ആശുപത്രി നടയിൽ പാഞ്ഞെത്തിയ ആംബുലൻസിൽ മുഴുവൻ വേദനിപ്പിക്കുന്ന കാഴ്ചകൾ; തണുത്ത് മരവിച്ച അവസ്ഥയിൽ ശരീരങ്ങൾ; കരഞ്ഞ് അലറിവിളിക്കുന്ന അമ്മമാർ; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം മരിച്ചത് 11 കുട്ടികളെന്ന് സർക്കാർ; നിരവധി പേർ നിരീക്ഷണത്തിൽ; വില്ലനായത് ആ 'കഫ് സിറപ്പ്'
മുംബൈ: വ്യാജ ചുമ സിറപ്പ് ഉപയോഗത്തെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 കുട്ടികൾ മരിച്ചു. സംഭവത്തെ തുടർന്ന് 1400ൽ അധികം പേർ നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്.
മധ്യപ്രദേശിലെ ചിന്ദ്വാഡയിൽ ഒൻപത് കുട്ടികളും രാജസ്ഥാനിലെ ഭരത്പൂർ, സിക്കാർ ജില്ലകളിൽ രണ്ട് കുട്ടികളുമാണ് മരിച്ചത്. നിരവധി കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്. കുട്ടികളുടെ കിഡ്നികൾ തകരാറിലായതാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആശുപത്രി നടയിലേക്ക് പാഞ്ഞെത്തിയ ആംബുലൻസിൽ മുഴുവൻ വേദനിപ്പിക്കുന്ന കാഴ്ചകൾ ആയിരുന്നു. തണുത്ത് മരവിച്ച അവസ്ഥയിൽ കുറെ ശരീരങ്ങൾ കണ്ട് കരഞ്ഞ് അലറിവിളിക്കുന്ന അമ്മമാർ. അങ്ങനെ ഒന്നും കണ്ടു നിൽക്കാൻ പറ്റാത്ത അവസ്ഥ തന്നെയായിരുന്നു ആശുപത്രിയിൽ.
രാജസ്ഥാനിലെ ഭരത്പൂർ, സിക്കാർ ജില്ലകളിൽ ചുമയുടെ സിറപ്പ് കഴിച്ചതിന് ശേഷം കുട്ടികളിൽ ഛർദ്ദി, മയക്കം, അസ്വസ്ഥത, തലകറക്കം, അബോധാവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടർന്ന് ഭരത്പൂർ ജില്ലയിലുടനീളം ഈ മരുന്ന് വിതരണം ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യാജ മരുന്ന് ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും ദുരന്തഫലമാണ് ഈ സംഭവമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം വ്യാജ മരുന്നുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ജനങ്ങൾ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. വ്യാജ മരുന്ന് വിപണിയിൽ എത്തുന്നത് തടയുന്നതിനുള്ള ശക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയാണ് ഈ സംഭവം എടുത്തു കാണിക്കുന്നത്.