'കന്യാസ്തീ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ? ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല, അവളെ വിടുന്നതാണ്': അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥ
അമ്പരപ്പിക്കുന്ന ജീവിതാനുഭവങ്ങളുമായി മഠം വിട്ട മുന്‍ കന്യാസ്ത്രീ മരിയ റോസയുടെ ആത്മകഥ
കോഴിക്കോട്: മനസ്സ് തകര്‍ന്ന് മരണത്തെ വരിച്ചാലും കനാസ്ത്രീ മഠം വിട്ടുപോകരുതെന്ന അലിഖിത നിയമം ഉണ്ടായിട്ടും ആ വേലിക്കെട്ടുകളെ തര്‍ക്കയാണ്, മരിയ റോസ. ഇറ്റലി ആസ്ഥാനമാക്കിയ 'ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' എന്ന സന്യാസസഭയില്‍ വെറും 15ാം വയസ്സില്‍ ചേര്‍ക്കപ്പെട്ട് നീണ്ട രണ്ടുപതിറ്റാണ്ടിനുശേഷം മഠം വിട്ട മരിയ റോസയുടെ ആത്മകഥ 'മഠത്തില്‍ വിട്ടവള്‍ മഠം വിട്ടവള്‍' ആര്‍ജ്ജവമുള്ള തുറന്നെഴുത്താണ്. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗിക നിമിഷങ്ങളും ജീവിത സംഘര്‍ഷങ്ങളുമെല്ലാം അതിഭാവുകത്വമില്ലാതെ ലളിതമായ ഭാഷയില്‍ കൃത്യതയോടെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. കുമ്പസാരമല്ല ഇതെന്നും താന്‍ അനുഭവിച്ച ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്നും മരിയ റോസ വ്യക്തമാക്കുന്നു.
മരിയ റോസയുടെ ആത്മകഥ തനിക്കിഷ്ടപ്പെട്ടത് ഒരു മുന്‍ കന്യാസ്ത്രീയുടേത് എന്ന പ്രത്യേകത കൊണ്ടല്ലെന്നും, ഒന്നാന്തരമായി എഴുതപ്പെട്ട ജീവിതാഖ്യാനമായതുകൊണ്ടാണെന്നും പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പുസ്തകത്തിന് എഴുതിയ പിന്‍കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. പ്രൊഫ. എം എന്‍ കാരശ്ശേരിയാണ് പുസ്തകത്തിന് അവതാരിക എഴുതിയത്. മഠം ഉപക്ഷിച്ച തന്നെ അരക്കില്ലത്തിലിട്ട് പൊരിക്കുന്നതുപോലെയാണ് കുടുംബവും, സഭയും സമൂഹവും, പെരുമാറിയതെന്ന്, സ്വന്തം ജീവിതാനുഭവങ്ങളിലൂടെ മരിയ റോസ പുസ്തകത്തില്‍ വിവരിക്കുന്നു. മഠം വിടുകയാണ് എന്ന് വീട്ടിലേക്ക് നീല ഇന്‍ലന്റ് പോസ്റ്റ് ചെയ്തതിന് മറുപടി, തങ്ങള്‍ക്ക് ഇങ്ങനെയൊരു മകളളോ പെങ്ങളോ ഇല്ലെന്നായിരുന്നു. കാലങ്ങള്‍ക്ക് ശേഷവും അതിന് മാറ്റം സംഭവിച്ചിട്ടില്ലെന്നും എങ്കിലും തന്നെപ്പോലുള്ള കരുത്തുറ്റ സ്ത്രീകള്‍ ആത്മാഭിമാനത്തോടെ ജീവിക്കുകയാണെന്നും മരിയ റോസ പറയുന്നു.
പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 19ന് കോഴിക്കോട്ട്, പ്രൊഫ. എം എന്‍ കാരശ്ശേരി ഡോ. ജിസാ ജോസിന് നല്‍കിയാണ് നിര്‍വഹിച്ചു. ഡോ. ജെ ജെ പള്ളത്ത്, സുല്‍ഫത്ത് ടീച്ചര്‍, ഡോ. രത്നാകരന്‍ കെ പി, എച്മുക്കുട്ടി, ആര്‍ ജെ ചച്ചു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
നേര്‍ച്ചക്കോഴികളെപ്പോലെ കുറേ ജീവിതങ്ങള്‍
പൊള്ളുന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മരിയ എഴുതുന്ന വാക്കുകള്‍ പലതും സാധാരണക്കാരെ ഞെട്ടിക്കുന്നതാണ്. -'അടിമബോധം നിലനില്‍ക്കുന്നിടത്തോളം കാലം കന്യാസ്ത്രീകള്‍ പൗരോഹിത്യ ദാസ്യവേല തുടരും. ക്രിസ്തുവിന്റെ മണവാട്ടി എന്ന റൊമാന്റിക് ടാഗിനു കീഴില്‍''- മരിയ തുറന്നെഴുതുന്നു.
