ഹമാരാ സര്‍ക്കാര്‍ കാ പാര്‍ട്ണര്‍... ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പുകഴ്ത്തിയത് കേട്ടില്ലേ; എത്ര നല്ല രീതിയില്‍ വിഴിഞ്ഞം തുറമുഖം അദാനി യാഥാര്‍ത്ഥ്യമാക്കിയെന്നാണ് നമ്മുടെ തുറമുഖ മന്ത്രി പറഞ്ഞത്; സ്വകാര്യ പങ്കാളിത്തമെന്നത് ഇടതു പക്ഷവും അംഗീകരിച്ചു; അതു പറഞ്ഞ മന്ത്രി വാസവന് ഉദ്ഘാടന ശേഷം പ്രത്യേക പരിഗണന; ഇനി ചര്‍ച്ചകള്‍ പലവിധമാകും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ശേഷം തുറമുഖ മന്ത്രി വിഎന്‍ വാസവനെ അദ്ദേഹത്തിന്റെ അടുത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി കൈകള്‍ പിടിച്ചു കുലുക്കി. സാധാരണ ഒരു മന്ത്രിയ്ക്ക് പ്രധാനമന്ത്രിയില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ വലിയ പരിഗണന. ഇതിന് കാരണമുണ്ട്. തന്റെ അടുത്ത സുഹൃത്തായ അദാനിയെ വാക്കുകള്‍ കൊണ്ട് തുറമുഖ മന്ത്രി പുകഴ്ത്തി. സ്വാഗത പ്രംസികനായ തുറമുഖ മന്ത്രി അദാനി നല്ല രീതിയിലാണ് വിഴഞ്ഞത്ത് നിര്‍മ്മാണം നടത്തിയതെന്ന് പറഞ്ഞു. തന്റെ പ്രസംഗത്തില്‍ മോദി ഇതും ചര്‍ച്ചയാക്കി. നമ്മുടെ തുറമുഖ മന്ത്രി അദാനിയെ കുറിച്ച് പറഞ്ഞത് ഹമാരാ സര്‍ക്കാര്‍ കാ പാര്‍ട്ണര്‍... ഒരു കമ്യൂണിസ്റ്റ് മന്ത്രി അദാനിയെ പുകഴ്ത്തിയത് കേട്ടില്ലേ. എത്ര നല്ല രീതിയില്‍ വിഴിഞ്ഞം തുറമുഖം അദാനി യാഥാര്‍ത്ഥ്യമാക്കിയെന്നാണ് നമ്മുടെ തുറമുഖ മന്ത്രി പറഞ്ഞത്. സ്വകാര്യ പങ്കാളിത്തമെന്നത് ഇടതു പക്ഷവും അംഗീകരിച്ചുവെന്ന് മോദി വിഴിഞ്ഞം വേദിയില്‍ സ്ഥാപിച്ചെടുത്തു. സ്വകാര്യ നിക്ഷേപം രാജ്യത്തിന് അത്യാന്താപേക്ഷിതമാണെന്നും വിശദീകരിച്ചു. പ്രസംഗം തീര്‍ന്ന ശേഷം വാസവന്റെ അടുത്തേക്ക് പ്രത്യേകമായി മോദി വന്നു. തോളില്‍ കൈവച്ചു. കൈപിടിച്ചു കുലുക്കി. മറ്റാരോടും സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംസാരിക്കുകയും ചെയ്തു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ അടക്കം അഭിവാദനം ചെയ്തു. നമുക്കൊരുമിച്ച് വികസിത കേരളം പടുത്തുയര്‍ത്താം എന്നാണ് മോദി വിഴിഞ്ഞത്ത് നല്‍കുന്ന സന്ദേശം.
വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം പദ്ധതി കമ്മീഷന്‍ ചെയ്തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാന്‍ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തില്‍ നിര്‍മിച്ചതിന് ഗുജറാത്തുകാര്‍ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കുത്തി അദാനിയെ പുകഴ്ത്തിയാണ് മോദി പ്രസംഗിച്ചത്. ഇന്ത്യ സംഖ്യത്തിലെ പ്രധാന നേതാവായ പിണറായിയും ശശി തരൂരും ഇവിടെ ഉണ്ട്. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി പറയുന്നു, അദാനി തങ്ങളുടെ പങ്കാളിയാണെന്ന്. ഇതാണ് മാറ്റമെന്ന് സ്വാഗത പ്രാസംഗികനായ വിഎന്‍ വാസവന്റെ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടി പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ നിക്ഷേപത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സ്വാഗതം ചെയ്യുന്നത് നല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. പരിഹാസത്തിനൊപ്പം തന്റെ കൂട്ടുകാരനായ അദാനിയെ പുകഴ്ത്തിയ മന്ത്രിയെ ഉയര്‍ത്തിക്കാട്ടുക കൂടിയായിരുന്നു മോദി.
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീര്‍ ഭീകരാക്രമണം പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉയര്‍ത്തിക്കാട്ടിയത് ദേശിയതാണ്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പാമര്‍ശിച്ചില്ല. കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇത് കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല. മൂന്നാം മിലീനിയത്തിലെ വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭം. രാജ്യത്തിന്റെ ചരിത്രത്തിന്റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു സാര്‍വദേശീയ തുറമുഖമാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് നിശ്ചയദാര്‍ഢ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പോര്‍ട്ടായി മാറുന്നു. ഇത് പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നാടിന്റെ ഒരുമയും നമ്മുടെ ഐക്യവുമാണ് ഇത്തരം പദ്ധതി പൂര്‍ത്തിയാക്കാന്‍ കാരണമാകുന്നത്. നല്ല രീതിയില്‍ സഹകരണം നല്‍കിയ അദാനി ഗ്രൂപ്പിനും നന്ദി അറയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. 8,686 കോടിയില്‍ 5,370.86 കോടിയും സംസ്ഥാനമാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം നല്‍കുന്നു. ഈ തുറമുഖത്തോടെ 220 ദശലക്ഷം ഡോളറിന്റെ പ്രതിവര്‍ഷ രാഷ്ട്ര നഷ്ടം നികന്നു തുടങ്ങുകയായി. 75 ശതമാനം കണ്ടയിനര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കാര്‍ഗോ വിദേശ തുറമുഖങ്ങളിലേക്കു തിരിച്ചു വിടുകയായിരുന്നു ഇക്കാലമത്രയും. ഇത് അവസാനിക്കുകയാണ്. രാഷ്ട്ര നഷ്ടം വലിയൊരളവില്‍ പരിഹരിക്കാന്‍ കേരളത്തിനു കഴിയുന്നു എന്നതു കേരളീയര്‍ക്കാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.