ഉത്തരവിട്ടത് സിപിഎം ജില്ലാ സെക്രട്ടറി ജോയ്; നടപ്പിലാക്കിയത് എസിപി ഷാനി ഖാന്‍; സ്വകാര്യ ഇന്നോവ വിട്ട് കൊടുത്തത് ഡിസിപി സാഹീര്‍; വൃദ്ധമാതാപിതാക്കളുടെ മുന്‍പില്‍ വച്ച് കെണി വച്ച് പിടിച്ചത് ഇന്‍സ്‌പെക്ടര്‍ നിയാസ്: മുഖ്യമന്ത്രിയോ ഡിജിപിയോ അറിയാതെ അര്‍ദ്ധരാത്രിയില്‍ മറുനാടന്‍ ഷാജനെ പിടിച്ചെങ്കിലും കോടതി കൈവിട്ടതോടെ പണികിട്ടുക ആര്‍ക്കൊക്കെ?
തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് വിവാദത്തില്‍ തനിക്കും ഒന്നും അറിയില്ലെന്ന നിലപാടിലേക്ക് പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും. ഏത് സാഹചര്യത്തിലാണ് വീട്ടില്‍ നിന്നും ഷാജന്‍ സ്‌കറിയയെ ഷര്‍ട്ട് പോലും ഇടാതെ അറസ്റ്റ് ചെയ്തുവെന്ന ചോദ്യം മുഖ്യമന്ത്രി ഉയര്‍ത്തിയിരുന്നു. അറസ്റ്റു നടപടികള്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. പോലീസ് മേധാവിയുടെ സമ്മതം അറസ്റ്റിനുണ്ടായിരുന്നുവെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ താനൊന്നും അറിഞ്ഞില്ലെന്ന നിലപാടിലാണ് പോലീസ് മേധാവി. സൈബര്‍ സെല്‍ സിഐ നിയാസാണ് ഷാജന്‍ സ്‌കറിയയെ അര്‍ദ്ധരാത്രി അറസ്റ്റു ചെയ്യുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും സൂചനകളുണ്ട്. നിയാസിനെതിരെ നിരവധി അച്ചടക്ക ലംഘന പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിലെല്ലാം അനുകൂല തീരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷ നല്‍കി നിയാസിനെ കൂടെ നിര്‍ത്തുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. ഇതിനിടെ ഈ ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ കൂടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ പോലീസിന്റെ ചുമതലയുള്ള എസിപി ഷാനി ഖാന് ഇതില്‍ വ്യക്തമായ ഉത്തരവാദിത്തമുണ്ട്. പോലീസ് വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് പോലീസ് അറസ്റ്റിന് എത്തിയത്.
ഈ വാഹനം തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഡിസിപി സാഹിറിന്റേതായിരുന്നു. അതായത് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് അറസ്റ്റിന് പിന്നിലെ കരുനീക്കം നടത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പോലും സുപ്രീംകോടതി മാര്‍ഗ്ഗ നിര്‍ദ്ദേശം പാലിക്കാതെയുള്ള അറസ്റ്റിനെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല. ഏതായാലും അന്യായ അറസ്റ്റിനെതിരെ ഷാജന്‍ സ്‌കറിയ നിയമ നടപടികളുമായി മുമ്പോട്ട് പോകും. ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതിയും അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് വിശദീകരിച്ചിട്ടുണ്ട്.
കോടതിയില്‍ നിന്നും കേസില്‍ സെര്‍ച്ച് വാറണ്ടിന് പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഉപാധികളോടെയാണ് കോടതി അത് അനുവദിച്ചത്. അതുകൊണ്ട് തന്നെ ആ ഉത്തരവിട്ട ജഡ്ജി അവധിക്ക് പോയ സമയം നോക്കിയാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാനുള്ള നീക്കം നടത്തിയതെന്നതും ശ്രദ്ധേയമാണ്. സുപ്രീംകോടതിയുടെ അറസ്റ്റ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ച ഓപ്പറേഷന് പിന്നില്‍ വമ്പന്‍ ഇടപാടുകാരുണ്ടെന്നാണ് സൂചന. എന്നാല്‍ ഒന്നും ആഭ്യന്തര വകുപ്പോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിഞ്ഞിരുന്നില്ല.
മുഖ്യമന്ത്രിയുടെ പൊളിട്ടിക്കല്‍ സെക്രട്ടറി ശശിയാണ് പോലീസിലെ കാര്യങ്ങള്‍ നോക്കുന്നത്. ശശിയും ഈ ഓപ്പറേഷനെ കുറിച്ച് അറിഞ്ഞിരുന്നില്ല. എരുമേലിയിലെ വീട്ടില്‍ നിന്ന് തുടങ്ങിയ പോലീസ് നിരീക്ഷണമാണ് കുടപ്പനക്കുന്നിലെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഷാജന്‍ സ്‌കറിയയെ നേരത്തെ അറസ്റ്റു ചെയ്യാനുള്ള നീക്കമെല്ലാം പാളിയിരുന്നു. പിവി അന്‍വറിന്റെ ആവശ്യപ്രകാരം അന്ന് എഡിജിപിയായിരുന്ന എംആര്‍ അജിത് കുമാറായിരുന്നു ആ നീക്കം നടത്തിയതും. അന്ന് അജിത് കുമാറിന് കഴിയാത്തത് ഇന്ന് സാധിക്കണമെന്ന നിര്‍ദ്ദേശമാണ് സിഐ നിയാസിന് ലഭിച്ചത്. അതിന് അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ വിഷയത്തില്‍ ബന്ധപ്പെട്ട പോലീസുകാരെ എല്ലാം മുഖ്യമന്ത്രി ശാസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
തൃശൂര്‍ പൂര ആഘോഷങ്ങള്‍ നടക്കുന്ന ദിനം ഇതിന് വേണ്ടി തിരഞ്ഞെടുത്തതും കരുതലോടെയാണ്. കഴിഞ്ഞ തവണ പൂരം കലങ്ങിയത് പോലീസിന് നാണക്കേടായി മാറി. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, തൃശൂരിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വെങ്കിടേഷിന് പോലും വ്യക്തമായ ധാരണ നല്‍കാതെ 'ഓപ്പറേഷന്‍ മറുനാടന്‍' നടന്നുവെന്നതാണ് വസ്തുത. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നും അറിഞ്ഞില്ല. അടുത്ത ദിവസം രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ മാത്രമാണ് ഷര്‍ട്ടിടാതെ ഷാജന്‍ സക്റിയയെ പോലീസ് അറസ്റ്റു ചെയ്തത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടത്.
