പി വി അന്‍വറിനെ പോലെ മുമ്പ് സിപിഎമ്മിന് പണി കൊടുത്തത് കോസല രാമദാസും ആര്‍ സെല്‍വരാജും; 11 ാം നിയമസഭയെ ഞെട്ടിച്ചത് കെ കരുണാകരന് ഒപ്പം പോയ, പിന്നീട് നിയമസഭയുടെ പടി കയറാത്ത 9 എം എല്‍ എമാരുടെ രാജി; മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി രാജി വച്ചവരും ഏറെ; സഭ കണ്ട രാജി നാടകങ്ങള്‍
കേരള നിയമസഭയില്‍ നിന്നും രാജി വച്ച എം എല്‍ എമാര്‍
തിരുവനന്തപുരം: കുറൂമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാകാതിരിക്കാന്‍ പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജി വച്ചിരിക്കുകയാണ്. ഒന്നരവര്‍ഷം കാലാവധി അവശേഷിക്കവേ, നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച 57 കാരനായ എം എല്‍ എ സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചതോടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. പാര്‍ലമെന്ററി നടപടിചട്ടപ്രകാരം സ്വതന്ത്രനായി ജയിച്ച എം എല്‍ എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍, കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാകും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിലമ്പൂരില്‍ പാര്‍ട്ടി സ്വതന്ത്രനായി സിപിഎം അന്‍വറിനെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവന്നത്. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ച് അന്‍വര്‍ എം എല്‍ എ ആയതോടെ മൂന്നുപതിറ്റാണ്ട് നിലമ്പൂര്‍ കോട്ടയാക്കിയ കോണ്‍ഗ്രസിനെ വീഴ്ത്തി സിപിഎം വിജയകരമായി തന്ത്രം നടപ്പാക്കി.
തൃണമൂലില്‍ ചേര്‍ന്ന അന്‍വര്‍ നിയമസഭാംഗത്വം ഒഴിഞ്ഞതുപോലെ കേരള നിയസഭയില്‍ പലവിധ കാരണങ്ങളാല്‍ 35 ല്‍ അധികം എം എല്‍ എമാര്‍ രാജി വച്ചിട്ടുണ്ട്.
കോസല രാമദാസും സെല്‍വരാജും
2012 ല്‍ ആര്‍ സെല്‍വരാജ് പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് നെയ്യാറ്റിന്‍കര എം എല്‍ എ സ്ഥാനം രാജി വച്ചൊഴിയുമ്പോള്‍, സിപിഎം ഞെട്ടിയത്, അന്നേക്ക് 44 വര്‍ഷം മുമ്പ് ആറ്റിങ്ങലില്‍ കെ പി കോസല രാമദാസ് രാജി വച്ച സംഭവം ഓര്‍ത്താണ്. 1968 നവംബര്‍ 26 നാണ് 19 മാസം നീണ്ട തന്റെ നിയമസഭാ ജീവിതം കോസല രാമദാസ് അദ്ദേഹം അവസാനിപ്പിച്ചത്.
തിരുവനന്തപുരത്ത് അഭിഭാഷകനായി ഔദേ്യാഗിക ജീവിതം ആരംഭിച്ച കോസ രാമദാസ് തൊഴിലാളി സംഘടനാ
പ്രവര്‍ത്തനത്തിലൂടെയാണ് സജീവരാഷ്ട്രീയത്തില്‍ പങ്കാളിയായത്. 1967-ല്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്ന് വക്കം പുരുഷോത്തമനെ തോല്‍പ്പിച്ച് സി പി എം അംഗമായി മൂന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 19 മാസത്തിനുശേഷം അദ്ദേഹം അംഗത്വം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.
പിന്നീട് സി.പി.ഐ.(എം.എല്‍)-ല്‍ ചേര്‍ന്ന കോസല രാമദാസ് അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വതന്ത്ര ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം 1952 മുതല്‍ 16 വര്‍ഷത്തോളം തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായും 1964-65 കാലഘട്ടത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായും പ്രവര്‍ത്തിച്ചു. കെ. പി. കോസല രാമദാസ് 2013 ജൂണ്‍ 3-ന് അന്തരിച്ചു. പില്‍ക്കാലത്ത് സിപിഎമ്മിനെ ഞെട്ടിച്ചത് നെയ്യാറ്റിന്‍കരയില്‍ നിന്നു ജയിച്ച ആര്‍. സെല്‍വരാജിന്റെ രാജിയായിരുന്നു.
