എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ; ആറാം തവണയും കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി ഡിജിപി; കേന്ദ്രം ഇക്കുറി എന്ത് നിലപാട് സ്വീകരിക്കും? ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച വിവാദത്തിലായത് മെഡല്‍ ലക്ഷ്യമിട്ടെന്ന ആരോപണത്തില്‍
എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ;
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നല്‍കിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. അന്നൊക്കെ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായിരുന്നു.
അജിത് കുമാര്‍ സ്ഥാനക്കയറ്റത്തിന്റെ വക്കില്‍ നില്‍ക്കുന്നതിനിടെയാണ് വീണ്ടും ശുപാര്‍ശ. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മെഡല്‍ ലഭിച്ചിരുന്നു. മെഡലിന് വേണ്ടിയാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്നുവെന്ന് ഡിജിപിയുടെ ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചത്.
പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത്. ഫ്‌ലാറ്റ് മറിച്ചു വില്‍ക്കല്‍, വീട് നിര്‍മാണം എന്നിവയില്‍ മാത്രമാണ് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്. നെയ്യാറ്റിന്‍കര കോടതി പരിഗണിക്കുന്ന അന്യായത്തിലായിരുന്നു വിജിലന്‍സിന്റെ മറുപടി. പി.വി. അന്‍വറിന്റെ മറ്റ് ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും വിജിലന്‍സ് അറിയിച്ചിരുന്നു.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എം.ആര്‍. അജിത് കുമാര്‍ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ചിരുന്നു. ആറ് ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് പട്ടികയിലുള്ളത്.
മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, സുരേഷ് പുരോഹിത്, എം.ആര്‍.അജിത്കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരെല്ലാവരും സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സന്നദ്ധരാണെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബിനെ അറിയിച്ചിട്ടുണ്ട്.
സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണു പട്ടികയെങ്കില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ ഇടംപിടിക്കും. വിരമിക്കാന്‍ 6 മാസം ബാക്കിയുള്ളവരെയാണ് പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുക. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള രവാഡ ചന്ദ്രശേഖറും സുരേഷ് പുരോഹിതും മടങ്ങിവരാനുള്ള സാധ്യത കുറവാണ്. ഇതോടെ മനോജ് ഏബ്രഹാം കേന്ദ്രപട്ടികയില്‍ ഉള്‍പ്പെടും. പൊലീസ് മേധാവി സ്ഥാനത്തേക്കു സീനിയോറിറ്റി പരിഗണിക്കപ്പെട്ടാല്‍ നിതിന്‍ അഗര്‍വാളിനാണ് സാധ്യത. എന്നാല്‍ സീനിയോറിറ്റി മറികടന്ന് നിയമനം നടത്തുന്ന പതിവ് തുടര്‍ന്നാല്‍ വിജിലന്‍സ് മേധാവിയായ യോഗേഷ് ഗുപ്തയും മനോജ് ഏബ്രഹാമും പരിഗണിക്കപ്പെട്ടേക്കും.
റോഡ് സേഫ്റ്റി കമ്മിഷണര്‍ ആയ ഉത്തര്‍പ്രദേശ് സ്വദേശി നിതിന്‍ അഗര്‍വാള്‍ 1989 ബാച്ച് ഉദ്യോഗസ്ഥനാണ്. 2026 വരെയാണ് സര്‍വീസ് കാലാവധിയുള്ളത്. ബിഎസ്എഫ് ഡയറക്ടര്‍ ആയിരുന്ന നിതിന്‍ അഗര്‍വാള്‍ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് കേരളത്തിലേക്കു മടങ്ങിത്തെിയത്. സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഡിജിപിയാണ് അദ്ദേഹം. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനേക്കാള്‍ സീനിയറാണ് നിതിന്‍ അഗര്‍വാള്‍. പട്ടികയിലുള്ള രവാഡ ചന്ദ്രശേഖര്‍ 1991 ബാച്ചാണ്. 2026 വരെയാണ് അദ്ദേഹത്തിനും സര്‍വീസ് ഉള്ളത്. സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോ സ്പെഷല്‍ ഡയറക്ടര്‍ ചുമതലയില്‍ കേന്ദ്ര ഡപ്യൂട്ടേഷനിലാണ് ഇദ്ദേഹം. 1994ല്‍ 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ പ്രതിയായിരുന്ന രവാഡ ചന്ദ്രശേഖറിനെ 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.
നിലവില്‍ വിജിലന്‍സ് മേധാവിയായ മഹാരാഷ്ട്ര സ്വദേശി യോഗേഷ് ഗുപ്ത 1995 ബാച്ച് ഉദ്യോഗസ്ഥനാണ്. 2030 വരെയാണ് സര്‍വീസ് കാലാവധി. പട്ടികയിലുള്ള നാലാമനായ മനോജ് ഏബ്രഹാം നിലവില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയാണ്. 1994 ബാച്ചുകാരനായ മനോജിന് 2031 വരെയാണ് സര്‍വീസ് ഉള്ളത്. അഗ്നിശമനസേനാ മേധാവി കെ.പത്മകുമാര്‍ വിരമിക്കുന്ന ഒഴിവില്‍ ഈ മാസം 30ന് മനോജ് ഏബ്രഹാമിനു ഡിജിപി റാങ്ക് ലഭിക്കും. ഇതോടെ, നിലവിലുള്ള ക്രമസമാധാനച്ചുമതല അദ്ദേഹം ഒഴിയും. എസ്പിജിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സുരേഷ് രാജ് പുരോഹിതും പട്ടികയിലുണ്ട്. 1995 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2027 വരെയാണ് സര്‍വീസ് കാലാവധി.
വിവാദങ്ങള്‍ക്കൊടുവില്‍ പട്ടികയില്‍ ഇടംപിടിച്ച ബറ്റാലിയന്‍ എഡിജിപി എം.ആര്‍.അജിത്കുമാര്‍ 1995 ബാച്ച് ഉദ്യോഗസ്ഥാനാണ്. 2028 വരെയാണ് സര്‍വീസ്. രവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്കു മടങ്ങിയില്ലെങ്കില്‍ ഡിജിപി ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവില്‍ എം.ആര്‍.അജിത്കുമാറിന് ജൂലൈ ഒന്നിന് ഡിജിപി റാങ്ക് ലഭിക്കും.