എത്ര ക്രൂശിച്ചാലും ഞാന്‍ ചെയ്തതെല്ലാം നിലനില്‍ക്കും; ഫണ്ട് പിരിവ് നടത്തിയിട്ടില്ല; യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്; തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും; അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

Update: 2024-10-02 11:46 GMT

കോഴിക്കോട്: അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും മനാഫ് പറഞ്ഞു. താന്‍ യുട്യൂബ് ചാനല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ എന്താണ് തെറ്റ്, തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി.

ഷിരൂരില്‍ എത്തിയ ശേഷമാണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത അണയും മുമ്പ് ഇങ്ങനെ ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. അതേസമയം താന്‍ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഒരിക്കല്‍ ഉസ്താദിനു ഒപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫിന്റ വിശദീകരണം. അര്‍ജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. എന്തായാലും ഇനി അത് കൂടുതല്‍ ഉഷാറാക്കുമെന്നും മനാഫ് പറഞ്ഞു.

അര്‍ജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനല്‍ നോക്കിയാല്‍ അത് മനസ്സിലാകും. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അര്‍ജുന്റെ കുടുംബത്തിന് ആവശ്യം വന്നാല്‍ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു. എന്റെ ലോറിക്ക് അര്‍ജുന്റെ പേരിടുമെന്നും കാര്യമായ തര്‍ക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും മനാഫ് കുടുംബത്ിതന് മറുപടിയായി പറഞ്ഞു.

കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്തു എന്നാരോപിച്ചാണ് അര്‍ജുന്റെ കുടുംബം രംഗത്തുവന്നത്. മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുകയും അര്‍ജുന് 75,000 രൂപ മാസശമ്പളമുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കുകയും ചെയ്തു. നാലാമത്തെ മകനായി അര്‍ജുന്റെ കുഞ്ഞിനെ വളര്‍ത്തുമെന്ന് മനാഫ് പറഞ്ഞത് വേദനിപ്പിച്ചുവെന്നും കുടുംബം പറഞ്ഞു. അര്‍ജുനെ കണ്ടെത്തുന്നതിനായി കൂടെനിന്ന എല്ലാവര്‍ക്കും കുടുംബം നന്ദിയറിയിച്ചു. അര്‍ജുന്റെ കുടുംബാംഗങ്ങളാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

'കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് അത് മറ്റൊരു രീതിയിലേക്ക് പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുന്‍ സംഭവത്തെ വൈകാരികമായി ചിലര്‍ മുതലെടുക്കാന്‍ ശ്രമിച്ചു. ഇതിന്റെ പേരില്‍ കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്നും മറ്റുമാണ് പറഞ്ഞു പ്രചരിപ്പിക്കുന്നത്. കുടുംബത്തിന് ഇത് തികയുന്നില്ല എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടാക്കുന്നു. ഇത് വാസ്തവവിരുദ്ധമാണ്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

'പല കോണില്‍നിന്ന് ഫണ്ട് സ്വരൂപിക്കുന്നുവെന്ന് വ്യക്തമായി അറിയാം. ഒരു ഫണ്ട് പോലും ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. ഇനി ഞങ്ങള്‍ അങ്ങനെ ഒരു ഫണ്ട് സ്വീകരിക്കുകയുമില്ല. അങ്ങനെത്തെ ഒരു ആവശ്യമില്ല. അര്‍ജുന്റെ ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള സാഹചര്യം ഗവണ്‍മെന്റ് ഒരുക്കിക്കൊടുത്തിട്ടുണ്ട്. എല്ലാ ഘട്ടത്തിലും കുടുംബം ഒന്നിച്ചുനിന്നിട്ടുണ്ട്. അര്‍ജുന്റെ കടുബത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നിലവില്‍ ബുദ്ധിമുട്ടുകളില്ല. എല്ലാ കുടുംബത്തിലും ഉള്ളത് പോലുള്ള ബുദ്ധുമുട്ടുകളുണ്ട്. സാമ്പത്തികപ്രശ്‌നങ്ങളുണ്ട്.' അര്‍ജുന്‍ നഷ്ടപ്പെട്ടു എന്ന് കരുതി ആരുടേയും മുന്നില്‍പോയി പിച്ച തെണ്ടേണ്ട സാഹചര്യമില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

തുടക്കത്തില്‍ പുഴയിലെ തിരച്ചില്‍ അതീവദുഷ്‌കരമായിരുന്നു. എം.കെ. രാഘവന്‍ എം.പി.ഓരോ സമയത്തും വിളിച്ച് കൂടെയുണ്ടായിരുന്നു. മഞ്ചേശ്വരം എ.കെ.എം. അഷ്‌റഫ് എം.എല്‍.എയും താങ്ങായി. മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം താങ്ങായി നിന്നു. എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.യുമായി ചേര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഡ്രഡ്ജര്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളില്‍നിന്ന് വളരെ വൈകാരികമായ അന്ത്യാഞ്ജലിയാണ് അര്‍ജുന് ലഭിച്ചത് - കുടുംബാംഗങ്ങള്‍ പറഞ്ഞു.

Tags:    

Similar News