2012 മാര്‍ച്ച് ഒന്‍പതിനു സെല്‍വരാജ് രാജിവച്ചത് സി.പി.എമ്മിനെ മാത്രമല്ല, കേരള രാഷ്ട്രീയത്തെയാകെ ഞെട്ടിച്ചു. രണ്ടു താലൂക്കുകള്‍ക്കപ്പുറം പ്രശസ്തനല്ലാതിരുന്ന സെല്‍വരാജ് തന്റെ 64 ാം പിറന്നാള്‍ ആഘോഷിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് രാജി വച്ചത്. നിയമസഭയില്‍ നിന്ന് രാജി വച്ച 35 ാംമത്തെ അംഗമായിരുന്നു സെല്‍വരാജ്. കോണ്‍ഗ്രസ്സില്‍ ചേരാനായിരുന്നു സെല്‍വരാജിന്റെ രാജി. നാല് എം.എല്‍.എമാരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അംഗബലം കൂട്ടാനായിരുന്നു സിപിഎമ്മിനെ ഞെട്ടിച്ച ആക്ഷന്‍.
ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സെല്‍വരാജിന് തന്നെയായിരുന്നു ജയം. 2012 ജൂണ്‍ 15-ന് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം, വി.എസ്. അച്യുതാനന്ദന്റെ ഒഞ്ചിയം സന്ദര്‍ശനവും സിപഎമ്മിനെ ഞെട്ടിച്ചു. കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ കെ.കെ. രമയേയും കുടുംബാംഗങ്ങളേയും വി.എസ്. ആശ്വസിപ്പിച്ചു. അത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചെന്നും വ്യാഖ്യാനങ്ങളുണ്ടായി. രാജി വച്ചതിന്റെ കാരണവും സമയവുമാണ് സെല്‍വരാജിന്റെ രാജിയെ വേറിട്ടതാക്കിയത്.
മുഖ്യമന്ത്രിമാര്‍ക്ക് വേണ്ടി രാജി
മുഖ്യമന്ത്രിമാര്‍ക്ക് വഴിയൊരുക്കാനും എം എല്‍ എമാരുടെ രാജി ഉണ്ടായിട്ടുണ്ട്. ഇ ചന്ദ്രശേഖരന്‍ നായര്‍ (കൊട്ടാരക്കര) -സി അച്യുതമേനോന്‍, സി എച്ച് ഹരിദാസ് ( നിലമ്പൂര്‍)- ആര്യാടന്‍ മുഹമ്മദ്, തലേക്കുന്നില്‍ ബഷീര്‍ ( കഴക്കൂട്ടം)- എ കെ ആന്റണി, കെ പി മാമു മാസ്റ്റര്‍ ( തലശേരി)- ഇ കെ നായനാര്‍ എന്നിവര്‍ ഉദാഹരണങ്ങള്‍. വടക്കാഞ്ചേരിയില്‍ വി ബല്‍റാം കെ മുരളീധരന് വേണ്ടി രാജി വച്ചൊഴിഞ്ഞിരുന്നു. മുഖ്യമന്ത്രി സ്ഥാനം വിട്ട കെ കരുണാകരന്‍( മാള), എ കെ ആന്റണി( ചേര്‍ത്തല) എന്നിവര്‍ കേന്ദ്രമന്ത്രിമാരായി.
വക്കം പുരുഷോത്തമന്‍( ആറ്റിങ്ങല്‍), രമേശ് ചെന്നിത്തല( ഹരിപ്പാട്), ജോര്‍ജ് ഈഡന്‍( എറണാകുളം), കെ സി വേണുഗോപാല്‍( ആലപ്പുഴ), കെ വി തോമസ്( എറണാകുളം) കെ സുധാകരന്‍( കണ്ണൂര്‍)് ഷാഫി പറമ്പില്‍( വടകര), കെ രാധാകൃഷ്ണന്‍( ആലത്തൂര്‍) എന്നിവര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.
