സംഘപരിവാര്‍ എതിര്‍പ്പ് മുതലാക്കി എമ്പുരാന്റെ കുതിപ്പ്; പൃഥ്വിയെ ഒറ്റപ്പെടുത്തേണ്ട, എല്ലാം ലാല്‍ സാറിന് അറിയാമെന്ന് വ്യക്തമാക്കിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത് മൂന്നാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന്; ഖുറേഷി അബ്രാം ഇന്റര്‍പോള്‍ ഏജന്റോ? മുഖ്യമന്ത്രിയായി നാട് വാഴുമോ? 'അസ്രേല്‍' അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍

'അസ്രേല്‍' അണിയറയില്‍? വിവാദങ്ങള്‍ക്കിടെ ലൂസിഫര്‍ 3 ചര്‍ച്ചയാക്കി സാമൂഹ്യ മാധ്യമങ്ങള്‍

Update: 2025-04-01 11:24 GMT

തിരുവനന്തപുരം: വിവാദങ്ങള്‍ വേട്ടയാടുമ്പോഴും മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തിയറ്ററുകളില്‍ ഹൗസ്ഫുള്ളായി തന്നെ തുടരുകയാണ്. ലൂസിഫര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിന്റെ സൂചന നല്‍കിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നതും. എന്നാല്‍ എമ്പുരാന്‍ വലിയ വിവാദമായി മാറിയതോടെ ചിത്രത്തിന് ഇനി തുടര്‍ഭാഗം ഉണ്ടാകുമോ എന്ന സംശയത്തിലാണ് ആരാധകരിപ്പോള്‍. ഇതിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ഇത്തരം സംശയങ്ങളുടെയും ചര്‍ച്ചയുടേയുമൊന്നും ആവശ്യമില്ല ലൂസിഫര്‍ മൂന്നാം ഭാഗമെത്തുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് ഇന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

സിനിമ തുടക്കം മുതല്‍ മോഹന്‍ ലാലിന് അറിയാം.പ്രൃഥിരാജിനെ ഒറ്റ തിരിഞ്ഞ് കുറ്റപ്പെടുത്തേണ്ടതില്ല.മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നില്ല.ആരുടെയും ഭീഷണിയെ തുടര്‍ന്നല്ല റീ എഡിറ്റ്.ആരെയും വേദനിപ്പിക്കാതിരിക്കാനായിരുന്നു മോഹന്‍ലാലിന്റെ ഖേദ പ്രകടനം.മുരളി ഗോപി ഫേസ് ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.

'ഭയം എന്നുള്ളതല്ല. നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുന്നതാണല്ലോ. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിര്‍ദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങള്‍ക്കിടയില്‍ വിയോജിപ്പ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്. മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥ അറിയാം എനിക്കറിയാം മറ്റെല്ലാവര്‍ക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാന്‍ നിര്‍മിക്കണമെന്നും വരണമെന്നും. മോഹന്‍ലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. അറിയില്ല എന്ന് ഞങ്ങള്‍ എവിടേയും പറഞ്ഞട്ടുമില്ല. സിനിമയില്‍ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിംഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. റീ എഡിറ്റിംഗ് സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല', എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.


Full View

വിവാദങ്ങള്‍ കത്തിച്ച് എമ്പുരാന്റെ കുതിപ്പ്

ലൂസിഫറിന്റെ വിജയത്തിന് കാരണമായത് അസാധാരണമായ ഹൈപ്പും മാര്‍ക്കെറ്റിംഗ് തന്ത്രവുമാണെങ്കില്‍ രണ്ടാം ഭാഗമായ എമ്പുരാന്റെ വിജയത്തിന് കാരണമായത് സംഘപരിവാറിന്റെ എതിര്‍പ്പാണ്. ഈ എതിര്‍പ്പ് ഉറപ്പാക്കാനാണ് സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് ആരാധകര്‍ ക്രെഡിറ്റ് ലൈനും വായിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞത്. അത് യഥാര്‍ത്ഥത്തില്‍ സിനിമയുടെ രാഷ്ട്രീയമായിരുന്നു. അങ്ങനെ പ്രേക്ഷകര്‍ അത് കണ്ടും കേട്ടും യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് വിശ്വസിച്ച് ഇവിടൊരു കലാപമുണ്ടാക്കണമെന്ന് തന്നെയായിരുന്നു പൃഥ്വിരാജിന്റെ മനസ്സിലിരിപ്പ്. അതുകൊണ്ട് ഈ വിവാദത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പൃഥ്വിരാജാണ്. ഈ വിവാദത്തോടെ ചിത്രം പൃഥ്വിരാജ് ഉദ്ദേശിച്ച തലത്തിലേക്കെത്തും.

