ആറാട്ടുപുഴക്കാരന്‍ റാസിലിന് ജപ്പാന്‍കാരിപ്പെണ്ണ്; ഹൈന്ദവാചാരപ്രകാരം സെനയെ താലി ചാര്‍ത്തി സ്വന്തമാക്കി യുവാവ്: കൗതുകത്തോടെ ചടങ്ങില്‍ പങ്കാളികളായി യുവതിയുടെ കുടുംബം

ആറാട്ടുപുഴക്കാരന്‍ റാസിലിന് ജപ്പാന്‍കാരിപ്പെണ്ണ്

Update: 2025-04-07 01:31 GMT

ഹരിപ്പാട്: ആറാട്ടുപുഴ സ്വദേശിയായ യുവാവിന് വധു ജപ്പാനില്‍ നിന്നും. മംഗലം വളവില്‍ കരവീട്ടില്‍ രാധാകൃഷ്ണന്‍-അനിത ദമ്പതികളുടെ മകന്‍ റാസിലാണ് ജപ്പാന്‍കാരിയായ സെനയെ താലി ചാര്‍ത്തി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ മൊട്ടിട്ട പ്രണയത്തിനാണ് ഇന്നലെ ബന്ധുക്കളുടേയും നാട്ടുകാരുടെയും ആശിര്‍വാദത്തോടെ സാക്ഷാത്കാരമായത്. ഇന്നലെ രാവിലെ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരം ക്ഷേത്രത്തില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജപ്പാനില്‍ നിന്നും സെനയുടെ പിതാവ് ടൊമോക്കിയും മാതാവ് ജിന്‍കോയും സഹോദരന്‍ ഷുട്ടോയും എത്തിയിരുന്നു. വളരെയധികം സന്തോഷത്തോടെയും കൗതുകത്തോടെയുമാണ് ടൊമോക്കിയും കുടുംബവും മകളുടെ വിവാഹത്തിന് സാക്ഷിയായത്. പിങ്ക് നിറത്തിലുള്ള പട്ട് സാരിയുടുത്ത് മുല്ലപ്പൂ വെച്ച് തികച്ചും കേരളീയ വേഷത്തിലാണ് സെന കല്യാണ പന്തലിലേക്ക് എത്തിയത്. മാതാവ് ജിന്‍കോയും സാരിയാണ് ധരിച്ചത്. മലയാളം അറിയില്ലെങ്കിലും പെണ്ണിന്റെ അച്ഛന്‍ വിവാഹ ചടങ്ങുകളെല്ലാം ഭംഗിയായി നിര്‍വഹിച്ചു നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുകമായി.

സനക്ക് ജാപ്പനീസ് ഭാഷയ്ക്ക് പുറമേ ഇംഗ്ലീഷ് ഭാഷയും അറിയാം. സെനയുടെ മാതാപിതാക്കള്‍ക്ക് ജാപ്പനീസ് മാത്രമാണ് വശം ഉണ്ടായിരുന്നത്. വിവാഹ കര്‍മി റാസിലിനോട് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ സെനയെ അറിയിക്കുകയും, സന ജാപ്പനീസ് ഭാഷയില്‍ മാതാപിതാക്കളോട് വിശദീകരിക്കുകയും ചെയ്താണ് സനയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടേണ്ട ചടങ്ങുകള്‍ നിര്‍വഹിച്ചത്. ഓരോ ചടങ്ങുകളും ചെയ്യുമ്പോള്‍ നാലു പേരുടെയും മനസ്സിലെ സന്തോഷം മുഖത്തും കാണാമായിരുന്നു.

കടുത്ത ചൂടില്‍ വധുവും ബന്ധുക്കളും ഏറെ പ്രയാസപ്പെട്ടെങ്കിലും ചടങ്ങിന്റെ അവസാനം വരെയും അവര്‍ വളരെ സന്തോഷത്തോടെ പങ്കുകൊണ്ടു. നാട്ടുകാരും കുട്ടികളും കുശലാന്വേഷണങ്ങളുമായി ഒത്തുകൂടുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എല്ലാവര്‍ക്കും ഒപ്പം വളരെ സന്തോഷത്തോടെയാണ് ഇരുവരും പങ്കുകൊണ്ടത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് റാസിലും സെനയും ജോലി ചെയ്യുന്നത്.

റാസില്‍ ഐ.ടി ഫീല്‍ഡിലും എം.ബി.എ ബിരുദധാരിയായ സെനക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയിലുമാണ് ജോലി. അവിടെ വെച്ചുള്ള പരിചയമാണ് വിവാഹബന്ധത്തില്‍ കലാശിച്ചത്. ദിവസങ്ങള്‍ക്കുശേഷം വധവും വരനും ഓസ്‌ട്രേലിയയിലെ ജോലി സ്ഥലത്തേക്കും വധുവിന്റെ മാതാപിതാക്കളും സഹോദരനും ജപ്പാനിലേക്കും മടങ്ങും. ഇവിടെയുള്ളവര്‍ നല്ല ആളുകളാണ്. കേരളം ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് സെന പറഞ്ഞു.

Tags:    

Similar News