ഒരുകാലത്തെ ദാരിദ്ര്യം തന്നെയാണ് മഠത്തിലേക്ക് ആളെ കൂട്ടിയതെന്നും അവര്‍ എഴുതുന്നു.' ഓരോ പതിനഞ്ചുകാരിയും മഠത്തില്‍ പോകുന്നതല്ല. അവളെ വിടുന്നതാണ്.1978 -ല്‍ ഞാന്‍ മഠത്തില്‍ ചേര്‍ന്നതിനു ശേഷം ആ കുടുംബത്തില്‍ നിന്നാരും മഠത്തില്‍ ചേര്‍ന്നിട്ടില്ല.. ദൈവം വിളിക്കാന്‍ മറന്നെന്നു തോന്നുന്നു.. കൂലിപ്പണിയെടുത്തോ കോഴി/ കാലിവളര്‍ത്തിയോ മലമടക്കുകളില്‍ കഷ്ടപ്പെട്ടോ സമ്പാദിക്കുന്ന നാണയങ്ങള്‍ കൂട്ടിവെച്ച് മക്കള്‍ക്ക് ട്രങ്ക്പെട്ടിയില്‍ വെള്ളയുടുപ്പുകള്‍ വാങ്ങിവെച്ച് പെണ്മക്കളെ നേര്‍ച്ചക്കോഴിയെ പോലെ കന്യാമഠങ്ങളില്‍ ഉപേക്ഷിക്കുന്ന ചാച്ചന്മാര്‍ വരുത്തിവെക്കുന്ന ദുരന്തം മഠത്തിന്റെ ഗേറ്റുകടക്കുമ്പോള്‍ ആരംഭിക്കുന്നു. ''- മരിയ എഴുതി.
കുടുംബാസൂത്രണം, സന്താന നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പുകള്‍ എന്നിവയൊക്കെ ലഭ്യമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍, കുടുംബ ഭാരം വര്‍ധിക്കുന്നതോടെ, ഛഅമിത ഭാരത്തിന്റെ ഒരു പങ്ക് മഠത്തിലോ അനാഥാലയത്തിലോ എത്തുന്നകയാണെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അവര്‍ക്കറിയാം. അവസാന ശ്വാസം വരെ പിന്നീടുള്ള ജീവിതം വെറും വെറുതെയുള്ള സേവനമാണ്. രോഗവും സംഘര്‍ഷവുമാണ് മിച്ചം. താന്‍ ഏല്‍ക്കേണ്ടിവന്നതും കടന്നുപോയതുമായ ദുരിതത്തിന്റെ കാഠിന്യം അത്രമേല്‍ ശുഷ്‌കിച്ച ശരീരം കാണുന്ന മാത്രയില്‍തന്നെ ബോധ്യമാകുമെന്ന് മരിയ പറയുന്നു. ഒടുക്കം 'മഠത്തില്‍ വിട്ടത് കൊണ്ടാണ് മഠം വിട്ടതെന്ന' ലളിത യുക്തിയോടെ കഠിനമെങ്കിലും സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് മരിയ എത്തപ്പെടുന്നു. 'പള്ളിയില്‍ പോകുന്നില്ലേ ,കുമ്പസാരിക്കുന്നില്ലേ?' എന്ന് ചോദിക്കുന്നവരോട് 'ഞാന്‍ വിശ്വാസിയല്ല 'എന്ന് തുറന്നു പറയുന്നതില്‍ ഇന്ന് അഭിമാനം കൊള്ളുന്നുവെന്നും മരിയ പറയുന്നു.
