മലയാലപ്പുഴ ക്ഷേത്രഉത്സവം: സൗണ്ട് സിസ്റ്റത്തിനുള്ള ടെന്‍ഡര്‍ തുറക്കുന്നത് നാളെ; ഇന്നലെ തന്നെ ഉച്ചഭാഷിണികളും അലങ്കാരവും സ്ഥാപിച്ചു തുടങ്ങിയെന്നു പരാതി; ടെന്‍ഡര്‍ തുറന്നതിനു ശേഷമേ കരാര്‍ നല്‍കുവെന്നു ദേവസ്വം മരാമത്ത്

മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ഉത്സവ സൗണ്ട് സിസ്റ്റം ടെണ്ടര്‍ ക്രമക്കെടെന്ന് പരാതി

Update: 2026-02-23 12:16 GMT

പത്തനംതിട്ട: ഫെബ്രുവരി 27 നു നടക്കുന്ന മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള സൗണ്ട് സിസ്റ്റം ടെണ്ടര്‍ തുറക്കുന്നതിനു മുന്‍പ് സ്ഥാപിച്ചു തുടങ്ങിയെന്നു പരാതി. നാളെയാണ് ടെണ്ടര്‍ തുറക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി എന്നാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചവര്‍ ആരോപിക്കുന്നത്. എന്നാല്‍ ടെന്‍ഡര്‍ നാളെ മാത്രമേ തുറക്കൂവെന്നും ആരാണ് നിലവില്‍ വിളക്കുകള്‍ സ്ഥാപിച്ചത് എന്നറിയില്ലെന്നും ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് മരാമത്ത് (ഇലെക്ട്രിക്കല്‍ ) വിഭാഗം അറിയിച്ചു.

ആദ്യം ക്ഷണിച്ച ടെന്‍ഡര്‍ എടുക്കാന്‍ ആരും വന്നില്ലെന്നും തുടര്‍ന്ന് ചെയ്ത റീടെന്‍ഡര്‍ ആണ് നാളെ വൈകിട്ട് നാലരക്ക് തുറക്കുന്നതെന്നും അവര്‍ അറിയിച്ചു. കരാര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് ആരാണ് ലൈറ്റുകള്‍ സ്ഥാപിച്ചതെന്ന് അറിയില്ല . ടെന്‍ഡര്‍ പൊട്ടിച്ചു കരാര്‍ നല്‍കുന്നവര്‍ക്ക് മാത്രമാകും സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ അനുമതി ലഭിക്കുക എന്നും മരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആരു പറയുന്നത് ആണ് സത്യം എന്നാണ് ഭക്തരുടെ ആശയക്കുഴപ്പം. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ശബരിമലയിലും മറ്റും ഉച്ചഭാഷിണി കരാര്‍ എടുത്തിരുന്ന സന്തോഷ് സൗണ്ട് ആണ് ഇപ്പോള്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ ദേവസ്വം പ്രസിഡന്റിന് പരാതി നല്‍കുമെന്ന് ടെന്‍ഡര്‍ സമര്‍പ്പിച്ച മറ്റു കരാറുകാര്‍ പറയുന്നു.


 



ഇത്തവണ ഇ ടെന്‍ഡര്‍ ഒഴിവാക്കി ഫിസിക്കല്‍ ടെന്‍ഡര്‍ ആണ് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ 20 നു ആണ് മരാമത്ത് ഇലെക്ട്രിക്കല്‍ വിഭാഗം മാവേലിക്കര ഓഫീസില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഇത് പ്രകാരം നാളെ 3.30 നു ക്വട്ടേഷന്‍ ഫോം നല്കും. നാലു മണി വരെ തിരികെ സ്വീകരിക്കും. 4,30 നു ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ തുക ക്വോട്ട് ചെയ്യുന്നയാള്‍ക്കു കരാര്‍ നല്‍കും. ഈ നടപാടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചു നടത്തേണ്ട ടെന്‍ഡര്‍ വരുന്നതിനു മുന്‍പാണ് ഇപ്പോള്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങിയിരിക്കുന്നത്.

Tags:    

Similar News