എറണാകുളം മണ്ഡലത്തിന്റെ ചരിത്രം തിരുത്തി ആദ്യമായി ഇടതുമുന്നണി ജയിച്ച് കയറിയത് സാനു മാസ്റ്ററുടെ ജനസമ്മതിയില്‍; 1987ല്‍ എ എല്‍ ജേക്കബിനെ കീഴടക്കി എംഎല്‍എ ആയെങ്കിലും പാര്‍ട്ടിയില്‍ ചേരാനുളള ക്ഷണം നിഷ്‌ക്കരുണം തള്ളി; എഴുത്തിന്റെ വഴിയേ സഞ്ചരിക്കേ ജനപ്രതിനിധിയായത് സാക്ഷാല്‍ ഇം എം എസ് നേരിട്ട് ആവശ്യപ്പെട്ടതോടെ; എം കെ സാനു ജനപ്രതിനിധിയായി തിളങ്ങിയത് ഇങ്ങനെ

എം കെ സാനു ജനപ്രതിനിധിയായി തിളങ്ങിയത് ഇങ്ങനെ

Update: 2025-08-02 13:52 GMT

കൊച്ചി: എന്നും എഴുത്തിന്റെ വഴിയായിരുന്നു സാനുമാസ്റ്റര്‍ക്ക് പഥ്യമെങ്കിലും ക്യത്യമായ രാഷ്ട്രീയ നിലപാടുകളും, അഭിപ്രായങ്ങളും കാത്തുസൂക്ഷിച്ച ആളായിരുന്നു അദ്ദേഹം. ഇടതുപക്ഷ രാഷ്ട്രീയത്തോട് ചേര്‍ന്നുനിന്നെങ്കിലും ഒരിക്കലും പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍ കയറിക്കൂടാന്‍ അദ്ദേഹം ശ്രമിച്ചില്ല. അതിന് സിപിഎമ്മില്‍ നിന്ന് വന്ന ക്ഷണങ്ങള്‍ അദ്ദേഹം നിരസിക്കുകയും ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം അദ്ധ്യക്ഷ സ്ഥാനത്തിനിരിക്കെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ സാനുമാസ്റ്ററുടെ പ്രതികരണശേഷിയാണ് ഇടതുപക്ഷം ശ്രദ്ധിച്ചത്. എഴുത്തും വായനയുമായി കഴിഞ്ഞു കൂടിയ എം കെ സാനുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെതിരെ, ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാനായിരുന്നു ആദ്യക്ഷണം കിട്ടിയത്.

മത്സരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതോടെ ഇ എം എസ് നമ്പൂതിരിപ്പാട് സാനുമാസ്റ്ററോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. താനേറെ ആദരിക്കുന്ന ഇ എം എസിന്റെ വാക്കുകള്‍ തള്ളാന്‍ അദ്ദേഹത്തിന് ആവുമയിരുന്നില്ല. ജാതി-മത വിഭാഗങ്ങളോട് ചേര്‍ന്ന് നില്‍ക്കാതെ തത്വാധിഷ്ഠിത രാഷ്ട്രീയ മത്സരമാണ് അത്തവണ ഉദ്ദേശിക്കുന്നതെന്ന് ഇ എം എസ് ധരിപ്പിച്ചപ്പോള്‍ സാനുമാസ്റ്റര്‍ക്ക് തള്ളാനായില്ല.

എറണാകുളം മണ്ഡലത്തിന്റെ തന്നെ ചരിത്രം തിരുത്തിയാണ് സാനു മാസ്റ്ററിലൂടെ ഇടതുമുന്നണി അവിടെ ജയിച്ചുകയറിയത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടായിരുന്നു മത്സരം. പ്രമുഖരായ അച്യുതമേനോന്‍, ഗൗരിയമ്മ ഉള്‍പ്പടെയുള്ളവര്‍ സാനുമാസ്റ്റര്‍ക്ക് വേണ്ടി വോട്ടുചോദിക്കാന്‍ ഇറങ്ങി. തോപ്പില്‍ ഭാസിയും മലയാറ്റൂര്‍ രാമകൃഷ്ണനുമൊക്കം സാംസ്‌കാരിക ലോകത്ത് നിന്ന് വോട്ടുപിടിക്കാന്‍ എത്തി. ഇടതുപക്ഷത്തിന് പൊതുവെ എതിരായവര്‍ പോലും സാനു മാസ്റ്ററുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചു.

ജയിച്ചുകയറിയ സാനുമാസ്റ്റര്‍ നിയമസഭയിലും തിളങ്ങി. വായനയിലൂടെ ആര്‍ജ്ജിച്ച അറിവും അദ്ധ്യാപന പരിചയവും പ്രസംഗ പാടവവും സഭയില്‍ അദ്ദേഹത്തിന് തുണയായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന ബില്ല് അവതരിപ്പിച്ചു. ഗോശ്രീപാലങ്ങള്‍ യാഥാര്‍ഥ്യമാക്കാനും സഭയില്‍ മാഷ് ശബ്ദമുയര്‍ത്തി. ഗന്ഥശാല ബില്ലും അവതരിപ്പിച്ചു.

എന്നാല്‍, രണ്ടാം വട്ടം മത്സരിക്കാന്‍ ക്ഷണം വന്നപ്പോള്‍, താന്‍ സ്ഥിരം രാഷ്ട്രീയക്കാരനല്ലെന്ന നിലപാടാണ് എം കെ സാനു സ്വീകരിച്ചത്. എംഎല്‍എയായപ്പോള്‍ പാര്‍ട്ടിയില്‍ ചേരാനും ക്ഷണം കിട്ടിയെങ്കിലും അത് അദ്ദേഹം നിരസിക്കുകയാണുണ്ടായത്. പുതതലമുറ രാഷ്ട്രീയത്തോട് മുഖം തിരിച്ചുനില്‍ക്കുന്നതിനോടും അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു.

രാഷ്ട്രീയത്തെ തള്ളിപ്പറയുന്നത് അപകടമാണെന്ന അഭിപ്രായമാണ് അദ്ദേഹം പുലര്‍ത്തിയത്.എറണാകുളത്ത് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെല്ലാം സാനു മാസ്റ്ററുടെ അനുഗ്രഹം തേടുന്നതും പതിവായിരുന്നു. എല്ലാവരെയും സ്വീകരിക്കുമെങ്കിലും തന്റെ രാഷ്ട്രീയ േേബാധ്യങ്ങളില്‍ അദ്ദേഹം ഉറച്ചുനിന്നു.

Tags:    

Similar News