'മഠം ചാടിയവള്‍' എന്ന നികൃഷ്ട
മഠങ്ങളിലെ ചൂഷണം, വേര്‍തിരിക്കലുകള്‍, മത്സരബുദ്ധി, വ്രതശുദ്ധിക്ക് ചേരാത്ത ജീവിത രീതികള്‍ എന്നിവയൊക്കെ ഈ പുസ്തകത്തില്‍ കാണാം. മഠത്തില്‍നിന്ന് വിട്ടുവന്നവരുടെ ദുരവസ്ഥയും അവര്‍ എഴുതുന്നു-''ചാച്ചിയുടെ മകള്‍ മഠം ചാടി അല്ലേ?' എന്ന് എന്റെ കസിന്‍ ആങ്ങള കല്യാണസദ്യയ്ക്ക് ഇരുന്ന എന്റെ അമ്മയോട് ചോദിച്ചപ്പോള്‍ അത് അവര്‍ക്ക് എത്രമാത്രം വേദനയും പരിഹാസവും ഉളവാക്കുമെന്ന് അവന് അറിയാമായിരുന്നിരിക്കം. അവരുടെ ഉദ്ദേശവും അതുതന്നെയായിരിക്കണം. 'ഒരിക്കല്‍ കലപ്പയില്‍ കൈവച്ചശേഷം തിരിഞ്ഞു നോക്കുന്നവര്‍ ദൈവരാജ്യത്തിന് അര്‍ഹരല്ല ' എന്ന ബൈബിള്‍ വചനം മഠത്തില്‍ വിടുന്നതിന്റെ തലേദിവസം എന്നെക്കൊണ്ട് വായിപ്പിച്ചിട്ടാണ് അത്താഴം വിളമ്പിയത്. വചനം മഠത്തില്‍ നിന്നോ സെമിനാരിയില്‍ നിന്നോ തിരിച്ചുപോരുന്നവര്‍ക്കുള്ള താക്കീതായി ഇന്നും വ്യാഖ്യാന വ്യാഖ്യാനിക്കപ്പെടുന്നു.
മഠത്തില്‍ നിന്നും മടങ്ങുന്നവള്‍ ,വിവാഹമോചനം നേടിയവള്‍ ,ഇഷ്ടമുള്ളവരെ വിവാഹം കഴിക്കുന്നവള്‍, രാത്രിയില്‍ പുറത്തു പോകുന്നവള്‍... ഇവരെയെല്ലാം ഇന്നും കേരളം എങ്ങനെയാണ് നോക്കി കാണുന്നത്? 'കുടുംബത്തിന് നാണക്കേട്', 'മതവികാരം വ്രണപ്പെടുത്തി', 'സഭയെ തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു', 'എല്ലാവരെയും അടച്ചാക്ഷേപിക്കുന്നു' എന്നി സ്റ്റേറ്റ്മെന്റുകള്‍ പഴുതായി ഉപയോഗിക്കപ്പെടും. എയ്ഞ്ചല്‍ ജാസ്മിന്‍ എന്ന 28 കാരി (മുന്‍ കന്യാസ്ത്രീ കൂടിയായിരുന്നു) സ്വന്തം പിതാവായ ജോസ് മോന്‍ ,മാതാവ് എന്നിവരാല്‍ ശ്വാസം മുട്ടിച്ചു കൊല്ലപ്പെടുമ്പോള്‍ അവളുടെ പൊറുക്കാനാവാത്ത അപരാധം എന്തായിരുന്നു? 'നാട്ടുകാരുടെ വാക്കുകള്‍ കേട്ട് മടുത്തു , സാറേ,' നിഷ്‌കളങ്കന്റെ കുറ്റസമ്മതം!
ദൈവകോപവും നാട്ടുകാരുടെ പുച്ഛവാക്കുകളും ,ഈഗോയും കൊണ്ടുനടക്കുന്നവര്‍, മകളുടെ ജീവനേക്കാള്‍ വില കൊടുക്കുന്നവര്‍ ! കേരളത്തില്‍ നാട്ടുകാരുടെ വാക്കുകള്‍ക്ക് എന്താണ് ഇത്ര അധികം മൂല്യം?
ഭര്‍തൃഗ്രഹത്തിലെ ആത്മഹത്യകളും കന്യാമ മഠങ്ങളിലെ കിണര്‍ മരണങ്ങളും, ദുരഭിമാന കൊലകളും ഇവിടെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞോ?''- മരിയ കേരള മനസാക്ഷിയിലേക്ക് ഗുരുതരമായ പല ചോദ്യങ്ങളും ചോദിക്കുന്നുണ്ട്.