എംടി 'കാലം' എഴുതുന്നതിന് മുന്‍പ് ആദ്യ ഭാര്യ അതേ പേരില്‍ കഥയെഴുതി; പ്രവചന സ്വഭാവത്തോടെ എഴുതിയ കഥ തന്നെ പ്രമീളയുടെ ജീവിതമായി; എംടിയുടെ മരണ ശേഷവും ചര്‍ച്ചയില്‍ തുടരുന്നത് എംടിയെ ലോകത്തിന് ആദ്യം പരിചയപ്പെടുത്തിയ ആദ്യ ഭാര്യ
എംടി 'കാലം' എഴുതുന്നതിന് മുന്‍പ് ആദ്യ ഭാര്യ അതേ പേരില്‍ കഥയെഴുതി;
കോഴിക്കോട്: കേരളത്തിന്റെ അഭിമാനമായിരുന്നു എം ടി വാസുദേവന്‍ നായരുടെ വിയോഗത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആഭ്യ ഭാര്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മലയാളി സമൂഹം ശ്രദ്ധിച്ചത്. ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതയായിരുന്നില്ല പ്രമീള നായര്‍ എന്ന എംടിയുടെ ആദ്യ ഭാര്യ. ഈ ദാമ്പത്യത്തിലാണ് സിത്താര എന്ന മകളും എംടിക്ക് ഉണ്ടായത്. പാതിയില്‍ മുറിഞ്ഞ ഈ ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സൈബറിടത്തില്‍ അടക്കം കുറച്ചു ദിവസങ്ങളായി നടക്കുന്നത്.
എം ടി വാസുദേവന്‍ നായരേക്കാള്‍ മൂന്നു വയസ്സോളം കൂടുതലുണ്ടായിരുന്നു പ്രമീളയ്ക്ക്. എഴുത്തിന്റെ കാര്യത്തിലാണെങ്കില്‍ എംടിയുടെ സമകാലികയും, വേണമെങ്കില്‍ എംടിയേക്കാള്‍ മുന്നേ എഴുത്തു തുടങ്ങിയെന്നും പ്രമീള നായരെ കുറിച്ചു പറയാം. എഴുത്തുകാരിയും വിവര്‍ത്തകയുമായിരുന്ന പ്രമീളാ നായരുമായുണ്ടായിരുന്ന ദാമ്പത്യം അദ്ദേഹം അധികം പൊതുവേദിയില്‍ പറഞ്ഞിരുന്നില്ല.
എം ടി 'കാലം' നോവല്‍ എഴുതുന്നതിന് മുമ്പ് അതേപേരില്‍ പ്രമീള നായര്‍ കഥ എഴുതിയിരുന്നു. ഒരു മകളുണ്ടായിട്ടും തകര്‍ന്ന ഒരു വിവാഹ ബന്ധത്തിന്റെ കഥയായിരുന്നു 'കാലം'. അന്ന് ആ കഥയില്‍ പറഞ്ഞ കാര്യങ്ങള്‍ പില്‍ക്കാലത്ത് അവരുടെ ജീവിതത്തില്‍ തന്നെ സംഭവിച്ചു എന്നതാണ് യാദൃശ്ചികമായി സംഭവിച്ച കാര്യം. എംടിയില്‍ നിന്നും വിവാഹ മോചിതയായ പ്രമീള ദേവി മകള്‍ സിത്താരയുമൊത്ത് വേറിട്ട ജീവിതമാണ് പിന്നീട് നയിച്ചത്.
പ്രമീള എഴുതിയ കഥയിലെ നായികയും നായകനും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു. തുടര്‍ന്ന് വിവാഹ ബന്ധത്തിലേക്ക് കടന്നപ്പോള്‍ താളപ്പിഴകളുണ്ടായി. കടവും വരവുചിലവുമെല്ലാം പ്രശ്‌നങ്ങള്‍. വേലക്കാരിയുടെയും ഭര്‍ത്താവിന്റെയും ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും മദ്യലഹരിയില്‍ എത്തുന്ന ഭാര്യയുമെല്ലാമായിരുന്നു 'കാല' ത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടാന്‍ കഥാനാകിയ നിയമപോര്ാട്ടം നടത്തുന്നതുമെല്ലാമാണ് കഥ. ഈ നോവലിലെ കഥ പില്‍ക്കാലത്ത് അവരുടെ ജീവിതത്തില്‍ അതേപോലെ ഫലിച്ചു. 1979ലാണ് എംടി വാസുദേവന്‍ നായരുമായുള്ള കേസും വിവാഹ മോചനവുമെല്ലാം കോടതി കയറുന്നത്.
