തേക്ക്, മാഞ്ചിയം, വെള്ളിമൂങ്ങ, നക്ഷത്രആമ.....ഒടുവില്‍ മെസിയും; മലയാളികളെ പറ്റിച്ച വാഗ്ദാനങ്ങള്‍! ഇനി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി; റിപ്പോര്‍ട്ടര്‍ ടിവിക്കും സര്‍ക്കാരിനുമെതിരെ ട്രോളോട് ട്രോള്‍
തേക്ക്, മാഞ്ചിയം, വെള്ളിമൂങ്ങ, നക്ഷത്രആമ.....ഒടുവില്‍ മെസിയും; മലയാളികളെ പറ്റിച്ച വാഗ്ദാനങ്ങള്‍
തിരുവനന്തപുരം: സൂപ്പര്‍താരം ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ വരാനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു.
ഈ ഒക്ടോബറില്‍ മെസിയെ എത്തിക്കാനുള്ള ശ്രമമാണ് നടത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ എത്താന്‍ കഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു. ഒക്ടോബറില്‍ മാത്രമെ എത്തിക്കാന്‍ കഴിയൂവെന്ന് സ്പോണ്‍സര്‍മാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അര്‍ജന്റൈന്‍ ടീം എത്തുന്നതിനായുള്ള കരാറിന്റെ ആദ്യഗഡു നല്‍കിയിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമും സ്‌പോണ്‍സര്‍മാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒക്ടോബറില്‍ കേരളത്തില്‍ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഒക്ടോബറില്‍ വരുമെങ്കില്‍ മാത്രമേ തങ്ങള്‍ക്ക് താത്പര്യമുള്ളൂവെന്നാണ് സ്‌പോണ്‍സര്‍മാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് നേരത്തേ മന്ത്രി പ്രതികരിച്ചിരുന്നത്. മെസ്സി വരുമെന്നറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് - എന്നാണ് കായികമന്ത്രി അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴിതാ മെസ്സി വരില്ലെന്ന് മന്ത്രി സ്ഥിരീകരിക്കുകയാണ്.
കായിക മന്ത്രിക്കും മെസ്സിയുടെ കേരളത്തിലെ വരവിനായി പ്രധാന സ്‌പോണ്‍സര്‍ഷിപ്പ് പങ്കുവഹിച്ച റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെയും വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. കോട്ടയം കുഞ്ഞച്ചന്‍ സിനിമയില്‍ പറയുന്ന പോലെ സംവിധായകന്‍ ജോഷി നമ്മളെ ചതിച്ചാശാനെ. ചതി ചതി അര്‍ജന്റീന കോച്ച് നമ്മളെ ചതിച്ച് ആശാനെ മെസ്സി വന്നില്ല പകരം പച്ചക്കുളം റൊണാള്‍ഡോനേ നമ്മള്‍ ഇറക്കും എന്നിങ്ങനെയുള്ള രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മരം മുറിച്ച് ഉണ്ടാക്കിയ പൈസ മൊത്തം പോയി എന്ന ട്രോളുകളുമുണ്ട്. ആദ്യഗഡുവായി നല്‍കിയ പണം തിരികെ കിട്ടില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പരിഹാസങ്ങള്‍ ഉയരുന്നത്.
പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ മറ്റൊന്ന് കൂടി നടന്നില്ല , അത് തികച്ചും സ്വാഭാവികമാണെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. ഇതൊക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പണിയാണെന്നും പൈസ അടിച്ചുമാറ്റാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
വിഷയത്തില്‍ കടുത്ത പരിഹാസമാണ് വിടി ബല്‍റാം ഉന്നയിച്ചരിക്കുന്നത്. നിരാശാജനകമാണ് ഈ വാര്‍ത്ത എന്നും കേരളത്തിലെ കായികപ്രേമികളെ പറഞ്ഞു പറ്റിച്ച മന്ത്രിയടക്കമുള്ളവര്‍ തന്നെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എന്തുകൊണ്ട് ഇങ്ങനെയൊരു അവസ്ഥയുണ്ടായി എന്നതിനേക്കുറിച്ച് ക്യാപ്‌സ്യൂളുകളല്ലാത്ത സത്യസന്ധമായ ഒരു വിശദീകരണമെങ്കിലും വേണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. നല്ലൊരു ഫുട്‌ബോള്‍ സ്റ്റേഡിയം ഇല്ലാത്ത സ്ഥലത്ത് മെസ്സി എങ്ങനെ കളിക്കുമെന്ന ചോദ്യം ആരാധാകര്‍ അടക്കം ഉയര്‍ത്തിയിരുന്നു.
അതേസമയം, മെസി ഡിസംബറില്‍ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഫുട്ബോള്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് വേണ്ടി മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി നഗരങ്ങളില്‍ സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാംഖഡെ സ്റ്റേഡിയം, ഈഡന്‍ ഗാര്‍ഡന്‍സ്, അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം എന്നിവിടങ്ങളില്‍ മെസി സന്ദര്‍ശന നടത്തിയേക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരത്തില്‍ മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരമായിരിക്കുമിത്. മെസി ഇതാദ്യമായല്ല ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുന്നത്. 2011ല്‍ അര്‍ജന്റീന ദേശീയ ടീമും മെസിയും ഇന്ത്യയിലേക്ക് ഫുട്ബോള്‍ കളിക്കാന്‍ എത്തിയിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലക്കെതിരെ സൗഹൃദ മത്സരവും അന്ന് അര്‍ജന്റീന കളിച്ചിരുന്നു. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മെസി വീണ്ടും ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ആവേശത്തിലാവുമെന്നുറപ്പാണ്.
ഈ വര്‍ഷം ഒക്ടോബറില്‍ അര്‍ജന്റീന ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. നവംബറില്‍ ടീം ഖത്തറിലും ആഫ്രിക്കയിലുമാണ് കളിക്കുക. ആഫ്രിക്കയിലെ മത്സരത്തില്‍ അംഗോളയാണ് എതിരാളികള്‍, ഖത്തറില്‍ എതിരാളിയായി യുഎസ് ടീമുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ പൂര്‍ത്തിയാകും.