കോഴിക്കോട് തീപിടിത്തത്തിന് പിന്നില്‍ ടെക്സ്‌റ്റൈല്‍സ് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കമോ? ദുരൂഹതയില്‍ അന്വേഷണം; കെട്ടിട നിര്‍മാണത്തില്‍ വന്‍ നിയമലംഘനങ്ങള്‍; അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ പണം വാങ്ങി അനുമതി നല്‍കിയെന്ന് പ്രതിപക്ഷം
കോഴിക്കോട് തീപിടിത്തത്തിന് പിന്നില്‍ ടെക്സ്‌റ്റൈല്‍സ് വ്യാപാര പങ്കാളികള്‍ തമ്മിലുള്ള തര്‍ക്കമോ?
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടോയെന്നതില്‍ അന്വേഷണം. തീ ആദ്യം പടര്‍ന്നെന്നു കരുതുന്ന ടെക്സ്‌റ്റൈല്‍സിലെ വ്യാപാര പങ്കാളികള്‍ തമ്മില്‍ ഒന്നരമാസം മുമ്പ് സംഘര്‍ഷമുണ്ടായിരുന്നതായി വിവരം. കത്തി നശിച്ച വ്യാപാര സ്ഥാപനത്തിന്റെ മുന്‍ പാര്‍ട്ണറും ഇപ്പോഴത്തെ പാര്‍ട്ണറും തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ചാണ് പൊലീസ് അന്വേഷണം. കത്തി നശിച്ച ടെകസ്‌റ്റൈല്‍സിന്റെ പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കമാണോ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമായി അന്വേഷിക്കുന്നത്.
നിലവില്‍ കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിലുള്ളതാണ് ടെക്‌സ്റ്റൈല്‍സ്. ഇതിന്റെ മുന്‍ പങ്കാളിയായിരുന്നു പ്രകാശന്‍. പ്രകാശനും മുകുന്ദനും തെറ്റിപ്പിരിഞ്ഞു. പിന്നീട് പ്രകാശന്‍ മറ്റൊരു ടെക്‌സ്റ്റൈല്‍സ് ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മില്‍ ചില കാര്യങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രകാശന്‍ മുകുന്ദനെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. കേസില്‍ പ്രകാശന്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്. ഇരുവരും തമ്മിലുള്ള തര്‍ക്കമാണോ ഇന്നലത്തെ തീപിടിത്തത്തിന് പിന്നിലെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നിര്‍മാണത്തിലിരുന്ന കെട്ടിടങ്ങള്‍ ഇരുവരും പരസ്പരം തകര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ടെക്സ്റ്റയില്‍ ആണ് ഇന്നലെ കത്തി നശിച്ചത്. ഇന്നലെ വൈകിട്ടാണ് തീപിടിത്തമുണ്ടായത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്പെഷ്യല്‍ ഫയര്‍ യൂണിറ്റുകളടക്കം എത്തി, അഞ്ചര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തില്‍ കോടികളുടെ നഷ്ടമാണുണ്ടായത്. ഒഴിവുദിവസം ആയതിനാല്‍ ആളപായമുണ്ടായില്ല.
അതേസമയം, കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തിന് കാരണ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ സ്ഥലത്ത് ഇന്ന് രാവിലെ ജില്ല കളക്ടറടക്കമുള്ളവരെത്തി പരിശോധിച്ചു. ഫോറന്‍സിക് വിദഗ്ധറടക്കം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഫയര്‍ഫോഴ്‌സിന്റെ പരിശോധനയും നടക്കും.
സ്‌കൂള്‍ തുറക്കുന്ന കാലമായതിനാല്‍ ടെക്‌സ്റ്റൈല്‍സില്‍ വലിയ രീതിയില്‍ സ്റ്റോക്കുണ്ടായിരുന്നു. രണ്ടു നിലയുള്ള കോപ്ലംക്‌സില്‍ അമ്പതോളം കടകളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സംഭവത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2007 ഏപ്രിലില്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏട്ടുപേര്‍ മരിച്ച ദുരന്തത്തിനുശേഷം കോഴിക്കോട് നഗരത്തിലുണ്ടായ വന്‍ തീപിടിത്തമായിരുന്നു ഇത്.
