നഴ്‌സിങ് പഠിക്കാന്‍ ഇറച്ചി വെട്ടുകാരിയായി; ഒപ്പം ജര്‍മന്‍ ഭാഷ പഠിപ്പിച്ചും പണം കണ്ടെത്തി ഇരുപതുകാരി: ആതുരസേവനം പഠിക്കാന്‍ ഹന്ന മരിയ ഇനി ജര്‍മനിയിലേക്ക് പറക്കും
നഴ്‌സിങ് പഠിക്കാന്‍ ഇറച്ചി വെട്ടുകാരിയായി ഹന്ന മരിയ

കല്‍പറ്റ: നഴ്‌സിങ് പഠിക്കാന്‍ പണം കണ്ടെത്താന്‍ ഇറച്ചി വെട്ടു നടത്തുകയാണ് ഇരുപതുകാരി ഹന്ന മരിയ. ജര്‍മനിയില്‍ നഴ്‌സിങ് പഠിക്കണമെന്നാണ് ഹന്നയുടെ ആഗ്രഹം. ഇതിനായി ലക്ഷങ്ങള്‍ വേണം. സ്വന്തം ലക്ഷ്യം പൂര്‍ത്തീകരിക്കാനായി പിതാവിന്റെ ചിക്കന്‍ സെന്ററില്‍ ഇറച്ചി വെട്ടു നടത്തുകയാണ് ഈ പെണ്‍കുട്ടി. ജര്‍മനിയില്‍ നഴ്‌സിങ് പഠിക്കണമെന്ന ആഗ്രഹത്തിന്റെ ആദ്യ ചുവട് ജര്‍മന്‍ ഭാഷാപഠനമായിരുന്നു. അതു കടന്നപ്പോഴാണ് അടുത്ത കടമ്പ യാത്രയ്ക്കുള്ള പണം കണ്ടെത്തുക എന്നയത്. അതിന് ഹന്ന കണ്ടെത്തിയ വഴിയാണ് ഇറച്ചിവെട്ട്.
വയനാട് പുല്‍പള്ളിക്കു സമീപം പാക്കത്ത് ചോഴിയന്‍വീട്ടില്‍ ഷിബുവിന്റെ മകളാണ് ഹന്ന. ഷിബു ഇറച്ചിക്കട തുടങ്ങിയപ്പോഴാണ് പപ്പയുടെ ഇറച്ചിക്കടയില്‍ ഇറച്ചിവെട്ടാമെന്നു ഹന്നയ്ക്കു തോന്നിയത്. ദിവസവും 200 രൂപ വെട്ടുകൂലി തന്നാല്‍ മതിയെന്ന് ഹന്ന പപ്പയോടു പറഞ്ഞു. ആദ്യം അമ്പരന്ന ഷിബുവും ഭാര്യ ഷൈനിയും പിന്നെ മകളുടെ സ്വപ്നത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഹന്നയ്ക്ക് എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാമെന്നായി. അങ്ങനെ ദിവസം നാലു മണിക്കൂര്‍ പപ്പയുടെ കടയില്‍ ഇറച്ചിവെട്ടു തുടങ്ങി.
ഷിബുവിന്റെ തന്നെ പലചരക്കു കടയോടു ചേര്‍ന്നുള്ള കെജി ചിക്കന്‍ സ്റ്റാളില്‍ ഹന്ന മരിയ 'ഒഫിഷ്യല്‍' ഇറച്ചിവെട്ടുകാരിയാകുന്നത് കഴിഞ്ഞ വര്‍ഷമാണ്. എല്ലാം തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസം കൈവിടാതെ, ആതുരസേവനത്തിനുവേണ്ടിയുള്ള പരിശ്രമവും തുടര്‍ന്നു. ഇറച്ചിവെട്ടിനൊപ്പം സ്വന്തം ചിലവില്‍ ജര്‍മന്‍ പഠിച്ചത് അങ്ങനെയാണ്. പഠിച്ചശേഷം മാനന്തവാടിയിലെ ജര്‍മന്‍ സ്റ്റഡി സെന്ററിലെ അധ്യാപികയായി. ഇതിനുശേഷം നേരെ പോകുന്നത് ഇറച്ചിക്കടയിലേക്കാണ്.
പട്ടാളത്തില്‍ ചേരുകയായിരുന്നു ഹന്ന മരിയയുടെ ചെറുപ്പത്തിലെ സ്വപ്നം. അതിനായി മെയ്ക്കരുത്തും കരളുറപ്പും കൂട്ടാനാണ് അവള്‍ കരാട്ടെ പഠിച്ചുതുടങ്ങിയത്. അങ്ങനെ ബ്ലാക്ക് ബെല്‍റ്റും സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിലെ വെങ്കലമെഡലും സ്വന്തമായി. അപ്പോഴാണ് ആതുരസേവനം ഹന്നയുടെ സ്വപ്നത്തിലേക്കെത്തിയത്. കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുകയും സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കുകയും ചെയ്തു. ആ സമയത്താണ് പട്ടാളക്കാരിയാകണമെന്ന ആഗ്രഹം നഴ്‌സിങിലേക്ക് വഴുതിമാറിയത്.
നാലു മണിക്കൂറോളം ഇറച്ചിവെട്ടുകഴിഞ്ഞ് രാത്രി വീട്ടിലേക്ക്. അപ്പോഴും തൊട്ടപ്പുറത്ത് പലചരക്കുകടയില്‍ ഷിബുവോ ഭാര്യ ഷൈനിയോ കാണും. മാതാപിതാക്കളുടെ കഠിനാധ്വാനമായിരുന്നു ഹന്നയുടെ മാതൃക. അധ്വാനിച്ചാല്‍ എന്തും നേടിയെടുക്കാമെന്ന തിരിച്ചറിവിലാണ് ഹന്ന ജര്‍മന്‍ പരീക്ഷ പാസായത്. കിട്ടുന്ന പണം അമ്മ ഷൈനിയെ ഏല്‍പിക്കും. ആവശ്യമുണ്ടെങ്കില്‍ അമ്മയോടു വാങ്ങും. മൂത്ത സഹോദരി ആഗ്‌ന മരിയ നാട്ടില്‍തന്നെ നഴ്‌സിങ് പഠിക്കുകയാണ്. ജര്‍മനിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഹന്നയിപ്പോള്‍.