കുടുംബസമേതം അബുദാബിയിലേക്ക് പോകാൻ മൂന്ന് ടിക്കറ്റെടുത്തു; ബോർഡിങ് പാസും എമിഗ്രേഷനും പൂർത്തിയായി; വിമാനത്തിൽ കയറാനിരിക്കുമ്പോൾ മാതാവിന് യാത്ര ചെയ്യാൻ കഴിയില്ലെന്ന് നിർദേശം; കാര്യം അന്വേഷിച്ചപ്പോൾ ഒഴിഞ്ഞു മാറി ജീവനക്കാർ; ഒരു ലക്ഷത്തോളം രൂപ നഷ്ടം; പരാതിയുമായി മലയാളി യുവതി

Update: 2025-08-06 12:39 GMT

ദുബായ്: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ കാരണം യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്ന പരാതിയുമായി ദുബായിൽ താമസിക്കുന്ന മലയാളി യുവതി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ജാസിൻ മുബാറക്കാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിയിലെ മാനേജരാണ് ജാസിൻ മുബാറക്ക്. കൃത്യമായ കാരണം വ്യക്തമാക്കാതെയുള്ള യാത്രാ തടസ്സം മൂലം വൻ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടായെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് ആരോപണം.

ഈ മാസം ഒന്നിനായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കായിരുന്നു മൂന്ന് ടിക്കറ്റുകളാണ് ജാസിൻ ബുക്ക് ചെയ്തിരുന്നത്. മാതാവ് ആബിദാ ബീവി(58)ക്കും ഷാർജയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഫർസാൽ നിഷാനും, ജാസിൻ എന്നിവരുടെ പേരിലായിരുന്നു ടിക്കറ്റെടുത്തിരുന്നത്. എന്നാൽ ബോർഡിങ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിൽ കയറാൻ കാത്തിരിക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി വന്ന് മാതാവ് ആബിദാബീവിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. യുഎഇ പ്രവേശനത്തിന് അബുദാബി ഇമിഗ്രേഷനിൽ നിയന്ത്രണമുണ്ടെന്നും ഇതുസംബന്ധിച്ച് അറിയിപ്പ് വന്നിട്ടുണ്ടെന്നുമായിരുന്നു ജീവനക്കാരി പറഞ്ഞത്.

എന്നാൽ എന്താണ് അറിയിപ്പിൽ പറഞ്ഞിട്ടുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാതെ ജീവനക്കാരി ഒഴിഞ്ഞുമാറി. ജാസിന് ദുബായിൽ ജോലി സംബന്ധമായി അടിയന്തരമായി എത്തേണ്ടതുണ്ടായിരുന്നു. വിദ്യാർത്ഥിയായ മകന് ഓൺലൈൻ ക്ലാസുണ്ട്. മാതാവിനെ തനിച്ചാക്കി യാത്ര ചെയ്യാൻ കഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. യാത്ര ചെയ്യാൻ കഴിയാത്തതിലുള്ള തടസ്സം എന്താണെന്നറിയിച്ചാൽ പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചിട്ടും അധികൃതർ കേൾക്കാൻ കൂട്ടാക്കിയില്ലെന്നും ജാസിൻ ആരോപിക്കുന്നു. ഒടുവിൽ മാതാവിന്റെയും മകന്റെയും ടിക്കറ്റ് ക്യാൻസൽ ചെയ്ത് ജാസിൻ ഒറ്റയ്ക്ക് യുഎഇയിലേക്ക് അതേ വിമാനത്തിൽ വരികയായിരുന്നു. മാതാവിനെയും മകനെയും തിരിച്ച് വീട്ടിലേക്ക് വിടുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജാസിൻ പറയുന്നു.

മാതാവ് ആബിദാബീവിയുടെയും മകൻ ഫർസാൽ നിഷാന്റെയും വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ ഭാഗമായി 34,000 രൂപയും ഇരുവർക്കും വീണ്ടും യുഎഇയിലേക്ക് വരാനായി 2,400 ദിർഹം(57,000 രൂപ)യും ഉൾപ്പെടെ 91,000 രൂപ നഷ്ടമായതായി ജാസിൻ പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഹാപ്പിനസ് സെന്ററിൽ കാര്യങ്ങൾ അവതരിപ്പിച്ച് ആബിദാ ബീവിയുടെ യാത്രാ തടസ്സത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ അവർ സിസ്റ്റം പരിശോധിച്ച്, യാതൊരു തടസ്സവുമില്ലെന്നും വീസ ആക്ടീവാണെന്നുമായിരുന്നു അറിയിച്ചത്.

