പത്ത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ തെളിഞ്ഞത് മറുനാടന്റെ സത്യം; പൊളിഞ്ഞത് മറുനാടനെ കരിവാരിത്തേക്കാന്‍ ഇറങ്ങിയ ആളുടെ തനിനിറം; അര്‍ജുന്‍ ദാസിനെതിരായ കേസില്‍ മറുനാടന്‍ മലയാളിക്ക് അനുകൂല വിധി; സത്യത്തിന്റെ വിജയമെന്ന് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ

പത്ത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തില്‍ തെളിഞ്ഞത് മറുനാടന്റെ സത്യം

Update: 2025-05-20 14:19 GMT

തിരുവനന്തപുരം: മലയാളം മാധ്യമരംഗത്ത് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമം ഒറ്റയ്ക്ക് പൊരുതിക്കയറി മുഖ്യധാരയെ വെല്ലുന്ന നിലയില്‍ വളര്‍ന്നിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ കൊടികുത്തി വാഴുന്ന കാലത്താണ് മറുനാടന്‍ എന്ന് കുഞ്ഞന്‍ മാധ്യമം അന്ന് സ്വന്തം നിലയില്‍ മാധ്യമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്ന നിലയില്‍ അന്ന് മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി മറ്റുള്ളവരുടെ പരസ്യം വാങ്ങാതെ സ്വന്തമായി മുന്നോട്ടു പോകുക എന്നതായിരുന്നു മറുനാടന്റെ ശൈലി. ആ ശൈലി കൊണ്ട് തന്നെയാണ് ഇന്നത്തെ നിലയിലേക്ക് മറുനാടന്‍ വളര്‍ന്നതും.

മുഖ്യധാരാ മാധ്യമങ്ങള്‍ പരസ്യ താല്‍പ്പര്യം കൊണ്ട് വാര്‍ത്ത മുക്കിയിരുന്ന കാലത്ത് സത്യത്തില്‍ വിശ്വസിച്ച് ആ വാര്‍ത്തകള്‍ മറുനാടന്‍ നല്‍കിയിരുന്നു. ആ ശ്രമങ്ങള്‍ക്ക് വായനക്കാര്‍ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. വന്‍കിടക്കാരുടെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയെങ്കിലും നീതിയുടെ വഴിയിലാണ് മറുനാടന്‍ നില കൊണ്ടത്. പില്‍ക്കാലത്ത് മറുനാടന്റെ പാതയില്‍ യുട്യൂബില്‍ അടക്കം വാര്‍ത്താ കണ്ടന്റുകള്‍ നല്‍കി മറ്റ് യുട്യൂബുകള്‍ പിറവിയെടുത്തു. ഇവിടെയെല്ലാം മാതൃകയായിരുന്നത് മറുനാടനായിരുന്നു.

വാര്‍ത്തയിലെ സത്യാവസ്ഥ തേടിയുള്ള മറുനാടന്റെ യാത്രയില്‍ പല തടസ്സങ്ങളും നേരിടേണ്ടി വന്നെങ്കിലും അതെല്ലാം അതിജീവിക്കാന്‍ മറുനാടന് സാധിച്ചിരുന്നു. സത്യസന്ധമായ വാര്‍ത്തകള്‍ ചെയ്തതിന്റെ പേരില്‍ ചിലര്‍ കള്ളക്കേസില്‍ കുടുക്കാനും ശ്രമങ്ങള്‍ നടത്തി. ഐ ടി ആക്ടില്‍ 66 എ വകുപ്പ് നിലനിന്ന കാലത്ത് നിരവധി കേസുകള്‍ മറുനാടനെതിരെ ഉണ്ടായിരുന്നു. എന്നാല്‍, ഈ വകുപ്പു സുപ്രീംകോടതി ഇടപെട്ട് റദ്ദാക്കിയതോടെ അത്തരം കേസുകള്‍ റദ്ദു ചെയ്യപ്പെട്ടു.


Full View

മറ്റു ചില പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ കേസുകള്‍ മുന്‍പോട്ട് പോകാന്‍ സാധിക്കാതെ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയിട്ടുണ്ട്. സിപിഎം വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ എത്തിയ കേസുകളില്‍ നിയമ പോരാട്ടത്തിലാണ് മറുനാടന്‍. ഇതിനിടെ പത്ത് വര്‍ഷം നീണ്ട ഒരു നിയമ പോരാട്ടത്തില്‍ മറുനാടന്‍ മലയാളി വിജയം കണ്ടു. മറുനാടന്‍ മലായളി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നല്‍കിയ ഒരു വാര്‍ത്തക്കെതിരെ നല്‍കിയ കേസിലാണ് മറുനാടന് വിധി വന്നത്. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് നല്‍കിയ മാനനഷ്ട കേസിലാണ് മറുനാടന് അനുകൂലമായ വിധി വന്നത്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ ഒന്നാം പ്രതിയായിരുന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്.

