'നിതീഷ് കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു; നീ കമ്പനിക്ക് പരാതി കൊടുത്താല്‍ ജോലി പോകും; നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു; പൊടിക്കുഞ്ഞ് കരയുമ്പോള്‍ അവിടെയെങ്ങാനും കൊണ്ട് ഇടാന്‍ പറയും; നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്'; വിപഞ്ചികയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണവുമായി യുവതിയുടെ അമ്മ
വിപഞ്ചികയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണവുമായി യുവതിയുടെ അമ്മ
കൊല്ലം: ഷാര്‍ജയില്‍ താമസസ്ഥലത്ത് യുവതിയും പിഞ്ചുകുഞ്ഞും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ അമ്മ പരാതി നല്‍കി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. ഷാര്‍ജ ഫൊറന്‍സിക് വിഭാഗത്തിലുള്ള മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. നടപടികള്‍ തിങ്കളാഴ്ച്ചയോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണം തുടരുകയാണ്.
അതേ സമയം മകളുടെ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അമ്മ ഷൈലജ ഉന്നയിക്കുന്നത്. മകള്‍ക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു. മകളെ ഈ അവസ്ഥയില്‍ ആക്കിയവരെ വെറുതെ വിടരുത്. അതിനായി അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് ശിക്ഷ വാങ്ങിച്ച് കൊടുക്കണമെന്നും അമ്മ ഷൈലജ ആവശ്യപ്പെട്ടു.
''എന്റെ മകളെ നിതീഷ് ഒരു വട്ടം ഭീഷണിപ്പെടുത്തിയിരുന്നു. നാലഞ്ച് ലക്ഷം രൂപ ശമ്പളവും വാങ്ങിച്ച് എന്റെ മകളുടെ ശമ്പളവും കൊണ്ട് ജീവിച്ചിട്ടും നിതീഷിന് തികഞ്ഞിരുന്നില്ല. കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു. അതും തികയാതെ വന്നപ്പോള്‍ ഈ കാശ് എന്ത് ചെയ്യുന്നുവെന്ന് മകള് ചോദിച്ചു. നിതീഷ് പറയുന്നില്ല. ഇത്രയും ആയിട്ടും തികഞ്ഞില്ലെങ്കില്‍ ഇനി കമ്പനിയെ ചതിച്ചാല്‍ അത് അറിയിക്കുമെന്ന് മകള് പറഞ്ഞു. നീ കമ്പനിക്ക് പരാതി കൊടുത്താല്‍ ജോലി പോകും. നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു. അമ്മയെ കാണാന്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ ഐഡി എടുത്ത് മാറ്റി. വിവാഹം ചെയ്ത് കൊണ്ട് പോയി അന്ന് തുടങ്ങിയതാണ് ഈ പീഡനം. ഒരു മിനിറ്റ് എന്റെ മകളുടെ കൂടെ ഇരിക്കാന്‍ പെങ്ങള്‍ സമ്മതിച്ചില്ല. വീട്ടില്‍ പോലും വരാതായി''. പെങ്ങളും അച്ഛനുമെല്ലാം ഇതിന് കൂട്ട് നിന്നവെന്നും അമ്മ ഷൈലജ പറഞ്ഞു.