തുടർന്ന് ആബിദാ ബീവിക്ക് സന്ദർശക വീസ എടുത്തു നൽകിയ യുഎഇയിലെ ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവർ മറ്റു പലരോടും ചോദിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നമാണെന്നായിരുന്നു മറുപടി ലഭിച്ചതെന്നും അറിയിച്ചു. പിന്നീട്, എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആബിദാബീവി ഗെയ്റ്റിൽ എൻട്രി ചെയ്തിട്ടില്ലെന്നാണ് സിസ്റ്റത്തിൽ പറയുന്നതെന്നായിരുന്നു പ്രതികരണം. വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിൽ അന്വേഷിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നം തന്നെയാണ് യാത്രാ തടസ്സത്തിന് കാരണമെന്നായിരുന്നു മറുപടി.

എന്താണ് ഉണ്ടായതെന്ന് ഉറപ്പുവരുത്തുന്നതിനായി ജാസിൻ പിന്നീട് ദുബായ് ഇമിഗ്രേഷനിൽ പരാതിപ്പെട്ടിരുന്നു. ഷാർജ വിസ ആണെങ്കിലും സിസ്റ്റത്തിൽ പരിശോധിക്കാൻ അവർ തയ്യാറായി. അതിലും ആബിദാബീവിയുടെ വീസ ആക്ടീവാണെന്നായിരുന്നു കണ്ടത്. തുടർന്ന് ഷാർജ എമിഗ്രേഷനിൽ ചെന്ന് അന്വേഷിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. കഴിഞ്ഞ ദിവസം വീണ്ടും അബുദാബി വിമാനത്താവളത്തിൽ ചെന്ന് ഇമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴും വിസ ആക്ടീവാണെന്നും മാതാവിന് യാത്ര ചെയ്യാമെന്നും അറിയിച്ചു. അവിടുത്തെ സെക്യുരിറ്റി ഇമിഗ്രേഷൻ വിഭാഗത്തിൽ കാര്യം ബോധിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി.

യുഎഇയിൽ ഇമിഗ്രേഷൻ പ്രശ്നങ്ങൾ എല്ലാ എമിറേറ്റിലും കാണാനാകുമെന്നും അതുകൊണ്ട് എവിടെയും പ്രശ്നമില്ലെന്നും വ്യക്തമാക്കി. പിന്നീട് ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഭാവിയിൽ യാത്രാ തടസ്സമുണ്ടാകാതിരിക്കാൻ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് ഇ-മെയിലയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ജാസിൻ പറഞ്ഞു. ഏതായാലും മാതാവ് ആബിദാബീവിയും മകനും ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചെ ഷാർജയിലെത്തി.

അതേസമയം ഇമിഗ്രേഷൻ അധികൃതരുടെ നിർദേശപ്രകാരമാണ് യാത്ര നിഷേധിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കി. ഒരു യാത്രക്കാരന് യാത്ര നിഷേധിച്ചതായി ആരോപിക്കുന്ന ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അത് വസ്തുതാവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. രാജ്യത്തിന്റെ അതിർത്തി നിയന്ത്രണ അതോറിറ്റിയാണ് യാത്രക്കാരന് പ്രവേശനം നിഷേധിച്ചത്. ഈ നിർദേശങ്ങൾ എല്ലാ എയർലൈനുകളും പാലിക്കേണ്ടതാണ്. ഇമിഗ്രേഷൻ വിഭാഗം പ്രവേശനം നിഷേധിച്ച ഒരു യാത്രക്കാരന് ബോർഡിങ് പാസ് നൽകാൻ കഴിയില്ല. അത്തരം നിർദേശങ്ങൾ ലംഘിച്ചാൽ യാത്രക്കാരൻ നാടുകടത്തലിനും പിഴകൾക്കും വിധേയനായേക്കാം. അതിനാൽ, എയർ ഇന്ത്യ എക്സ്പ്രസ് ഈ നിയമങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തത്. രാജ്യത്തിന്റെ പരമാധികാര അധികാരികൾ എടുക്കുന്ന പ്രവേശന തീരുമാനങ്ങളിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഒരു പങ്കുമില്ലെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി.

Tags:    

Similar News