നെയിംപ്ലേറ്റ് എവിടെ ? നീയാരാ സിപിഎം ഗുണ്ടയോ! പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നെയിംപ്ലേറ്റ് ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥക്കെതിരെ പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍; ഉദ്യോഗസ്ഥയെ മാറ്റണമെന്നുമാവശ്യം; മഹിളാ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
നെയിംപ്ലേറ്റ് എവിടെ ? നീയാരാ സിപിഎം ഗുണ്ടയോ!
തിരുവനന്തപുരം:ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീക്ക് കൊടിയ പീഡനം നേരിടേണ്ടി വന്ന സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം അക്രമാസക്തമായി.പ്രതിഷേധമാര്‍ച്ചിനിടെ ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നെയിംപ്ലേറ്റ് ഇല്ലാത്തതിനെച്ചൊല്ലിയായിരുന്നു പ്രശ്നത്തിന്റെ തുടക്കം.വനിതാ ഉദ്യോഗസ്ഥ പ്രതിഷേധക്കാരെ തടയാനെത്തിയതോടെ ഇവരുടെ യുണിഫോമില്‍ നെയിംപ്ലേറ്റ് ഇല്ലെന്ന കാര്യം സമരക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.പിന്നാലെ നെയിംപ്ലേറ്റ് എവിടെയെന്നും ഇവര്‍ സിപിഎം ഗുണ്ടയാണോയെന്നും മഹിള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ചോദിച്ചു.ഇവരെ ഡ്യൂട്ടിയില്‍ നിന്നും മാറ്റണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ തുടര്‍ന്നും ഉദ്യോഗസ്ഥ ഡ്യൂട്ടിയില്‍ തുടരുകയും സമരക്കാരെ നിയന്ത്രിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം.പിന്നാലെ 2 പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്ന് സ്റ്റേഷന്‍ വളപ്പില്‍ കയറി.പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പൊലീസുമായി കൊമ്പുകോര്‍ത്തു. ഇതിനിടെ 2 പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് ചാടിക്കയറി.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് മാര്‍ച്ച് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ പോലീസ് രാജാണെന്നും ദളിത് സ്ത്രീകളെ കണ്ടാല്‍ തെറി വിളിക്കുന്നതിലാണോ പൊലീസുകാര്‍ ഡിഗ്രി എടുത്തതെന്നും ബിന്ദു കൃഷ്ണ ചോദിച്ചു.ബിന്ദുവിനെ മണിക്കൂറുകളോളം കള്ളി എന്നാണ് പോലീസുകാര്‍ വിളിച്ചതെന്ന് അവര്‍ ആരോപിച്ചു.കുടിവെള്ളം പോലും കൊടുക്കാന്‍ മനസ് കാണിക്കാത്തവരാണ് പേരൂര്‍ക്കട പൊലീസ്.പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയാണ് കണ്ടത്.പിണറായി എന്തിനാണ് ആഭ്യന്തര വാഴ ആയി ജീവിക്കുന്നത്?സംസ്ഥാന സര്‍ക്കാര്‍ ബിന്ദുവിന് നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ കള്ളക്കേസില്‍ കുടുക്കിയ കേസിന്റെ അന്വേഷണച്ചുമതല ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക്. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവ്.യുവതിക്ക് ക്രൂര പീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പേരൂര്‍ക്കട എസ് ഐ പ്രസാദിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പേരൂര്‍ക്കട എസ് ഐ പ്രസാദ് ഏറ്റവും മോശമായി ഇടപെട്ടു എന്ന് ബിന്ദു ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.ഇത് ശരി വയ്ക്കുന്നതായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മറ്റ് ഉദ്യോഗസ്ഥരുടെ കൂടെ പങ്ക് വ്യക്തമാകുവാന്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് എസ് സി എസ് ടിവകുപ്പ് മന്ത്രി ഒ. ആര്‍ കേളു പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് സ്റ്റേഷനില്‍ അനുഭവിക്കേണ്ടിവന്നത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.