രാവിലെ ചാനലില്‍ വാര്‍ത്ത മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയിലേക്കെന്ന്; പാര്‍ട്ടിയെ നയിക്കാന്‍ തിളങ്ങി നില്‍ക്കുന്ന യുവരക്തം വേണമെന്ന് തട്ടിവിടല്‍; ഉച്ചയായതോടെ എല്ലാം ആവിയായി; ശക്തമായ കാമ്പയിന്‍ ഉണ്ടായിട്ടും 'മിസ്റ്റര്‍ മരുമകന്‍' കേന്ദ്രകമ്മറ്റിയിലില്ല; പിണറായിസത്തിന് പുര്‍ണ്ണമായി വഴങ്ങാതെ മധുര കോണ്‍ഗ്രസ്
പിണറായിസത്തിന് പുര്‍ണ്ണമായി വഴങ്ങാതെ മധുര കോണ്‍ഗ്രസ്
കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ സിപിഎമ്മില്‍ സമ്പൂര്‍ണ്ണമായ പിണറായിസമാണ്. തിരുവായ്ക്ക് എതിര്‍വായില്ല എന്ന മട്ടില്‍ പിണറായി വിജയന്‍ പറയുന്നതിന് മൂളുക മാത്രമാണ് കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്ന വിമര്‍ശനം ശകതമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് നേരെ വന്ന അതിഗുരുതരമായ ആരോപണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. കേരളത്തിലെ പാര്‍ട്ടിയില്‍ പിണറായി കഴിഞ്ഞാല്‍, ഏറ്റവും കരുത്തന്‍ അദ്ദേഹത്തിന്റെ മരുമകനും, പൊതുമരാമത്ത് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ആര്‍ക്കും അറിയാവുന്നതാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരെ പലരും റിയാസിനെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ശക്തമായ ഒരു പിആര്‍ ടീമും റിയാസിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ന് രാവിലെ മുതല്‍, മുഹമ്മദ് റിയാസ് കേന്ദ്രകമ്മറ്റിയില്‍ എത്തുമെന്ന രീതിയില്‍ ഒരു പ്രമുഖ ചാനലില്‍ വന്ന വാര്‍ത്ത. പാര്‍ട്ടിയെ നയിക്കാന്‍ തിളങ്ങിനില്‍ക്കുന്ന യുവരക്തംവേണമെന്നായിരുന്നു ചാനലിന്റെ തട്ടിവിടല്‍. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മന്ത്രിയുമായ ഇദ്ദേഹത്തിന് ഡിവൈഎഫ്ഐ മൂന്‍ അഖിലേന്ത്യ പ്രസിഡന്റ് എന്ന പ്രവര്‍ത്തനപരിചയവും ഗുണം ചെയ്യുമെന്ന് ചാനല്‍ തട്ടിവിട്ടു. എന്നാല്‍ ഉച്ചയോടെ അവര്‍ വാര്‍ത്ത തിരുത്തി.
മുതിര്‍ന്ന നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ടി പി രാമകൃഷ്ണന്‍, സിപിഎം സൈദ്ധാന്തികനായ പുത്തലത്ത് ദിനേശന്‍, വനിതാ നേതാവ് കെ എസ് സലീഖ എന്നിവരാണ് കേന്ദ്രകമ്മറ്റിയില്‍ പുതുതായി എത്തിയത്. സലീഖയുടെ കടന്നുവരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. റിയാസിനുവേണ്ടി കാമ്പയിന്‍ നടത്തിയ മാധ്യമങ്ങള്‍ ഇവുരുടെ പേര് പോലും പറഞ്ഞിരുന്നില്ല. പ്രവര്‍ത്തന പരിചയവും സീനിയോരിറ്റിയും തന്നെയാണ് പാര്‍ട്ടി പരിഗണിച്ചത്. റിയാസിന്റെ പേര് ഒരുഘട്ടത്തിലും പരിഗണിച്ചിട്ടില്ല. എന്നിട്ടും ഒരു വിഭാഗം മാധ്യമങ്ങള്‍ കാമ്പയിന്‍ അഴിച്ചുവിടുകയായിരുന്നു.
കണ്ണുര്‍ ടീമിന്റെ പിടി അയയുമോ?
വി എസ് പക്ഷം പാര്‍ട്ടിയില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഇപ്പോള്‍ കണ്ണൂര്‍ ടീമിന്റെ സമഗ്രാധിപത്യമാണ്. പുതിയ ജനറല്‍ സെക്രട്ടറി എം എം ബേബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാര്‍ട്ടിയില്‍ ജനാധിപത്യം കൊണ്ടുവരിക എന്നത് തന്നെയായിരിക്കും. അതിന്റെ തുടക്കമെന്ന നിലയിലാണ് പലരും റിയാസ് കേന്ദ്രകമറ്റിയില്‍ എത്തിപ്പെടാത്തിനെ വിശദീകരിക്കുന്നത്.
ആദ്യഘട്ടത്തില്‍ വിഎസിന്റെ ആളായി അറിയപ്പെട്ട നേതാവാണ് ബേബി. അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതും വിഎസ് ആണ്. പക്ഷേ പിന്നീട് രൂക്ഷമായ സിപിഎം വിഭാഗീയതയില്‍ ബേബിയും പിണറായി വിജയന് ഒപ്പമായിരുന്നു. എന്നാല്‍ അന്ധമായ ഒരു പിണറായിസ്റ്റായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച ഹര്‍കിഷന്‍ സിങ് സുര്‍ജിത്തില്‍ നിന്ന് പ്രകാശ് കാരാട്ട് ആ പദവി ഏറ്റെടുക്കുമ്പോള്‍ നേതൃനിരയിലെ തലമുറ മാറ്റം കൂടിയായിരുന്നു അവിടെ സംഭവിച്ചത്. കാരാട്ടിന് ശേഷം സീതാറാം യെച്ചൂരി വന്നപ്പോഴും എല്ലാം സുഗമവുമായിരുന്നു. നിലപാടുകളില്‍ യെച്ചൂരിയോടായിരുന്നു അന്ന് കേരളത്തില്‍ സജീവമായിരുന്ന പാര്‍ട്ടിയിലെ വിഎസ് വിഭാഗത്തിന് താല്‍പ്പര്യം. പക്ഷേ ഇന്ന് ഇഎംഎസിനശേഷം ബേബി വരുമ്പോള്‍, പാര്‍ട്ടി സമ്പൂര്‍ണ്ണമായും പിണറായിക്ക് കീഴിലാണ്. അതുകൊണ്ടുതന്നെ ബേബിയുടെ നിലപാടുകള്‍ ഇവിടെ എല്ലാവരും ഉറ്റ് നോക്കുകയാണ്.
കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം കിട്ടണമെങ്കില്‍ പിണറായിസത്തില്‍നിന്ന് മാറി ആവശ്യമായ തിരുത്തലുകള്‍ നടത്തേണ്ടതുണ്ട്. അതിന് ബേബി മുതിര്‍ന്നാല്‍ റിയാസ് അടക്കമുള്ളവരുമായുള്ള ഭിന്നതായാവും ഉണ്ടാവുക. കണ്ണൂര്‍ ടീമിന് ബദലായി എം എ ബേബിക്ക് എന്തുചെയ്യാന്‍ കഴിയൂമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.