വെടിമരുന്ന് സൂക്ഷിച്ചതും കൈകാര്യം ചെയ്തതും അനധികൃതമായി: പൊട്ടിത്തെറിയില്‍ ജീവനക്കാരന് 20 ശതമാനം പൊള്ളല്‍: വീഴ്ച വന്നത് റിസീവര്‍ക്ക്: എന്നിട്ടും കേസ് എടുത്തത് ജീവനക്കാരനെതിരേ മാത്രം: സിപിഎം സമ്മര്‍ദത്തില്‍ മുക്കിയ സംഭവം മറുനാടന്‍ വാര്‍ത്തയില്‍ കേസാകുമ്പോള്‍

Update: 2025-07-20 05:51 GMT

അടൂര്‍: മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് ജീവനക്കാരന് പൊളളലേറ്റ സംഭവത്തില്‍ അവസാനം ഏനാത്ത് പോലീസ് കേസെടുത്തു. പൊളളലേറ്റ ജീവനക്കാരന്‍ മണ്ണടി പുളിമൂട്ടില്‍ അരവിന്ദാക്ഷന്‍ പിള്ളയ്ക്ക് എതിരേയാണ് സ്‌ഫോടക വസ്തു അലക്ഷ്യമായുംഅശ്രദ്ധമായും കൈകാര്യം ചെയ്തുവെന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി ഇവിടെ അനധികൃതമായി വെടിവഴിപാട് നടത്തുന്നുണ്ട്. ക്ഷേത്രം നിലവില്‍ ഭരിക്കുന്നത് ഹൈക്കോടതി നിയോഗിച്ച റിസീവര്‍ ആണ്. മണ്ണടി 169ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം സെക്രട്ടറി സി. പ്രകാശ് റിസീവര്‍ക്കെതിരേ കേസ് എടുക്കണമെന്ന് കാട്ടിയാണ് അടൂര്‍ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും എഫ്.ഐ.ആറില്‍ പ്രതി അരവിന്ദാക്ഷന്‍ പിളള മാത്രമാണ്.

സിപിഎം ഏരിയാ സെക്രട്ടറിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഏനാത്ത് പോലീസ് കേസെടുക്കാതെ മുക്കിയ വിവരം മറുനാടന്‍ വാര്‍ത്തയിലൂടെയാണ് പുറംലോകമറിഞ്ഞത്. പിന്നാലെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്റെ പരാതിയുമെത്തി. വെടിമരുന്ന് സംഭരിക്കാനോ പ്രയോഗിക്കാനോ നിയമപരമായി യാതൊരു അനുമതിയുമില്ലാത്ത ക്ഷേത്രത്തില്‍ നിയമലംഘനത്തിന് കൂട്ടു നിന്ന റിസീവര്‍ക്കെതിരേ നടപടി വേണം എന്നാണ് ആവശ്യം. ക്ഷേത്രം മണ്ണടി 169ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുളളതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 17 ന്

രാവിലെ 10 നാണ് സംഭവം. കര്‍ക്കിടകം ഒന്നിനോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ വെടിവഴിപാട് നടക്കുന്നതിനിടെയാണ് അപകടം. സാരമായ പരുക്കേറ്റ ജീവനക്കാരനെ ഓട്ടോറിക്ഷയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയറ്റത്തും കൈയ്ക്കും കാലിനുമാണ് പരുക്ക്. സാരമായി പൊളളലേറ്റിട്ടുണ്ട്. മണ്ണടി മുടിപ്പുര ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പൊള്ളലേറ്റ അരവിന്ദാക്ഷനെ ആശുപത്രിയില്‍ എത്തിച്ചത്.

എല്ലാ വിശേഷദിവസങ്ങളിലും ക്ഷേത്രത്തില്‍ നിയമം ലംഘിച്ച് വെടിവഴിപാടുണ്ട്. അരവിന്ദാക്ഷന്‍ പിള്ളയാണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ചെയ്യുന്നത്. ഇദ്ദേഹത്തിന് പൊള്ളലേറ്റ വിവരം അറിഞ്ഞതിന് പിന്നാലെ സിപിഎം ഏരിയാ നേതാവ് സ്ഥലത്ത് വന്നു. അപകടം നടന്ന സ്ഥലം കഴുകി വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചു. ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് പ്രദേശം. കേസെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം പോലീസിന് നല്‍കിയിരുന്നു. ഇതുകാരണം പോലീസ് അറിഞ്ഞ മട്ട് കാണിച്ചിട്ടില്ല. രഹസ്യാന്വേഷണ വിഭാഗങ്ങളെയും വിരട്ടി നിര്‍ത്തിയതിനാല്‍ റിപ്പോര്‍ട്ട് മുകളിലേക്ക് പോയില്ല. എന്നാല്‍, മറുനാടന്‍ വാര്‍ത്ത എല്ലാം തകിടം മറിച്ചു. മുക്കിയ കേസില്‍ നടപടിയെടുക്കേണ്ട അവസ്ഥ പോലീസിന് വന്നു.

ഹൈക്കോടതി നിയോഗിച്ച റിസീവര്‍ക്കാണ് സംഭവങ്ങളുടെ ഉത്തരവാദിത്തമെന്നാണ് എസ്എന്‍ഡിപിയുടെ പരാതിയില്‍ പറയുന്നത്. ക്ഷേത്രത്തില്‍ വെടിവഴിപാട് നടത്തുന്നതിന് നിയമാനുസരണം ലൈസന്‍സോ വെടിമരുന്ന് സൂക്ഷിക്കുന്നതിനുളള സൗകര്യങ്ങളോ ഇല്ലാത്തതാണ്. അനധികൃതമായി സുക്ഷിച്ച വെടിമരുന്നാണ് ഒരാള്‍ക്ക് പൊളളലേല്‍ക്കാന്‍ കാരണമായിട്ടുള്ളത്. നാട്ടുകാര്‍ വിവരം യഥാസമയം ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. അവിടെ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ റിസീവര്‍ക്കെതിരേ നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്.

അതിനിടെ വെടിമരുന്നിന് ലൈസന്‍സുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള നീക്കവും സജീവമായി. ആലപ്പുഴ സ്വദേശിനിയുടെ പേരിലുള്ള ലൈസന്‍സ് കൊണ്ടു വന്ന് ഹാജരാക്കാനാണ് നീക്കം. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ യാതൊരു ലൈസന്‍സും നിലവില്‍ വെടിമരുന്ന് ഉപയോഗിക്കാനില്ല. മാത്രവുമല്ല, സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടവും ശേഖരിച്ചിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധന നടത്തും. പൊള്ളലേറ്റ ജീവനക്കാരന്റെ നില ഗുരുതരമല്ല. ഇയാളുടെ മൊഴി എടുക്കും. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും റിസീവറെ പ്രതി ചേര്‍ക്കുന്ന കാര്യം പരിശോധിക്കുക എന്നാണ് പോലീസ് നിലപാട്.

Tags:    

Similar News