ജീവനുണ്ടെന്ന് കരുതി ആശുപത്രിയിലേക്ക് പാഞ്ഞെങ്കിലും രക്ഷിക്കാനായില്ല; വഴിമധ്യേ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടവും; ഇരുപതുകാരി മഹിമയുടെ മരണത്തിന്റെ വേദനയില്‍ ഉലഞ്ഞ കുടുംബത്തിന് ഷോക്കായി ആത്മഹത്യാക്കുറിപ്പ്; അന്വേഷണ സംഘം കണ്ടെത്തിയ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ

മഹിമയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Update: 2025-10-16 15:53 GMT

കാസര്‍കോട്: കുറ്റിക്കോല്‍ ബേത്തൂര്‍ പാറയില്‍ ജീവനൊടുക്കിയ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. 'എന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തം ഇല്ല' എന്ന് എഴുതിയ കുറിപ്പാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

ബേത്തൂര്‍ പാറയിലെ പരേതനായ ബാബുവിന്റെ മകളും കാസര്‍കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയുമായിരുന്ന മഹിമയെ (20) ആണ് ബുധനാഴ്ച രാവിലെ എട്ടു മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ അമ്മ വനജയും സഹോദരന്‍ മഹേഷും ചേര്‍ന്ന് മഹിമയെ ചെര്‍ക്കളയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവര്‍ സഞ്ചരിച്ച വാഹനം പടിമരുതില്‍ അപകടത്തില്‍ പെടുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹിമയുടെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ അമ്മ വനജയ്ക്കും സഹോദരന്‍ മഹേഷിനു നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്.

ബേഡകം എസ്.ഐ. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മഹിമയുടെ കിടപ്പുമുറിയില്‍ നിന്നാണ് ഈ കുറിപ്പ് കണ്ടെത്തിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവന്നത്.

കാസര്‍കോട്ടെ നുള്ളിപ്പാടിയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു മഹിമ. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മഹിമയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സഹോദരന്‍ മഹേഷ്, ജീവനുണ്ടെന്ന് കരുതി വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ടെമ്പോവാന്‍ ഡ്രൈവറായ മഹേഷ്, അമ്മാവന്റെ കാറില്‍ മഹിമയെ കയറ്റി ആശുപത്രിയിലേക്ക് കുതിക്കുന്നതിനിടെ, കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു.

Tags:    

Similar News