ചിത്രം സെന്‍സര്‍ ചെയ്യുന്നതിന് മുന്നേ തീയേറ്ററുകളില്‍ ജനം ഇരച്ചുകയറിയതും ഒരു മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ്. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് മോഹന്‍ലാലും പൃഥ്വിരാജും മുന്‍പ് പറഞ്ഞിരുന്നു. മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് രണ്ടാം ഭാഗം അവസാനിക്കുന്നതും. രണ്ടില്‍ വേണ്ട പോലെ കാണിക്കാത്ത റാവുത്തര്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ അവതരിപ്പിച്ച റാവുത്തര്‍ എന്ന കഥാപാത്രം ഒരിക്കല്‍ മാത്രമാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അത് വളരെ തമാശ കലര്‍ന്ന ഒരു പ്രത്യക്ഷപ്പെടലാണ്. ഗോവര്‍ധനോട് ഫോണില്‍ സംസാരിക്കുന്ന ഒരു കാര്യം പറയാന്‍ വേണ്ടി നാടകീയമായ സീനുണ്ടാക്കി തോളില്‍ കുത്തി എന്തിന് വിദേശത്തേക്ക് കൊണ്ട് പോയി എന്ന ചോദ്യം ബാക്കിയാവുന്നു.

എന്നാല്‍ സിനിമയുടെ അവസാനത്തില്‍ മൂന്നാം ഭാഗത്തിന്റെ സൂചനയായി പറയുന്ന ചില വാക്കുകളില്‍ റാവുത്തറിനെ കുറിച്ച് പറയുന്നുണ്ട്. അബ്രാം ഖുറേഷി മുംബൈ അധോലകത്തില്‍ നിന്നാണ് തുടങ്ങിയതെന്ന് പറയുന്നു. അതിന് വേണ്ടി ചില സൂചനകളും നല്‍കുന്നുണ്ട്. അവിടെയാണ് റാവുത്തര്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുക. റാവുത്തര്‍ കീഴടക്കി സ്റ്റീഫന്‍ നെടുമ്പള്ളി അധോലോകം സ്ഥാപിച്ച കഥയാവാം മൂന്നാം ഭാഗത്തില്‍. യഥാര്‍ത്ഥത്തില്‍ അബ്രാം ഖുറേഷി ആരാണെന്ന് ആദ്യ ഭാഗത്തിലും പറയുന്നില്ല രണ്ടാം ഭാഗത്തിലും പറയുന്നില്ല. രണ്ട് മുഴുനീള സിനിമ കണ്ടിട്ടും സാധാരണക്കാരായ പ്രേക്ഷകര്‍ ചോദിക്കുന്നു ആരാണ് അബ്രാം ഖുറേഷിയെന്ന്. അദ്ദേഹം മയക്ക് മരുന്ന് കച്ചവടക്കാരനാണോ, സ്വര്‍ണ കച്ചവടക്കാരനാണോ അല്ലെങ്കില്‍ പിന്നെ എന്താണ് അദ്ദേഹത്തിന്റെ കച്ചവടം.