ഇതിനിടെ പ്രമീള ദേവിയുടെ ജീവിതവവുമായി കഴിഞ്ഞ ദിവസങ്ങളില്‍ മറുനാടന്‍ വാര്‍ത്ത നല്‍കുകയുണ്ടായി. പ്രമീള എഴുതിക 'കാലം' കഥയെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മറുനാടന്‍ വീഡിയോ തയ്യാറാക്കിയത്. ഇതില്‍ ഒരു എപ്പിസോഡില്‍ പ്രമീള നായരുടെ പുസ്തകത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ തിരുത്ത് ആവശ്യപ്പെട്ട് പൂര്‍ണ പബ്ലിക്കേഷന്‍സ് മറുനാടന് കത്തെഴുതി. പൂര്‍ണ മാനേജിംഗ് പാര്‍ട്‌നര്‍ എന്‍ ഇ മനോഹറാണ് മറുനാടന് കത്ത് നല്‍കിയത്.
പൂര്‍ണ പ്രസിദ്ധീകരിച്ചത് അവരുടെ ആത്മകഥാംശമുള്ള നോവല്‍ അല്ല, മറിച്ച് ചെറുകഥകളുടെ സമാഹാരമായ 'ഗൗതമി എന്ന പെണ്‍കുട്ടി'യാണ്. അവരുടെ ആത്മകഥാപരമായ നോവല്‍ 'നഷ്ടബോധങ്ങള്‍ ആണ്. അത് പ്രസിദ്ധീകരിച്ചത് പൂര്‍ണയല്ല 'ഗൗതമി എന്ന പെണ്‍കുട്ടി' ഒരു പതിപ്പ് മാത്രമാണ് പൂര്‍ണ പ്രസിദ്ധീകരിച്ചത് അതിന്റെ പകര്‍പ്പവകാശം പരേതയായ പ്രമീള നായരില്‍ നിക്ഷിപ്തമാണെന്നും പൂര്‍ണ കത്തില്‍ വ്യക്തമാക്കിയിരുന്നു. പൂര്‍ണ പ്രസിദ്ധീകരിച്ചത് ആത്മകഥാപരമായ നോവലാണ് എന്ന പരാമര്‍ശത്തിലാണ് പൂര്‍ണ തിരുത്തല്‍ വേണെന്നാണ് പൂര്‍ണ കത്തില്‍ ആവശ്യപ്പെടുന്നത്. ഈ കത്ത് അംഗീകരിച്ചു തിരുത്തല്‍ വരുത്തുന്നതായാണ് ഇത് സംബന്ധിച്ച വിവരം മറുനാടന്‍ വായനക്കാരിലേക്ക് പങ്കുവെക്കുന്നത്.
അതേസമയം എംടിയുടെ മഞ്ഞ്, നിന്റെ ഓര്‍മ്മക്ക്, ബന്ധനം, അയല്‍ക്കാര്‍, നിര്‍മാല്യം തുടങ്ങിയ സമാഹാരങ്ങള്‍ ഇംഗ്ലീഷിലേക്ക് വവിര്‍ത്തനം ചെയ്തത് പ്രമീളയായിരുന്നു. ആ അര്‍ത്ഥത്തില്‍ എംടിയെ ലോകത്തിന് പരിചയപ്പെടുത്തിയതും അവരാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം', 'മതിലുകള്‍', ടി.ദാമോദരന്റെ 1921 (തിരക്കഥ), പി.വി.തമ്പിയുടെ 'കൃഷ്ണപ്പരുന്ത്' തുടങ്ങിയവയും പ്രമീള ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തിരുന്നു. പ്രമീളയുടെ ബന്ധു നൈനിറ്റാളില്‍ ജോലി ചെയ്തിരുന്നു. മധുവിധുകാലത്ത് അദ്ദേഹത്തിന്റെ അതിഥികളായി എംടിയും പ്രമീളയും നൈനിറ്റാളില്‍ പോയി ഏതാനും ദിവസം തങ്ങുകയുണ്ടായി. അവിടെ നിന്നു തിരിച്ചു വന്ന ശേഷമാണ് എംടി 'മഞ്ഞ്' എഴുതിയത്. 'മഞ്ഞ്' നോവലിന്റെ ഇംഗ്ലിഷ് പരിഭാഷ വിവര്‍ത്തനസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി കരുതുന്നവരുണ്ട്.