അതേസമയം വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണസമിതിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഏറെയുണ്ടെന്നും ഇക്കാര്യത്തിലൊന്നും കോര്‍പ്പറേഷന്‍ നടപടിയെടുത്തില്ലെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് കെസി ശോഭിത പറഞ്ഞു. കെട്ടിടം ഉടമ എന്ന നിലയില്‍ ചെയ്യേണ്ട ഒരു കാര്യങ്ങളും കോര്‍പ്പറേഷന്‍ ചെയ്തിട്ടില്ല. ലിഫ്റ്റ് ഉള്‍പ്പെടെ ബഹുനില കെട്ടിടങ്ങളില്‍ ഉണ്ടാകേണ്ട സൗകര്യങ്ങളൊന്നും ഈ കെട്ടിടത്തില്‍ ഇല്ല. യാതൊരു സുരക്ഷാ സംവിധാനവും കെട്ടിടത്തിലില്ല. അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും നഗരത്തില്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ഇല്ലാത്തത് പ്രതിസന്ധിയാണെന്നും കെസി ശോഭിത പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിന് കാരണം കോര്‍പറേഷന്‍ പണം വാങ്ങി അനധികൃത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതാണെന്ന് ടി.സിദ്ദീഖ് എം.എല്‍.എ ആരോപിച്ചു. കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഫയര്‍ഫോഴ്‌സ് ആവശ്യപ്പെട്ടിട്ടും കോര്‍പ്പറേഷന്‍ നല്‍കിയില്ല. ഫയര്‍ ഓഡിറ്റ് നടത്തുന്നതിലും വലിയ വീഴ്ച ഉണ്ടായതാണ് തീപിടിത്തത്തിന്റെവ്യാപ്തി കൂട്ടിയതെന്ന് ടി.സിദ്ദീഖ് കോഴിക്കോട് ആരോപിച്ചു. വളരുന്ന കോഴിക്കോടിനെ തീപ്പിടുത്ത നഗരമാക്കി മാറ്റിയത് സര്‍ക്കാറും കോര്‍പറേഷനുമാണ്. ആരാണ് തീപിടുത്തമുണ്ടായ കെട്ടിടത്തിന് മുകള്‍ ഭാഗം കെട്ടിയടക്കാന്‍ അനുമതി നല്‍കിയത്. ഇവിടെ പണത്തിന് മുകളില്‍ പരുന്തും പറക്കില്ല എന്ന അവസ്ഥയാണെന്നും ടി സിദ്ദീഖ് ആരോപിച്ചു.
കോഴിക്കോട് നഗരത്തില്‍ അഞ്ചു മണിക്കൂര്‍ പരിശ്രമിച്ചിട്ടും തീയണയ്ക്കാന്‍ സാധിക്കാത്തത് അനുഭവത്തില്‍നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാഠങ്ങള്‍ പഠിക്കാത്തതുകൊണ്ടാണെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബുവും കുറ്റപ്പെടുത്തി. മിഠായിത്തെരുവ് തീപിടിത്തത്തില്‍നിന്നും മെഡിക്കല്‍ കോളജില്‍ അടുത്തിടെയുണ്ടായ തീപിടിത്തത്തില്‍നിന്നും പാഠം പഠിക്കാത്ത സര്‍ക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഏത് ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടെങ്കിലും നടപടി സ്വീകരിക്കും. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
കോഴിക്കോട് ബസ്റ്റാന്‍ഡ് കെട്ടിടത്തിലെ തീ പിടുത്തത്തില്‍ വലിയ നഷ്ടമാണ് കെട്ടിടത്തിലെ വ്യാപരികള്‍ക്ക് ഉണ്ടായത്. ഏറ്റവും താഴത്തെ നിലയില്‍ ഇരു ഭാഗത്തുമായി 40 ചെറുകിട വ്യാപാര സ്ഥാപങ്ങളുണ്ട്. ഇവിടേക്ക് തീപടര്‍ന്നില്ലെങ്കിലും കടകള്‍ തുറക്കാന്‍ അനുമതി ഇല്ല. ഇതോടെ ലോട്ടറി വില്‍പ്പനക്കാരടക്കമാണ് പ്രതിസന്ധിയിലായത്.