ഇന്റര്‍പോളിന്റെ ഏജന്റോ

സൈനിക ഹെലികോപ്ടറില്‍ വന്ന് എതിരാളികളെ കൊന്ന് തള്ളുന്ന അബ്രാം ഖുറേഷി ലഹരി കടത്തുന്നതോ സ്വര്‍ണം കടത്തുന്നതോ ഒന്നും തന്നെ നമ്മള്‍ ആരും കണ്ടില്ല. പിന്നെ എന്താണ് അബ്രാം ഖുറേഷി. ഈ ഭാഗങ്ങളിലും അതിന് ഉത്തരം പറഞ്ഞിട്ടില്ല. ആ ഉത്തരമാണ് മൂന്നാം ഭാഗത്തേക്ക് മാറ്റി വെച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളും വിലയിരുത്തിയാല്‍ അബ്രാം ഖുറേഷി ഒരു സൂപ്പര്‍ ഹീറോയാണെന്ന് മനസ്സിലാകും. ഇന്റര്‍പോളിന്റെ സൂപ്പര്‍ ഹീറോയായ ഒരു ഏജന്റാവാനാണ് സാധ്യത. ചിത്രത്തില്‍ ഇന്റര്‍പോളിന്റെ തലവനായ വെള്ളക്കാരനുമായി അബ്രാം ഖുറേഷി സംസാരിക്കുന്ന രംഗമുണ്ട്. ഖുറേഷിയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന രംഗം.

ഈ രംഗം മൂന്നാം ഭാഗത്തേക്കുള്ള വ്യക്തമായ സൂചനയാണ്. പ്രേക്ഷകര്‍ കരുതിയത് പോലെ അബ്രാം ഖുറേഷി അധോലോക നായകനല്ല മറിച്ച് ഇന്റര്‍പോളിന്റെ സൂപ്പര്‍ ഹീറോയായ ഒരു ഏജന്റാകാനാണ് സാധ്യത. മുംബൈയില്‍ ജൂനിയര്‍ ഓഫീസറായി ജോലിക്ക് എത്തുമ്പോള്‍ റാവുത്തറെ കീഴ്പ്പെടുത്തിയാവാം അബ്രാം ഖുറേഷി തന്റെ പണി തുടങ്ങുന്നത്. പികെആറിന്റെ മരുമകനായ ബോബി ലഹരിക്കടത്തിന്റെ അംഗമാണെന്ന് അറിഞ്ഞതും അത് വ്യക്തമാക്കി പികെആറിനെ സംരക്ഷിക്കുന്നതും അബ്രാം ഖുറേഷി തന്നെയാണ്. എന്നാല്‍ അബ്രാം ഖുറേഷി പികെആറിന്റെ അനൗദ്യോഗിക മകനായിരുന്നു എന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് നിലനില്‍ക്കുന്നു.

ഒരു പക്ഷെ ഓഫിസര്‍ എന്ന നിലയില്‍ തന്നെയാകാം പികെആറുമായുള്ള ബന്ധവും. എന്നാല്‍ സൂപ്പര്‍ ഹീറോയായി നന്മ മരം ഇന്റര്‍പോളിന്റെ ഏജന്റ് ആവുകയും അധോലോക സംവിധാനങ്ങളെ മുഴുവന്‍ തച്ചുടയ്ക്കുകയും, അങ്ങനെ സ്റ്റീഫന്‍ നെടുമ്പള്ളി എംഎല്‍എയായി കേരളത്തിന്റെ മുഖ്യമന്ത്രിയായി നന്മ വിതക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ മാറാം. എമ്പുരാന്‍ രണ്ടാം ഭാഗത്തിന്റെ സൂചനകളില്‍ നിന്നും നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് തന്നെയാണ്. മൂന്നാം ഭാഗത്തിലേക്ക് നീട്ടി കൊണ്ട് പോകുന്നതിന് തന്നെയാണ് ക്ലൈമാക്‌സില്‍ ചൈനക്കാരനായ വില്ലനെ അവതരിപ്പിക്കുന്നതും.