ഈ അറസ്റ്റ് ഷെയ്ഖ് ദര്‍വേശ് സാഹബിന് അറിയാമെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ നിയമവിരുദ്ധ അറസ്റ്റില്‍ തനിക്ക് സൂചനയൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡിജിപിയുടെ നിലപാട്. പോലീസിലെ ഇന്റലിജന്‍സ് മേധാവിയും ഇതൊന്നും അറിഞ്ഞില്ല. സ്പെഷ്യല്‍ ബ്രാഞ്ച് ചുമതലയുള്ള പോലീസുകാരെ അറിയിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ ഭാഗത്തു നിന്നുമുണ്ടായി.
തീര്‍ത്തും പാടില്ലാത്ത സംഭവങ്ങലാണ് നടന്നതെന്നാണ് പിണറായിയുടേയും വിലയിരുത്തല്‍. ജൂണ്‍ 30ന് പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുകയാണ്. അതിനിടെയാണ് ഇത്തരമൊരു വിവാദം പോലീസുണ്ടാക്കിയത്. ഇത് പോലീസ് മേധാവിയ്ക്ക് അറിയാമായിരുന്നോ എന്ന സംശയം മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്. ഇത്തരം വിവാദ നീക്കങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ മാത്രമേ ഉണ്ടാകൂവെന്ന സന്ദേശം ബന്ധപ്പെട്ടവര്‍ക്കെല്ലാം പോയിട്ടുണ്ട്.
അറസ്റ്റും അര്‍ദ്ധരാത്രി ജാമ്യം കിട്ടിയതുമെല്ലാം സര്‍ക്കാരിനാണ് തലവേദനയായി മാറിയത്. പഴയൊരു പരാതിയിലായിരുന്നു അറസ്റ്റ്. പരാതിക്കാരിയുടെ വിശ്വാസ്യതയും ചരിത്രവും തട്ടുമായി ബന്ധപ്പെട്ട മറുനാടന്‍ വാര്‍ത്തയുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദുബായില്‍ അറസ്റ്റിലായ വ്യവസായിക്ക് വേണ്ടി ആരാണ് ഇതിന് പിന്നില്‍ ചരടു വലിച്ചതെന്ന അന്വേഷണവും മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയ മുന സിപിഎം ജില്ലാ സെക്രട്ടറി വിഎസ് ജോയിയുടെ നേര്‍ക്ക് നീളുന്നത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറിയിച്ചിട്ടുണ്ട്. തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി കോടതിയലക്ഷ്യമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും ഷാജന്‍ സ്‌കറിയ വിശദീകരിച്ചിട്ടുണ്ട്.
ഷാജന്‍ സ്‌കറിയയ്ക്കെതിരേ ചുമത്തിയത് മൂന്നുവര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മാഹി സ്വദേശി ഗാനാവിജയന്‍ നല്‍കിയ പരാതിയില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റുചെയ്ത് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ഷാജന് ജാമ്യവും ലഭിച്ചു. തൊണ്ടിമുതല്‍ കണ്ടെടുക്കണമെന്ന ആവശ്യം പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കാതിരുന്നതിനാല്‍ ജാമ്യത്തിനു തടസ്സമുണ്ടായില്ല. അറുപതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് കോടതി ഷാജനെ വിട്ടയച്ചത്. അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം.
സമാനകുറ്റങ്ങളില്‍ ഏര്‍പ്പെടരുതെന്ന കര്‍ശന നിര്‍ദേശവും ജാമ്യവ്യവസ്ഥയിലുണ്ട്. ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശം, സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ പെരുമാറ്റം, സാമൂഹികമാധ്യമങ്ങളിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക, പൊതുശല്യം ഉണ്ടാക്കുക എന്നീ കുറ്റങ്ങളാണ് സൈബര്‍പോലീസ് ഷാജനെതിരേ ചുമത്തിയത്.
ചിത്രം സഹിതം ചാനലില്‍ പ്രദര്‍ശിപ്പിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് യുവതി സൈബര്‍ പോലീസില്‍ നല്‍കിയ പരാതി. ഭക്ഷണം കഴിക്കുന്നതിനിടെ കുടപ്പനക്കുന്നിലെ വീട്ടില്‍നിന്ന്, ഉടുപ്പ് ധരിക്കാന്‍പോലും അനുവദിക്കാതെ ഷാജനെ പോലീസ് അറസ്റ്റു ചെയ്തത് മാധ്യമസ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കം പ്രതികരിച്ചിരുന്നു. ഷാജന്‍ സ്‌കറിയയുടെ അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വച്ചായിരുന്നു പോലീസിന്റെ നാടകീയ നീക്കങ്ങള്‍.