''എന്റെ മകളെയും കുഞ്ഞിനെയും ഇവിടെ എത്തിക്കണം. അവനെയും കുടുംബത്തെയും വെറുതെ വിടരുത്. നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ഏറ്റവും കടുത്ത ശിക്ഷ തന്നെ കൊടുക്കണം. എന്റെ പൊടിക്കുഞ്ഞിനെയും മകളെയും വിട്ടുതരണം. അവന്‍ നോക്കാത്തത് കൊണ്ടല്ലേ എന്റെ പൊടിക്കുഞ്ഞും മകളും മരിക്കേണ്ടി വന്നത്. എന്റെ കുഞ്ഞ് വെറും പാവമായിരുന്നു. പ്രതികരിക്കാന്‍ അറിയില്ലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഈ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ഭര്‍ത്താവിനും നിതീഷിനും കുടുംബത്തിനും എതിരെ എല്ലാ നടപടികളും ഉണ്ടാകണം. പെറ്റ തള്ളയായ ഞാനും ഫേസ്ബുക്ക് വഴിയാണ് എന്റെ മകള്‍ അനുഭവിച്ച ദുഖങ്ങള്‍ കണ്ടത്. അമ്മ വേദനിക്കുമെന്ന് വിചാരിച്ച് ഒരു വാക്ക് പോലും എന്നെ വിളിച്ച് പറഞ്ഞില്ല. നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്. എന്റെ മകള്‍ പച്ച പാവം ആയിരുന്നു. എല്ലാം ഒളിച്ച് ഇത്രയും സഹിക്കുമെന്ന് അറിയില്ലായിരുന്നു. നിതീഷിനെയും കുടുംബത്തിനും നാട്ടില്‍ കൊണ്ട് വന്ന് ശിക്ഷിക്കണം. ആ പൊടിക്കുഞ്ഞ് കരഞ്ഞ് കൈയില്‍ കൊണ്ട് കൊടുത്താല്‍ അവിടെയെങ്ങാനും കൊണ്ട് ഇടാനാണ് പറഞ്ഞിരുന്നത്. അങ്ങനെയാണോ ഒരു അച്ഛന്‍ പറയേണ്ടത്'', അമ്മ ഷൈലജ പറഞ്ഞു.
ഷാര്‍ജ അല്‍ നഹ്ദയില്‍ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പും പുറത്തുവന്നിരുന്നു. നോട്ട് ബുക്കിലെ ആറ് പേജുകളില്‍ തന്റെ കൈ കൊണ്ട് എഴുതിയ ദീര്‍ഘമായ കത്ത് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. എന്നാല്‍, അതിന് മുന്‍പ് കത്ത് ഡൗണ്‍ലോഡ് ചെയ്തതിനാല്‍ തെളിവായി മാറി. കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹത്തിലെ തുടര്‍ നടപടികള്‍ക്കും മറ്റു നിയമനപടികള്‍ക്കുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ഇടപെട്ടിട്ടുണ്ട്.
നിതീഷിനും അയാളുടെ പിതാവിനുമെതിരെ ഗുരുതര ആരോപണമാണ് വിപഞ്ചിക കത്തില്‍ എഴുതിയിരിക്കുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. അച്ഛന്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു.
കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. അവളുടെ പേരും പറഞ്ഞ് ഗര്‍ഭിണിയായിരുന്ന എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസിക രോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഒഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
തന്നില്‍ നിന്ന് നിതീഷ് അകലാന്‍ കാരണം മറ്റൊരു യുവതിയുമായുള്ള അടുപ്പമാണെന്ന് വിപഞ്ചിക ബന്ധുവിനോട് പറയുമായിരുന്നു. ഇതിനുള്ള തെളിവായി അവര്‍ തമ്മിലുള്ള വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും വിപഞ്ചിക നിതീഷിന്റെ ഫോണില്‍ നിന്ന് കൈവശപ്പെടുത്തിയിരുന്നു. നിതീഷ് മദ്യപിച്ച് വന്നപ്പോള്‍ അയാളറിയാതെ എടുത്തതാണെന്നായിരുന്നു ബന്ധുവിനോട് പറഞ്ഞത്. ആ യുവതിയെ ഇടയ്ക്ക് കാണാറുള്ളതായും പണം അയച്ചുകൊടുത്തതായും ചാറ്റുകളിലുണ്ട്. യുവതിയുമായുള്ള അടുപ്പത്തിന് ശേഷമാണ് തന്നോടും മകളോടുമുള്ള മോശം പെരുമാറ്റം ശക്തിപ്പെട്ടതെന്നും വിപഞ്ചിക വിശ്വസിച്ചിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭര്‍ത്താവിനെ ഫോണ്‍ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. ഈ സമയം നിതീഷ് വിപഞ്ചികയുടെ ഫോണ്‍ കൈക്കലാക്കിയെന്ന് സംശയിക്കുന്നു.