ആ മാഫിയ തലവനുമായുള്ള പോരാട്ടം തന്നെയായിരിക്കാം മൂന്നാം ഭാഗത്തിന്റെ ഹൈലൈറ്റ് അങ്ങനെ അബ്രാം ഖുറേഷിയുടെ കഥ മൂന്നാം ഭാഗത്തിലൂടെ പറഞ്ഞ് അവസാനിപ്പിക്കാനായിരിക്കും നീക്കം. പക്ഷെ ഒരു പ്രശ്നം മാത്രം ബാക്കിയാകുന്നു. രണ്ടാം ഭാഗത്തില്‍ കബളിപ്പിക്കപ്പെട്ടതിനാല്‍ പ്രേക്ഷകര്‍ മൂന്നാം ഭാഗത്തിനായി ഇറങ്ങി ചെല്ലുമോ. രണ്ടാം ഭാഗത്തിനേക്കാള്‍ മികവ് അടുത്ത ഭാഗത്തിന് പുലര്‍ത്തേണ്ടതുണ്ട്. അതിനാല്‍ ഇപ്പോള്‍ മുടക്കിയ 228 കോടിയേക്കാള്‍ അടുത്ത ഭാഗത്തിനായി മുടക്കിയാല്‍ ലാഭം ഉണ്ടാക്കാനാകുമോ ഇതെല്ലാം നിശ്ചയിക്കുന്നത് എമ്പുരാന്റെ വിജയം കണക്കിലെടുത്താവും. ഈമ്പുരാന്‍ പ്രതീക്ഷിച്ചത് പോലെ 350 കോടിക്ക് മുകളിലേക്ക് മാറുകയും വലിയ വിജയമാവുകയും പാന്‍ ഇന്ത്യന്‍ സിനിമയായി മാറുന്ന സാഹചര്യവും ഉണ്ടായാല്‍ മൂന്നാം ഭാഗം ഉറപ്പാക്കും.

ലൂസിഫര്‍ 3 അസ്രേല്‍

ലൂസിഫര്‍ 3 വന്നാല്‍ ചിത്രത്തിന്റെ പേര് എന്തായിരിക്കുമെന്ന തരത്തിലും ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തുടരുകയാണ്. 'ലൂസിഫര്‍' എന്ന പേരിന്റെ അര്‍ഥം- ദൈവത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖ അഥവാ സാത്താന്‍ എന്നാണ്. ചിത്രത്തില്‍ ദൈവമെന്ന വിശേഷണത്തോടെയാണ് പികെ രാംദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് വിട്ട്, പള്ളിയും ആശ്രമവും ഉപേക്ഷിച്ച് സാത്താന്റെ വഴിയിലേക്ക് സഞ്ചാരം തുടങ്ങിയവനാണ് ആദ്യഭാഗത്തിലെ നായകന്‍ സ്റ്റീഫന്‍. സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മാലാഖയാണ് താനെന്ന് സ്റ്റീഫന്‍ തന്നെ പറയുന്നുണ്ട്. രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍, ദൈവത്തിന് വേണ്ടി കാര്യങ്ങള്‍ നടത്തുന്ന വ്യക്തിയെ ആണ് എമ്പുരാന്‍ എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്.

എമ്പുരാന്‍ എന്നത് ഒരു രാജാവിനേക്കാള്‍ മുകളിലാണ്. എന്നാല്‍ ദൈവത്തെക്കാള്‍ താഴ്ന്നവനുമാണ്. 'ദ് ഓവര്‍ലോര്‍ഡ്' അതാണ് എമ്പുരാന്റെ ശരിയായ അര്‍ഥം'. പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞതാണ് ഇത്. ലൂസിഫറിന്റെ മൂന്നാം ഭാഗത്തിന് അസ്രേല്‍ എന്നായിരിക്കും പേര് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരണത്തിന്റെ മാലാഖ എന്നാണ് അസ്രേല്‍ എന്ന വാക്കിനര്‍ഥം. ജൂത, ഇസ്ലാമിക വിശ്വാസങ്ങളിലാണ് അസ്രേല്‍ എന്ന മരണത്തിന്റെ മാലാഖയെക്കുറിച്ച് പറയുന്നത്. എന്തായാലും ലൂസിഫറും എംപുരാനും പോലെ തന്നെ ഒരു ബിഗ് മൂവി തന്നെയായിരിക്കും അസ്രേല്‍ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷയും.

Tags:    

Similar News