പ്രാണൻ പോകുന്ന വേദനയിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ആ മനസ്സ്; പിള്ളേരെയും കൊണ്ട് സ്‌കൂളിലേക്ക് പോകവേ ഹൃദയാഘാതം; ഡ്രൈവർ മാമനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി കുരുന്നുകൾ; രാജന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് നാട്

Update: 2025-11-14 10:10 GMT

തൃശൂർ: മരണവേദനയിൽ പിടയുമ്പോഴും സ്കൂൾ ബസിലുണ്ടായിരുന്ന വിദ്യാർഥികളുടെ ജീവൻ കാത്ത ഡ്രൈവറുടെ ധീരത ഏവർക്കും മാതൃകയാകുന്നു. പാലുവായ് സെൻ്റ് ആന്റണീസ് യുപി സ്കൂളിലെ ബസ് ഡ്രൈവറായിരുന്ന ചക്കം കണ്ടം സ്വദേശി മാടാനി വീട്ടിൽ രാജൻ (55) ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത്. രാവിലെ ഒമ്പതരയോടെ വിദ്യാർഥികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർഗിൽ നഗറിനടുത്ത് വെച്ചാണ് രാജന് ഹൃദയാഘാതം സംഭവിച്ചത്.

അവസാന നിമിഷങ്ങളിലും തൻ്റെ ചുമതല നിറവേറ്റിയ രാജൻ, അസഹനീയമായ വേദനയിലും ഒരു നിമിഷം പോലും വാഹനമെടുത്ത് ഓടിച്ചിരുന്നില്ല. പകരം, റോഡരികിൽ സുരക്ഷിതമായി ബസ് നിർത്തിയതിന് ശേഷം സഹായത്തിനായി സമീപവാസികളെ വിളിച്ചു. നാട്ടുകാർ ഉടൻതന്നെ രാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കളുടെ സ്നേഹം അനുഭവിക്കാതെ പോയ രാജൻ, തൻ്റെ ചിരകാല സ്വപ്നമായ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെയാണ് കണ്ടിരുന്നത്. സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് അദ്ദേഹം വിദ്യാർഥികളെ യാത്രയാക്കിയിരുന്നത്. ഐസ്ക്രീമും മിഠായികളുമൊക്കെ നൽകി കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടം നേടിയ രാജൻ്റെ വിയോഗം നാടിന് തീരാ വേദനയാണ് നൽകിയിരിക്കുന്നത്.

രാജൻ്റെ ഭാര്യ: രമണി. അമ്മ: തങ്ക. സഹോദരി: രാധ. സംസ്കാരം ഗുരുവായൂർ നഗരസഭ ഗ്യാസ് ശ്മശാനത്തിൽ നടന്നു. എന്നും പുഞ്ചിരിയോടെ തങ്ങളെ യാത്രയാക്കിയിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർക്ക് അവസാന യാത്രയയപ്പ് നൽകാൻ വിദ്യാർഥികൾ എത്തിച്ചേർന്നത് ഹൃദയം നൊമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. തൻ്റെ ധീരതയിലൂടെയും സ്നേഹത്തിലൂടെയും രാജൻ ഏവർക്കും മാതൃകയാവുകയാണ്.

Tags:    

Similar News