ശിശുദിനത്തില്‍ പാലത്തായി പോക്‌സോ കേസില്‍ അധ്യാപകനെ ശിക്ഷിച്ച് തലശ്ശേരി പോക്‌സോ കോടതി; ഏറെ വിവാദമായ കേസില്‍ ബിജെപി നേതാവ് കുനിയില്‍ പത്മരാജന്‍ കുറ്റക്കാരന്‍; ശിക്ഷാ വിധി നാളെ; പരാതി വ്യാജമെന്നും എസ്ഡിപിഐ ബന്ധാരോപണങ്ങളുമെല്ലാം തള്ളി കോടതി തീരുമാനം; പ്രോസിക്യൂഷനും ആശ്വാസം

Update: 2025-11-14 05:55 GMT

കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച കണ്ണൂര്‍ പാലത്തായി പീഡന കേസില്‍ തലശ്ശേരി പോക്‌സോ അതിവേഗ കോടതി വിധി പറഞ്ഞു. അധ്യാപകനും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. സ്‌കൂളിലെ പത്തു വയസ്സുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് വിധി. രാഷ്ട്രീയ വിവാദം കൂടിയായ കേസിലെ പരാതി വ്യാജമാണെന്നും എസ്.ഡി.പി.ഐ ഗൂഢാലോചനയാണ് പിന്നിലുള്ളതെന്നുമായിരുന്നു ബിജെപി ആരോപണം. ഇതു തള്ളുന്നതാണ് കോടതി വിധി. ശിശുദിനത്തിലാണ് പാലത്തായി പീഡനക്കേസില്‍ വിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. ശിക്ഷ നാളെ പ്രഖ്യാപിക്കും. ജീവപര്യന്തം എങ്കിലും ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിക്കും.

2020 മാര്‍ച്ച് 16ന് തലശ്ശേരി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയായിരുന്നു തുടക്കം. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയുവിന്റെ ജില്ലാ നേതാവുമായിരുന്ന പ്രതി കെ.കെ.പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വച്ചും മറ്റൊരു വീട്ടില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. തലശ്ശേരി ഡിവൈഎസ്പി പാനൂര്‍ പൊലീസിന് പരാതി കൈമാറി. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തല്‍. എന്നാല്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നതോടെ പോക്‌സോ ചുമത്തി കേസെടുത്തു.

ഏപ്രില്‍ 15ന് ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പത്മരാജനെ അറസ്റ്റു ചെയ്തു. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാല്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അലംഭാവം കാട്ടി. 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കുറ്റപത്രം നല്‍കിയത്. പോക്‌സോ വകുപ്പും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല. പോക്‌സോ ചുമത്താത്തതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് പ്രതിക്ക് ജാമ്യവും ലഭിച്ചു.

ഇതോടെ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ അന്വേഷണം നര്‍ക്കോട്ടിക് സെല്‍ എ.എസ്.പി ആയിരുന്ന രേഷ്മ രമേഷിന് നല്‍കി. എന്നാല്‍ ഈ അന്വേഷണവും തെറ്റായ ദിശയിലാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചതോടെ വീണ്ടും അന്വേഷണ സംഘത്തെ മാറ്റി. ഡിഐജി എസ്.ശ്രീജിത്തിനായിരുന്നു അന്വേഷണ ചുമതല. അന്വേഷണത്തിനിടെ പ്രതി നിരപരാധിയാണെന്ന് എസ്.ശ്രീജിത്ത് പറയുന്ന ശബ്ദരേഖ പുറത്തുവന്നത് വന്‍ വിവാദമായി. ശബ്ദരേഖ ശ്രീജിത്ത് നിഷേധിക്കുകയും ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ വീണ്ടും അന്വേഷണസംഘത്തെ മാറ്റി.

എഡിജിപി ഇ.ജെ.ജയരാജന്‍, തളിപ്പറമ്പ് ഡിവൈഎസ്പി ആയിരുന്ന ടി.കെ.രത്‌നകുമാര്‍ എന്നിവരുടെ സംഘത്തിനായിരുന്നു അടുത്ത ചുമതല. ഇവരുടെ അന്വേഷണത്തിലാണ് പോക്‌സോ ചേര്‍ത്ത് അന്തിമ കുറ്റപത്രം നല്‍കിയത്. കൂടാതെ പീഡനം ഉണ്ടായ ശുചിമുറിയില്‍ നിന്ന് രക്തസാമ്പിളുകള്‍ അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. അഞ്ചുതവണ അന്വേഷണസംഘത്തെ മാറ്റിയ പാലത്തായി കേസില്‍ തുടക്കം മുതല്‍ രാഷ്ട്രീയ വിവാദവും ഉണ്ടായിരുന്നു. പീഡന പരാതിക്ക് പിന്നില്‍ എസ്.ഡി.പി.ഐയും, ജമാഅത്തെ ഇസ്ലാമിയും ആണെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്.

തലശ്ശേരി പോക്‌സോ കോടതി ജഡ്ജി എം.ടി.ജലജറാണിയാണ് കേസില്‍ വിധി പറഞ്ഞത്. ഇതോടെ രാഷ്ട്രീയ ആരോപണങ്ങളുടെ പ്രസക്തി കുറഞ്ഞു. കേസ് അന്വേഷിച്ച ടികെ രത്‌നകുമാര്‍ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേസിലെ കോടതിയുടെ കണ്ടെത്തല്‍ പ്രോസിക്യൂഷനും സര്‍ക്കാരിനുമെല്ലാം ആശ്വാസമാണ്. അല്ലാത്ത പക്ഷം വലിയ രാഷ്ട്രീയ പ്രചരണം സര്‍ക്കാരിനെതിരെ ഉണ്ടാകുമായിരുന്നു.

Tags:    

Similar News