കെ.വി. തോമസ്, കെ. സുധാകരന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചതിനെ തുടര്‍ന്ന് 2009 മെയ് 28-നു രാജിവച്ചു. നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ജയിച്ചുകയറി. സുധാകരനു പകരം കണ്ണൂരില്‍ നിന്ന് എ പി അബ്ദുല്ലക്കുട്ടിയാണ് ജയിച്ചത്. ഡൊമനിക് പ്രസന്റേഷന്‍ എറണാകുളത്തും എ.എ. ഷുക്കൂര്‍ ആലപ്പുഴയിലും ജയിച്ചു. സി.പി.എം വിട്ട് മുസ്ലിംലീഗിലേക്കു പോയ മങ്കട എം.എല്‍.എ മഞ്ഞളാംകുഴി അലിയും രാജിവച്ചു. എന്നാല്‍, സഭാ കാലാവധി തികയാന്‍ ആറു മാസത്തില്‍ കുറവു മാത്രമുണ്ടായിരുന്നതുകൊണ്ട് ഉപതെരഞ്ഞെടുപ്പ് നടന്നില്ല.
9 ാം നിയമസഭയില്‍ മുസ്ലീം ലീഗ് അംഗങ്ങളായി പി എം അബൂബക്കര്‍( ഗുരുവായൂര്‍), യു എ ബീരാന്‍( തിരൂരങ്ങാടി) എന്നിവര്‍ എം എല്‍ എ സ്ഥാനം രാജി വച്ചത് ഐ എന്‍ എല്ലില്‍ ചേരാന്‍ വേണ്ടിയായിരുന്നു.
11 ാം നിയമസഭയെ ഞെട്ടിച്ച് 9 എം എല്‍ എമാരുടെ രാജി
11ാം നിയമസഭയിലേക്ക് യു ഡി എഫ് 99 അംഗങ്ങളുമായി ചരിത്രവിജയമാണ് നേടിയത്. 2001 മെയ് 17-ന് എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന കോണ്‍ഗ്രസ്സിലെ എ - ഐ പോര് കടുത്തതോടെ. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജിവച്ച കെ. മുരളീധരനെ വൈദ്യുതിമന്ത്രിയാക്കി. വടക്കാഞ്ചേരി എം.എല്‍.എ വി. ബലറാമിനെ രാജിവയ്പിച്ച് മത്സരിച്ച മുരളീധരനു ജയിക്കാനായില്ല. അതോടെ, ഒരു നിയമസഭാ സമ്മേളനത്തില്‍പ്പോലും പങ്കെടുക്കാതെ മുരളീധരന്‍ മന്ത്രിസ്ഥാനമൊഴിഞ്ഞു. സി.പി.എം നേതാവ് എ.സി. മൊയ്തീനാണ് മുരളീധരനെ തോല്‍പ്പിച്ചത്.
കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ്( ഡി ഐ സി -കെ) രൂപീകരിച്ചതിനെ തുടര്‍ന്നാണ് 9 എം എല്‍എമാര്‍ രാജി വച്ച് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പി ശങ്കരന്‍( കൊയിലാണ്ടി), എം പി ഗംഗാധരന്‍( പൊന്നാനി). എം എ ചന്ദ്രശേഖരന്‍( വടക്കേക്കര), എന്‍ഡി അപ്പച്ചന്‍ ( സുല്‍ത്താന്‍ ബത്തേരി), മാലേത്ത് സരളാദേവി ( ആറന്മുള), രാധാ രാഘവന്‍( നോര്‍ത്ത് വയനാട്), ശോഭന ജോര്‍ജ് (ചെങ്ങന്നൂര്‍), ടി വി ചന്ദ്രമോഹന്‍ ( കുന്നംകുളം), ഡി സുഗതന്‍( അമ്പലപ്പുഴ) എന്നിവരാണ് 2005 ജൂലൈ അഞ്ചിന് രാജി സമര്‍പ്പിച്ചത്. ഇവര്‍ക്കാര്‍ക്കും പിന്നീട് നിയമസഭയുടെ പടി കയറാന്‍ കഴിഞ്ഞിട്ടില്ല.