എന്റെ ലാലേ...ഞാൻ എന്ത് പറയാൻ; വളരെ സന്തോഷവും അഭിമാനവും തോന്നുന്നു; സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത കലാകാരൻ; ഈ ബഹുമതിക്ക് ശരിക്കും അർഹൻ..!!; ആ അപൂർവ്വ പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം ഇച്ചാക്കയുടെ പോസ്റ്റ്; താരത്തിനെ വാനോളം പ്രശംസിച്ച് നടൻ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ ആശംസ പ്രവാഹം

Update: 2025-09-20 15:09 GMT

കൊച്ചി: ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് അഭിനന്ദന പ്രവാഹം. ഇതിനോടകം നിരവധി പ്രമുഖരാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തിയിട്ടുള്ളത്. മലയാളത്തിൻ്റെ അഭിമാനമായി മാറിയ മോഹൻലാലിന് ലഭിച്ച പുരസ്കാരം അർഹതക്കുള്ള അംഗീകാരമാണെന്ന് സഹപ്രവർത്തകരും സിനിമാ രംഗത്തുള്ളവരും ഒരുപോലെ അഭിപ്രായപ്പെടുന്നു.

പ്രമുഖ നടൻ മമ്മൂട്ടി, മോഹൻലാലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഏറെ ശ്രദ്ധേയമായി. "പതിറ്റാണ്ടുകളായി ഈ അത്ഭുതകരമായ സിനിമാ യാത്ര ആരംഭിച്ച ഒരു സഹപ്രവർത്തകൻ, ഒരു സഹോദരൻ, ഒരു കലാകാരൻ... ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെയധികം സന്തോഷവും അഭിമാനവും ഉണ്ട് ലാൽ. ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്," എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, "രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച എന്റെ പ്രിയ സുഹൃത്ത്, മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിന് ആശംസകൾ," എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. നടിയും സംവിധായകയുമായ മഞ്ജു വാര്യർ, "തലമുറകളെ പ്രചോദിപ്പിച്ചതിന് നന്ദി! നമ്മുടെ സ്വന്തം," എന്ന് മോഹൻലാലിന് ആശംസകൾ നേർന്നു.

സംവിധായകൻ അഖിൽ മാരാർ, "സിനിമ മേഖലയിലെ ഏറ്റവും വലിയ അവാർഡ് ആയ ദാദാസാഹേബ് ഫാൽക്കെ നമ്മുടെ ലാലേട്ടന്. ഹൃദയം നിറഞ്ഞ ആശംസകൾ ലാലേട്ടാ," എന്ന് അഭിനന്ദനം അറിയിച്ചു. നടൻ ദിലീപ്, "ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ പ്രിയപ്പെട്ട ലാലേട്ടന്, പ്രിയ സഹോദരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മലയാള സിനിമാ കുടുംബത്തിന് ഇത് അഭിമാനത്തിന്റെ നിമിഷം," എന്ന് ആശംസിച്ചു.

നടന്മാരായ അജു വർഗീസ്, നന്ദു, സംവിധായകൻ ജീത്തു ജോസഫ്, ഗായിക സുജാത മോഹൻ തുടങ്ങി ഒട്ടനവധി പ്രമുഖരും മോഹൻലാലിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. ഈ പുരസ്കാരം മലയാള സിനിമാ ലോകത്തിന് ഏറെ അഭിമാനം നൽകുന്ന നിമിഷമാണ്.

അതേസമയം, ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നിരുന്നു. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും മോഹന്‍ലാല്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമയിലെയും നാടകങ്ങളിലെയും അഭിനയ വൈഭവം ശരിക്കും പ്രചോദനാത്മകമാണ്. ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും മോദി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News