കാലിന് വേദന ആയതുകൊണ്ട് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ചെയ്‌തെന്ന എഡിജിപിയുടെ വാദം ദുര്‍ബലം; എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല; നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയുടെ റിപ്പോര്‍ട്ട്; പൂരം അലങ്കോലത്തിലും ട്രാക്ടര്‍ വിവാദത്തിലും നടപടി ഇനി മുഖ്യമന്ത്രിയുടെ കോര്‍ട്ടില്‍

എം ആര്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല

Update: 2025-07-24 12:32 GMT

തിരുവനന്തപുരം: വിവാദമായ ശബരിമല സന്നിധാനത്തേക്കുളള ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപിയുടെ ശുപാര്‍ശ. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാര്‍ശ ചെയ്യുന്നു.

ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് വീഴ്ച പറ്റിയെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലിന് വേദന ആയതിനാലാണ് ട്രാക്ടറില്‍ സഞ്ചരിച്ചതെന്ന് അജിത്കുമാര്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇത് തീര്‍ത്തും ദുര്‍ബലമായ വാദമാണെന്നാണ് റാവാഡ ചന്ദ്രശേഖര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം നടപടികള്‍ പൊലീസില്‍ ആരും ആവര്‍ത്തിക്കരുതെന്നും ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി.

പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി വിധി. ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ നിരോധനം വകവെയ്ക്കാതെയാണ് അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത്.

രാത്രി പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം, അപകടം ഉണ്ടാക്കുംവിധം യാത്ര നടത്തിയതിന്റെ എല്ലാ ഉത്തരവാദിത്വവും ട്രാക്ടര്‍ ഡ്രൈവര്‍ക്കാണെന്ന പൊലീസ് നിലപാടിന് എതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിയമലംഘനത്തിന് പ്രേരിപ്പിച്ച എഡിജിപിയെകുറിച്ച് എഫ്‌ഐആറില്‍ ഒരു പരാമര്‍ശവുമില്ല.

തൃശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും, ഗുരുതര വീഴ്ചയുണ്ടായെന്നും കാട്ടി ആഭ്യന്തര സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. വേണ്ട രീതിയില്‍ കാര്യങ്ങള്‍ ഏകോപിപ്പിച്ചില്ലെന്നും, മന്ത്രിമാര്‍ ഉള്‍പ്പെടെ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ട്രാക്ടര്‍ യാത്രയിലും പൂരം അലങ്കോലത്തിലും എഡിജിപിക്കെതിരെ നടപടി എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്.

Tags:    

Similar News