റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം പ്രകാരം ഭൂമി സര്‍ക്കാറിന് കൈമാറാന്‍ സമ്മതിച്ചത് വന്യജീവി ശല്യത്തെത്തുടര്‍ന്ന്; 45 ലക്ഷം രൂപ നഷ്ടപരിഹാരത്തില്‍ ആകെ നല്‍കിയത് 22 ലക്ഷം മാത്രം; ബാക്കി തുകയ്ക്കായി വനംവകുപ്പിനോട് പോരാട്ടം ഹൈക്കോടതി വരെ; സര്‍ക്കാരിനെതിരെ അഭിഭാഷകരില്ലാതെ വാദിച്ചു ജയിച്ച് മേയ് മോള്‍
സര്‍ക്കാരിനെതിരെ അഭിഭാഷകരില്ലാതെ വാദിച്ചു ജയിച്ച് മേയ് മോള്‍
കൊച്ചി: അഭിഭാഷകര്‍ ഉണ്ടായാല്‍പ്പോലും എല്ലാത്തവണയും വിജയം കാണാത്ത നിയമവഴിയില്‍ അഭിഭാഷകരില്ലാതെ ഒറ്റയ്ക്ക് വാദിച്ച് ജയിച്ച് തനിക്ക് കിട്ടേണ്ട നീതി നേടിയെടുത്ത് യുവതി. അതും സംസ്ഥാന സര്‍ക്കാറിനെതിരെ. പിഎച്ച്ഡി സ്‌കോളറും കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മേയ്‌മോള്‍ പി. ഡേവിസാണ മേയ്മോളാണ് സര്‍ക്കാറില്‍ നിന്നും തനിക്ക് കിട്ടേണ്ട നഷ്ടപരിഹാരതുക നിയമപോരാട്ടത്തിലൂടെ നേടിയെടുത്തത്. വന്യജീവിശല്യം കാരണം റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം (കെ.ഡി.ആര്‍.പി) അനുസരിച്ച് വനംവകുപ്പിന് കൈമാറിയ ഭുമിയുടെ നഷ്ടപരിഹാരത്തിനായാണ് വനംവകുപ്പിനെതിരെ അഭിഭാഷകര്‍ പോലുമില്ലാതെ മേയ് മോള്‍ ഒന്നരവര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയത്.
നഷ്ടപരിഹാരത്തുകയായ 45 ലക്ഷത്തില്‍ ആദ്യഗഡു മാത്രമാണ് ഇവരുടെ കുടുംബത്തിന് ലഭിച്ചത്.ബാക്കി തുകയ്ക്കായുള്ള കാത്തിരിപ്പ്
നീണ്ടതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജിക്കാരിക്ക് അര്‍ഹതയുള്ള 45ലക്ഷം രൂപയില്‍ ആദ്യഗഡുവായി നല്‍കിയ 22.5ലക്ഷം കഴിച്ചുള്ള തുക രണ്ടാഴ്ചയ്ക്കകം ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാനാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കഴിഞ്ഞ 18ന് ഉത്തരവിട്ടത്.
തൃക്കാരിയൂര്‍, കുര്‍ബാനപ്പാറ മേഖലയിലെ 155 കുടുംബങ്ങള്‍ക്കൊപ്പമാണ് മേയ്മോളും ക്യാന്‍സര്‍ ബാധിതയായ മാതാവ് മോളിയും കൈവശഭൂമി കൈമാറാനുള്ള സന്നദ്ധത അറിയിച്ചത്.വന്യമൃഗശല്യമുള്ള കൃഷിഭൂമിയില്‍ പിതാവിന്റെ മരണശേഷം അമ്മയും മകളും മാത്രമായിരുന്നു താമസം.2023 ആഗസ്റ്റ് 22ന് നല്‍കിയ അപേക്ഷയില്‍ നടപടിയുണ്ടായില്ല.മറ്റ് അപേക്ഷകര്‍ മടിച്ചുനില്‍ക്കെ മേയ്മോള്‍ ഹൈക്കോടതിയെ സമീപിച്ചു.വക്കീല്‍ ഇല്ലാതെ കേസ് വാദിച്ചു. ഹര്‍ജിയില്‍ രജിസ്ട്രി കണ്ടെത്തിയ 22 പോരായ്മകളും പരിഹരിച്ചു.
മൂന്നു മാസത്തിനുള്ളില്‍ വനംവകുപ്പ് മുഴുവന്‍ തുകയും നല്‍കണമെന്ന് സിംഗിള്‍ബെഞ്ച് വിധിച്ചു. പക്ഷേ, 45ലക്ഷം രൂപയില്‍ 22.5ലക്ഷം നല്‍കി സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചു.ഇതിനെതിരെ മേയ്മോള്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തു.അനുകൂല വിധിയുണ്ടായിട്ടും വനംവകുപ്പ് ലംഘിച്ചു.വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ വനംവകുപ്പ് പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തു. അതിനെതിരെ മേയ്മോള്‍ സമര്‍പ്പിച്ച അപ്പീലാണ് വിജയം കണ്ടിരിക്കുന്നത്.
ഭൂമിയുടെ കൈവശാവകാശ രേഖകള്‍ വനംവകുപ്പിന് രജിസ്റ്റര്‍ചെയ്ത് നല്‍കിയശേഷം ഹര്‍ജിക്കാരിക്ക് തുകകൈപ്പറ്റാം.തൃക്കാരിയൂര്‍ പൈനാടത്ത് പരേതനായ ഡേവിസിന്റെയും മോളിയുടേയും മകളാണ് 35 കാരിയായ മേയ്‌മോള്‍. ചരിത്രത്തിലും ആര്‍ക്കിയോളജിയിലും ബിരുദാനന്തര ബിരുദവും നെറ്റും പാസായി.വനംവകുപ്പിനെതിരെ ഹൈക്കോടതിയില്‍ നേരിട്ട് വാദിച്ചു ജയിച്ച സന്തോഷത്തിലാണ് പിഎച്ച്.ഡി വിദ്യാര്‍ത്ഥിനി മേയ്‌മോള്‍.
അതേസമയം 2018ല്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് റീ ബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാം.വന്യമൃഗശല്യമുള്ള വനപ്രദേശത്ത് താമസിക്കുന്ന,ആദിവാസികള്‍ അല്ലാത്തവരുടെ ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.