ഒരു കാലത്ത് കോഴിക്കോട്ടെ എംബി ട്യൂട്ടോറിയല്‍സില്‍ ഒരേ കാലത്ത് അധ്യാപകരായിരുന്നു എംടിയും പ്രമീളയും. പത്തോ പതിനാലോ വര്‍ഷം മാത്രം നീണ്ട ആ ദാമ്പത്യത്തിന്റെ തകര്‍ച്ചയുടെ ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നു കരുതുന്നവരും എംടിയുടെ അക്കാല രചനകളില്‍ പ്രചോദനമായോ പ്രേരണയായോ പ്രമീളയുടെ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്നുണ്ട്. എംടിയെ ഇംഗ്ലിഷ് വായനക്കാര്‍ക്കു പരിചയപ്പെടുത്തിയതില്‍ പ്രമീളയുടെ വിവര്‍ത്തനങ്ങള്‍ക്കു വലിയ പങ്കുണ്ടെന്നും.
പ്രമീളാ നായരുമൊത്തു ജീവിതം തുടങ്ങിയതിനെക്കുറിച്ചു മലയാളനാട് വാരികയുടെ 1974ലെ ഓണപ്പതിപ്പില്‍ വി.ബി.സി.നായരുടെ പംക്തിയില്‍ എംടി പറയുന്നുണ്ട്: 'എന്റെ വിവാഹത്തിനു ക്ഷണക്കത്തുണ്ടായിരുന്നില്ല. ചടങ്ങുണ്ടായിരുന്നില്ല. എന്റെ കൂടെ എംബി ട്യൂട്ടോറിയലില്‍ ജോലി ചെയ്തിരുന്ന ഒരു സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു. പുസ്തകങ്ങളിലൂടെ ആരംഭിച്ചതാണ് സൗഹൃദം. അതു കൂടുതല്‍ അടുപ്പത്തിലെത്തി. ഓഫിസില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ അവര്‍ എനിക്കൊരു കുറിപ്പയച്ചു. അമ്മയുമായി വഴക്കാണെന്നും വൈഡബ്ല്യുസിഎയിലോ മറ്റോ ഒരു മുറി ഏര്‍പ്പെടുത്തണമെന്നുമായിരുന്നു കുറിപ്പിലെ ഉള്ളടക്കം. ആ കടലാസ് വലിച്ചുചീന്തി അപ്പോള്‍ തന്നെ മറുപടി എഴുതി:
എന്റെ ഫ്‌ലാറ്റില്‍ വന്ന് നിങ്ങള്‍ക്കു താമസിക്കാം. അവര്‍ വന്നു. എന്റെ വീട്ടുടമസ്ഥയ്ക്കു പ്രമീളയെ ഞാന്‍ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ഇതാണെന്റെ ഭാര്യ. പിറ്റേന്നു മുതല്‍ അപവാദങ്ങള്‍ വന്നു. ആരെല്ലാമോ ഉപദേശിച്ചു: റജിസ്റ്റര്‍ ചെയ്യണ്ടേ? അമ്പലത്തിനും പള്ളിക്കും കൊടുക്കാത്ത വിശുദ്ധി റജിസ്ട്രാര്‍ക്കു കൊടുക്കാന്‍ എനിക്കു താല്‍പര്യമുണ്ടായിരുന്നില്ല. അതു കൊണ്ടു റജിസ്റ്റര്‍ കച്ചേരിയിലും പോയില്ല'.
പാലക്കാട് വടവന്നൂരില്‍, തമിഴ്നാട് മുന്‍മുഖ്യമന്ത്രി എംജിആറിന്റെ തറവാടായ വലിയമരുത്തൂര്‍ കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ വാസുദേവന്‍ നായര്‍ കോഴിക്കോട് പുതിയറ മൂച്ചിക്കല്‍ കുടുംബാംഗം. കോഴിക്കോട് ജില്ലാ കോടതിയില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ദേവി. കോഴിക്കോട് ബിഇഎം സ്‌കൂള്‍, ക്രിസ്ത്യന്‍ കോളജ്, മംഗളൂരു സെന്റ് ആഗ്‌നസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പ്രമീളയുടെ വിദ്യാഭ്യാസം. പിന്നീട് കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ഗേള്‍സ് സ്‌കൂളില്‍ അധ്യാപികയായി. അതിനു മുന്‍പ്, ഇംഗ്ലിഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം അല്‍പകാലം കോഴി ക്കോട് എംബി ട്യൂട്ടോറിയല്‍സില്‍ ക്ലാസെടുത്തിരുന്നു.
എംടിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം പ്രമീള ദീര്‍ഘകാലം മകള്‍ സിതാരയ്ക്കൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് രോഗബാധിതയായി നീണ്ടകാലം ചികിത്സയില്‍ കഴിഞ്ഞു. കോഴിക്കോട് നടക്കാവില്‍ ക്രിസ്ത്യന്‍ കോളജിനു സമീപത്തെ വീട്ടിലായിരുന്നു അവസാനകാലം. 1999 നവംബര്‍ 10നു പ്രമേഹം മൂര്‍ച്ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.