട്. എന്നാല്‍ നിവിന്‍ പോളിയോ ലിസ്റ്റിനോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ സാന്ദ്രാ തോമസ് അടക്കമുള്ളവരുടെ വിമര്‍ശനങ്ങള്‍ ലിസ്റ്റിനെ ലക്ഷ്യമിട്ടാണ്. അടുത്ത കാലത്ത് ലിസ്റ്റിന്റെ ലൊക്കേഷനില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിരുന്നു.

നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നത് മലയാള സിനിമയുടെ തകര്‍ച്ചക്ക് വഴിതെളിക്കുമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. കണക്ക് പുറത്തുവിടുന്നതുകൊണ്ട് സിനിമാതാരങ്ങള്‍ പ്രതിഫലം കുറയ്ക്കും എന്നാണ് പ്രതീക്ഷയെങ്കില്‍ അത് തെറ്റാണെന്നും സാന്ദ്ര തോമസ് പറയുന്നു. നിര്‍മാതാക്കള്‍ പുറത്തുവിടുന്ന കണക്കുകള്‍ കണ്ടു പേടിച്ച് സിനിമയില്‍ പണം മുടക്കാന്‍ തയാറായി നിന്ന കേരളത്തിലെ നിര്‍മാതാക്കളും വിദേശ നിക്ഷേപകരും പിന്മാറിക്കഴിഞ്ഞു. ഈ നീക്കം മലയാളികളായ നിര്‍മാതാക്കള്‍ പിന്മാറുന്നതിനും കേരളത്തിന് പുറത്തുള്ള വട്ടിപ്പലിശക്കാര്‍ മലയാള സിനിമ പിടിച്ചടക്കുന്നതിനും വഴിതെളിക്കുകയേ ഉള്ളൂ എന്ന് സാന്ദ്ര തോമസ് മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുതെന്ന തന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു സാന്ദ്ര. സിനിമ തന്റെ കൈപ്പിടിയിലായി എന്ന ചിന്തകൊണ്ടാണ് സിനിമാമേഖലയെ പിടിച്ചുലച്ച ഒരു പ്രസ്താവന ലിസ്റ്റിന്‍ സ്റ്റീഫന്‍ കഴിഞ്ഞ ദിവസം നടത്തിയത്. നിര്‍മാതാക്കളുടെ സംഘടന ലിസ്റ്റിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത എന്തുകൊണ്ടാണെന്നും സാന്ദ്രാ തോമസ് ചോദിക്കുന്നു.

സാന്ദ്രാ തോമസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിനു ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടു നില്‍ക്കരുത്- പ്ലീസ്, അപേക്ഷയാണ്.

തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിന്‍ സ്റ്റീഫന്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു.

ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമവ്യവസായത്തിനു വേണ്ടി നല്ലകാര്യങ്ങള്‍ ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ്.

അടുത്ത തിരഞ്ഞെടുപ്പില്‍ ഫിലിം ചേംബറിന്റെ ഭാരവാഹിയാകാനുള്ള അണിയറ നീക്കങ്ങളും അദ്ദേഹം നടത്തുന്നത് അറിയാം, നല്ലതു വരട്ടേ...

മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണ്.

കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ലിസ്റ്റിന്‍ നടത്തിയ ഭീഷണിപ്രസംഗത്തെയും ഗൂഢാലോചനയുടെ ഭാഗമായി കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടുത്തകാലത്ത് സിനിമയുടെ ലാഭനഷ്ട കണക്കുകള്‍ പുറത്തുവിടുന്നതും ഇത്തരമൊരു ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്.

തിയറ്ററുകളില്‍ നിന്നു ലഭിക്കുന്ന പണത്തിന്റെ മാത്രം കണക്കു പുറത്തുവിട്ട് മലയാള സിനിമാ വ്യവസായം നഷ്ടമാണെന്നു വരുത്തി തീര്‍ത്ത് മലയാള സിനിമയില്‍ നിന്നു നിക്ഷേപകരെ അകറ്റുന്ന നടപടിയാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്.

ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടം?

ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന നിര്‍മ്മാതാവ് മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്നയാളാണെന്നു നമുക്ക് അറിയാം. ഇപ്പോള്‍ തിയറ്ററിയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയില്‍ പോലും വന്‍തുക അദ്ദേഹം നിക്ഷേപിച്ചു. സംസ്ഥാനത്ത് ആകമാനം എത്രയോ സ്‌ക്രീനുകള്‍ ലിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണത്തിലാണ്.

