'അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായി'; രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പില്‍ എംപിയുടെ മൗനം പരിഹാസമായി തോന്നി; താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടാം; സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്ന് എംഎ ഷഹനാസ്
'അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായി';
കോഴിക്കോട്: മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള സ്ത്രീകള്‍ക്കുവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെപിസിസി സാംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പില്‍ എംപിയുടെ മൗനം പരിഹാസമായി തോന്നിയെന്നും അവര്‍ പറഞ്ഞു. താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്തുവിടുമെന്നും അവര്‍ മാദ്ധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നടപടികളെയും സൈബര്‍ ആക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.രാഹുലില്‍ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇന്നലെയാണ് ഷഹനാസ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ അന്നത്തെ സംഭവത്തില്‍ ഷഹനാസ് കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.
'എനിക്കു മാത്രമല്ല രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടാത്. മറ്റുള്ളവര്‍ക്കും സമാന അനുഭവം ഉണ്ടായെന്ന് അറിഞ്ഞതോടെയാണ് അന്ന് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിനോട് വിവരം സൂചിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസെന്ന് പ്രസ്ഥാനം ഒരുപാട് പെണ്‍കുട്ടികള്‍ക്ക് കടന്നുവരാന്‍ സാദ്ധ്യതയുള്ള ഒരു സ്ഥലമാണ്. രാഹുലിനെപോലുള്ളവര്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റാകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധമുട്ടുണ്ടാകുമെന്നാണ് ഞാന്‍ ഷാഫിയോട് പറഞ്ഞത്. എന്നാല്‍ ഷാഫി അതിനൊരു പരിഗണനയും തന്നില്ല.
ഇത്തരത്തില്‍ അനുഭവമുണ്ടായ സ്ത്രീകളോട് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഷാഫിക്കുണ്ട്. ഞാന്‍ പറയുന്നത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ ശക്തമായ തെളിവുകള്‍ നിരത്തും. അതിന് ഒരുമടിയുമില്ല. കാരണം അവരൊക്കെ അങ്ങനെ പറയും പ്രവര്‍ത്തിക്കും എന്നൊക്കെ അറിയാത്ത വിഢിയല്ല ഞാന്‍. ഒരു തെളിവുമില്ലാതെ പരസ്യമായി കാര്യങ്ങള്‍ പറയുന്ന ഒരു പൊട്ടിയല്ല ഞാന്‍. ചിലപ്പോള്‍ എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമായിരിക്കും. എന്നിട്ടുപോലും ഞാനിത് പറയുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധീതമായ ഒരു സ്ത്രീപക്ഷം ഉണ്ടാകണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്'- ഷഹനാസ് പറഞ്ഞു.
ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സമയത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായ സന്ദേശം അയച്ചതെന്ന് ഷഹനാസ് പറഞ്ഞു. ഷഹനാസിന്റെ വാക്കുകളില്‍: 'കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, 'എന്താണ് നിങ്ങള്‍ ഞങ്ങളോട് പറയാതെ പോയതെന്ന്' രാഹുല്‍ മെസേജ് അയച്ചിരുന്നു. വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു പോകാനാണെങ്കില്‍ വീണ്ടും പോകാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മള്‍ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. അതിനുള്ള ഉത്തരം അന്ന് ഞാന്‍ കൊടുത്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മോശം പെരുമാറ്റം സംബന്ധിച്ച് കൃത്യമായ തെളിവുകളോടെ ഷാഫി പറമ്പിലിന് മെസേജ് അയച്ചിരുന്നുവെന്ന് ഷഹനാസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസില്‍ വനിതാ പ്രവര്‍ത്തകര്‍ക്ക് രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ടതായി തനിക്ക് അറിയാമെന്നും ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു എന്നും ഷഹനാസ് ആരോപിച്ചു.
രാഹുലിനെ അധ്യക്ഷനാക്കരുത് എന്ന് താന്‍ ഷാഫിയോട് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നത് ജെ.എസ്. അഖിലിനെ ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം തള്ളിയാണ് ഷാഫി പറമ്പില്‍ രാഹുലിനെ പ്രസിഡന്റാക്കിയതെന്നും അവര്‍ വെളിപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ മെമ്പര്‍ഷിപ്പ് ചേര്‍ത്താണ് രാഹുല്‍ അധ്യക്ഷനായതെന്ന ആരോപണം സംഘടനയില്‍ നിന്നുതന്നെ ഉയര്‍ന്നതാണെന്നും ഷഹനാസ് പറഞ്ഞു.
എം.കെ. മുനീര്‍ എം.എല്‍.എയുമായി തന്നെ ചേര്‍ത്ത് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അപവാദ പ്രചരണം നടത്തിയിരുന്നു. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫി പറമ്പിലിന് പരാതി നല്‍കിയിട്ടും തനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പിന്നീട് ഉണ്ടായതെന്നും ഷഹനാസ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയില്‍ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി.