അര്‍ജുന്‍ദാസ് നല്‍കിയ കേസില്‍ മറുനാടന്‍ എഡിറ്റര്‍ക്ക് പുറമേ വാര്‍ത്ത ഷെയര്‍ ചെയ്ത സുനിത ദേവദാസ്, ശ്രീരാം ഹെബ്ബര്‍, സലില്‍ നായര്‍, സുനില്‍കുമാര്‍ എന്നിവരായിരുന്നു കേസിലെ പ്രതിസ്ഥാനത്ത്. ഇതില്‍ 1, 4, 5 പ്രതികലെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടപ്പോള്‍ കോടതിയില്‍ വിചാരണാ വേളയില്‍ ഹാജറാകാതിരുന്ന സുനിത ദേവദാസിന്റെ കേസ് സ്പ്ലിറ്റ്‌ചെയ്ത് വാറണ്ട് പുറപ്പെടുവിച്ചു. മറുനാടന്‍ മലയാളിക്ക് വേണ്ടി കാഞ്ഞിരപ്പള്ളി കോടതിയിലെ അഭിഭാഷകനായ അഡ്വ. ബിനോയി ജോസ് വക്കത്താനമാണ് കോടതിയില്‍ ഹാജറായത്. കേസിലെ സിറ്റിംഗുമായി ബന്ധപ്പെട്ട് നൂറിലേറെ തവണ അഡ്വ ബിനോയി കോടതിയില്‍ ഹാജറായി.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അര്‍ജുന്‍ദാസ് 2015ല്‍ നല്‍കിയ കേസിലാണ് ഇക്കഴിഞ്ഞ 2025 മെയ് 5ന് വിധി പ്രസ്താവം ഉണ്ടായത്. പത്ത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലാണ് മറുനാടന്റെ സത്യം വിജയിക്കുന്നത്. 2015 സെപ്തബര്‍ മാസം 19ന് കാസര്‍കോടു നിന്നും തിരുവനന്തപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസില്‍ യാത്ര ചെയ്ത അര്‍ജുന്‍ദാസ് മദ്യലഹരിയില്‍ ലക്കുകെട്ട് പെരുമാറിയിരുന്നു. ഷൊര്‍ണൂറില്‍ വെച്ച് റെയിവേ പോലീസ അര്‍ജുന്‍ദാസിനെ പിടികൂടി പിഴ ഈടാക്കി. ഈ സംഭവം വാര്‍ത്ത ആക്കിയതിന്റെ പേരിലായിരുന്നു മറുനാടന്‍ മലയാളിക്കെതിരെ കേസ് നല്‍കിയത്.


 



കാസര്‍കോട് നടന്ന കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് തിരികെ വരികയായിരുന്നു അര്‍ജുന്‍ദാസ്. മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയപ്പോള്‍ ഷൊര്‍ണൂര്‍ പോലീസ് ഇയാളെ ലോക്കപ്പിലാക്കുകയാണ് ചെയ്തത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം പിഴയും അടച്ച ശേഷം ഇങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്ന ഭാവത്തിലായിരുന്നു അര്‍ജുന്‍ദാസ് മറുനാടനെതിരെ നിയമ നടപടി തുടങ്ങിയത്. മറുനാടന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്ത തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നായിരുന്നു പരാതി. എന്നാല്‍ മറുനാടന്‍ വാര്‍ത്ത വസ്തുതാപരമാണെന്ന് വെളിപ്പെടുത്തുന്നതാണ് കേസില്‍ മറുനാടനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി.

പരാതിക്കാരിന്റെ സല്‍പ്പേരിന് കോട്ടം തട്ടിയെന്ന് തെളിയിക്കാന്‍ സാക്ഷികള്‍ ഇല്ലെന്നു. മാനം പോയി എന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്നും കോടതി വിധിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ മറുനാടന്‍ എഡിറ്റര്‍ കോടതിയില്‍ ഹാജറായിരുന്നു. മറുനാടന്‍ സത്യം മനസ്സിലാക്കി വാര്‍ത്ത കൊടുത്തതെന്ന വാദമാണ് കോടതി വിധിയിലൂടെ തെളിയിക്കപ്പെടുന്നത്. സത്യത്തിന്റെ വിജയമെന്ന് ഇതെന്ന് ഷാജന്‍ സ്‌കറിയയും പ്രതികരിച്ചു. മറുനാടന്‍ സത്യസന്ധമായി വാര്‍ത്തകള്‍ നല്‍കുമ്പോള്‍ അതിനെതിരെ ആരെങ്കിലും പരാതിയുമായി രംഗത്തുവരുമ്പോള്‍ പ്രാഥമിക പരിശോധനകള്‍ പോലും നടത്താതെയാണ് പോലീസ് കേസെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മറുനാടനെതിരെ നിയമ പോരാട്ടം തുടങ്ങിയ വേളയില്‍ അര്‍ജുന്‍ദാസിനെതിരെ ഒരു കേസ് അന്നുണ്ടായിരുന്നു എങ്കില്‍ പിന്നീട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായാണ് അര്‍ജുന്‍ ഇന്ന്. രാജസ്ഥാന്‍ സ്വദേശിയെ കബളിപ്പിച്ചതിന് അര്‍ജുന്‍ ദാസിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകള്‍ക്ക് തുനിഞ്ഞപ്പോള്‍ ഇയാളെ പാര്‍ട്ടിയും കൈവിട്ടിരുന്നു.

Tags:    

Similar News