മലയാളത്തില്‍ സിനിമ നിര്‍മിക്കാന്‍ നിക്ഷേപകര്‍ വരാതായാല്‍ മറ്റു സംസ്ഥാനങ്ങളിലെ വട്ടിപ്പലിശക്കാരുടെ കൈകളില്‍ കേരളത്തിലെ സിനിമാ വ്യവസായം എത്തിപ്പെടും. ഇത്തരം വട്ടിപ്പലിശക്കാരില്‍ നിന്നു വന്‍തുക വാങ്ങി അവരുടെ ഏജന്റായാണു ലിസ്റ്റിന്‍ കൂടിയ പലിശയ്ക്കു പണം മുടക്കുന്നത്.

ലിസ്റ്റിന്റെ ഇപ്പോഴത്തെ ഗൂഢനീക്കങ്ങള്‍ അദ്ദേഹത്തിനു താല്‍ക്കാലിക ലാഭമുണ്ടാക്കാന്‍ സഹായകരമായിരിക്കും. പക്ഷെ ലിസ്റ്റിന്‍ ഒന്ന് ഓര്‍ക്കണം ലിസ്റ്റിന്‍ മലയാള സിനിമ രംഗത്ത് സൃഷ്ടിക്കുന്ന 'പലിശ കുത്തകകള്‍' കാര്യം നടന്നു കഴിഞ്ഞാന്‍ നിങ്ങളെയും വിഴുങ്ങും.

അപ്പോഴേക്കും മലയാള സിനിമയുടെ ഇപ്പോഴത്തെ നിര്‍മാതാക്കള്‍ക്കു വംശനാശം സംഭവിച്ചിരിക്കും.

ലിസ്റ്റിന്റെ ഇപ്പോഴത്തെ വാക്കുകളിലും പ്രവര്‍ത്തികളിലും ഒരു ഒറ്റുകാരന്റെ കൊതിയും കിതപ്പും കാണുന്നുണ്ട്.

പക്ഷെ അതിനു വേണ്ടി സ്വീകരിക്കുന്ന തെറ്റായ മാര്‍ഗങ്ങള്‍ മലയാള സിനിമയ്ക്കും നമ്മുടെ നാടിനും ഒട്ടും നല്ലതല്ല.

വട്ടിപലിശക്കാരന്റെ സ്വാധീനവും താല്‍പര്യങ്ങളും കാരണം ഇപ്പോള്‍ ഒരു നിര്‍മാതാവിനു നേരിട്ടു പോയി സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണു മലയാളം ചാനല്‍ ലോകത്തുണ്ടാക്കിയിരിക്കുന്നത്.

ഒരു സാധാരണ സിനിമ നിര്‍മ്മാതാവിനും മലയാള സിനിമാ രംഗത്ത് ഒരു നിലയ്ക്കും നിലനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. അതൊരു ലോബിയുടെ താല്‍പര്യമാണ്.

അതിന്റെ കെടുതികള്‍ എല്ലാ സിനിമ സംഘടനകളും ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമങ്ങളും തിരിച്ചറിയണം.

ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വയം തിരുത്താനും മലയാള സിനിമ വ്യവസായത്തിന്റെയും നാടിന്റെയും നന്മയ്ക്കു വേണ്ടി നിലകൊള്ളാനും ശ്രമിക്കണം.

ആരും തെറ്റിദ്ധരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു

തീര്‍ത്തും നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്രയും പറഞ്ഞത്.

ഇതെല്ലാം അറിഞ്ഞിട്ടും സിനിമാസംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ കുറ്റകരമായ മൗനം പാലിക്കുന്നതും നിസ്സഹായതയാല്‍ പിന്തുണക്കുന്നതും കാണുമ്പോള്‍ അതിയായ ദുഃഖം തോനുന്നു.

മലയാള സിനിമയും അതിന്റെ നിര്‍മ്മാതാക്കളും മറ്റ് സാങ്കേതിക പ്രവര്‍ത്തകരും അതിന്റെ നല്ലകാലം വീണ്ടെടുക്കുമെന്ന പ്രതീക്ഷയോടെ,

സാന്ദ്ര തോമസ്

Tags:    

Similar News