ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു; സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധന; ബജറ്റില്‍ മലയോര കര്‍ഷകര്‍ക്ക് ഒന്നുമില്ല; ഭൂനികുതി വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ്
ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിന് പിടിക്കുന്നു;
കണ്ണൂര്‍: ഭൂനികുതി വര്‍ധനവില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാന്‍ കര്‍ഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ മലയോര കര്‍ഷകര്‍ക്ക് ഒന്നുമില്ലെന്നും ആര്‍ച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശം.
ഭൂനികുതി വര്‍ധന ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വരുമാനവര്‍ധന ലക്ഷ്യമിട്ട് നികുതി വര്‍ധിപ്പിച്ചതോടെ പഞ്ചായത്തുതലംമുതല്‍ ഭൂനികുതി ഗണ്യമായി ഉയരും. ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും കുറഞ്ഞ സ്ലാബില്‍ ഒരു 'ആര്‍' ഭൂമിക്ക് (2.47 സെന്റ്) വര്‍ഷം അഞ്ചുരൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇത് 7.50 രൂപയാകും. വര്‍ധനയിലൂടെ 100 കോടിയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ഭൂമിയുടെ പാട്ടത്തുകയും പരിഷ്‌കരിക്കും. കമ്പോളവിലയ്ക്ക് പകരം സമീപത്തെ സമാനസ്വഭാവമുള്ള ഭൂമിയുടെ ന്യായവില കണക്കിലെടുത്താണ് പാട്ടത്തുക പരിഷ്‌കരിക്കുക. 2023-24 വര്‍ഷം 445.39 കോടി പാട്ടമായി ലഭിക്കേണ്ടതാണെങ്കിലും പിരിച്ചെടുക്കാനായത് 9.18 കോടി മാത്രം. കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രഹരമാണ് ഭൂനികുതി സ്ലാബുകളില്‍ 50 ശതമാനത്തിന്റെ നിരക്ക് വര്‍ധന. ഇതിന്റെ ഭാരം പ്രധാനമായും വന്നുചേരുന്നത് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരിലായിരിക്കും.
നിലവില്‍ പഞ്ചായത്ത് പ്രദേശത്ത് ഒരു ആറിന് (2.47 സെന്റ്) പ്രതിവര്‍ഷം അഞ്ച് രൂപയുള്ളത് ഏഴര രൂപയാക്കി. 8.1 ആര്‍ (20 സെന്റ്) വരെ ഈ നിരക്കായിരിക്കും ബാധകം. എന്നാല്‍ 8.1 ആറിന് മുകളില്‍ വിസ്തൃതിയുള്ളവര്‍ക്ക് നിലവില്‍ ഒരു ആറിന് എട്ട് രൂപയുള്ളത് 12 രൂപയുമാക്കി. അതായത് പഞ്ചായത്ത് പ്രദേശത്ത് 50 സെന്റ് ഭൂമിയുള്ളയാള്‍ക്ക് നിലവില്‍ 168 രൂപയുള്ള ഭൂനികുതി ഇനി 252 രൂപയാകും. 20 സെന്റിന് നിലവില്‍ 40 രൂപയുള്ളത് ഇനി 60 രൂപയുമാകും.
മുനിസിപ്പാലിറ്റി പ്രദേശത്ത് 2.43 ആര്‍ വരെ (ആറ് സെന്റ്) ഒരാറിന് പത്ത് രൂപയുണ്ടായിരുന്നത് 15 രൂപയാക്കിയാണ് വര്‍ധിപ്പിക്കുന്നത്. 2.43 ആറിന് മുകളില്‍ നിലവില്‍ 15 രൂപയുള്ളത് 22.50 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ നാല് സെന്റ് (1.62 ആര്‍) വരെ ആറിന് പ്രതിവര്‍ഷം 20 രൂപയുള്ളത് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. അതിന് മുകളിലുള്ളവര്‍ക്ക് നിലവില്‍ ആര്‍ ഒന്നിന് 30 രൂപയുള്ളത് 45 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചത്.
കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റ് കൃഷി ഭൂമിയുണ്ടെങ്കില്‍ നിലവില്‍ 630 രൂപയാണ് ഭൂനികുതി. ബജറ്റിലെ വര്‍ധനവിലൂടെ 945 രൂപയാകും. ഏപ്രില്‍ ഒന്ന് മുതലായിരിക്കും ബജറ്റിലെ പുതിയ നികുതി നിലവില്‍ വരിക. ഭൂനികുതി വര്‍ധിപ്പിച്ച് 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൃഷി ഇല്ലാതെ തരിശുകിടക്കുന്ന നിലങ്ങള്‍ക്കും വന്യമൃഗശല്യം കാരണം കൃഷി നടത്താനാകാത്ത കര്‍ഷകര്‍ക്കുമൊക്കെ ഭൂനികുതി വര്‍ധന വലിയ പ്രഹരമാകും.
അതേസമയം ഭൂനികുതി വര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വിശദീകരിച്ചത്. ശതമാനം പറഞ്ഞാല്‍ വലിയൊരു വര്‍ധനയായി തോന്നാം. ചെറിയ വര്‍ധനമാത്രമാണ് വരുത്തിയിട്ടുള്ളതെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.