ഷാങ്ഹായ് ഉച്ചകോടിയില്‍ സൗഹൃദം പങ്കിട്ട് മോദിയും ഷിയും പുട്ടിനും; കാഴ്ചക്കാരനായി പാക്ക് പ്രധാനമന്ത്രി; സൗഹൃദ സംഭാഷണം ഷഹബാസ് ഷരീഫ് നോക്കിനില്‍ക്കുന്ന ഹ്രസ്വ വിഡിയോ പുറത്ത്; രാജ്യാന്തര വേദിയില്‍ ഇന്ത്യ തിളങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍
രാജ്യാന്തര വേദിയില്‍ ഇന്ത്യ തിളങ്ങിയപ്പോള്‍ ഒറ്റപ്പെട്ട് പാക്കിസ്ഥാന്‍
ടിയാന്‍ജിന്‍: ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും സൗഹൃദം പങ്കിട്ട് സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദിയില്‍ വെറുമൊരു കാഴ്ചക്കാരനായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. മോദിയും പുട്ടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ച് മുന്നോട്ടു പോകുകയായിരുന്നു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും നടന്നുപോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നില്‍ക്കുന്ന ഹ്രസ്വ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മോദി, ഷി, പുട്ടിന്‍ സംഭാഷണത്തിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയെ അവഗണിച്ചു.
ഉച്ചകോടിക്കിടെ ഫോട്ടോയെടുക്കല്‍ പോലുള്ള നടപടിക്രമങ്ങള്‍ക്കായി നേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു വേദിയില്‍ ഒറ്റപ്പെട്ട പാക്ക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ മിന്നിമാഞ്ഞത്. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോള്‍ അടുത്തുനിന്ന ഷരീഫ് നോക്കിനില്‍ക്കുകയായിരുന്നു. ഇതിന്റെ ഹ്രസ്വ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പിന്നീട് എക്‌സില്‍ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ രാജ്യതലവന്‍മാര്‍ അണിനിരന്നതില്‍ ഷഹബാസ് മോദിയില്‍നിന്നു വളരെ മാറിയാണു നില്‍ക്കുന്നതെന്നു കാണാം.
പഹല്‍ഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകള്‍ക്കുശേഷം ഒരേ നിലപാടിലേക്കെത്തുന്ന അസാധാരണ ദൃശ്യമാണ് ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ പുറത്തു വന്നത്. വ്‌ളാദിമിര്‍ പുടിനും നരേന്ദ്ര മോദിയും ഉച്ചകോടിയുടെ വേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്‌ളാദകരമെന്ന് മോദി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ഷി ജിന്‍പിങിന്റെ അടുത്തെത്തി ഹ്രസ്വ ചര്‍ച്ച നടത്തുകയായിരുന്നു.
ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കല്‍ കൂടി നേതാക്കള്‍ കണ്ടു. യുക്രെയ്ന്‍ യുദ്ധം ഇന്ത്യ നടത്തുന്നുവെന്ന ആരോപണത്തിനിടെ നരേന്ദ്ര മോദിയുടെ പുടിനും ഉച്ചകോടിയുടെ വേദിയില്‍ നിന്ന് ഒരേ കാറിലാണ് മടങ്ങിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ ട്രംപിന്റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന് വ്യക്തമായ സൂചനയാണ് മോദി നല്കിയത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും എന്ന സന്ദേശമാണ് പുടിന് മോദി നല്കിയത്.
ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ച പ്രസ്താവനയും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചന നല്കി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കടുത്ത നയം വേണമെന്ന് പ്രസ്താവന ആവശ്യപ്പെടുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സ്‌പോണ്‍സര്‍മാരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് പ്രസ്താവന ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ ജാഫര്‍ എക്‌സ്പ്രസ് ആക്രമണത്തെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശമുണ്ട്. ഭീകരവാദത്തെ നേരിടുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല എന്ന നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശവും പ്രസ്താവനയില്‍ ഇടം പിടിച്ചു.
At the SCO Summit in Tianjin. pic.twitter.com/GbhyyxMDmL
— Narendra Modi (@narendramodi) September 1, 2025
ഇറാനിലെ അമേരിക്കന്‍ ഇസ്രയേല്‍ ആക്രമണത്തെ പ്രസ്താവന അപലപിച്ചു. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും പലസ്തീനിയന്‍ പ്രശ്‌നം കൂടി കണക്കിലെടുത്തുള്ള പരിഹാരം വേണമെന്നും പ്രസ്താവന നിര്‍ദ്ദേശിക്കുന്നു. റഷ്യ ഇന്ത്യ ബന്ധം എത്ര ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ കാഴ്ചകള്‍. ചൈന കൂടി ഈ ഇതിന്റെ ഭാഗമാകുന്നതോടെ അമേരിക്കന്‍ ആധിപത്യവും ഏകപക്ഷീയ നടപടികളും അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഡോണള്‍ഡ് ട്രംപിന് മോദിയും പുടിനും ഷിയും നല്‍കുന്നത്.
ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി മോദി ചര്‍ച്ച നടത്തിയിരുന്നു. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50% തീരുവ ചുമത്തിയത്. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ന്‍ - റഷ്യ യുദ്ധത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് യുഎസിന്റെ ആരോപണം. ഇന്ത്യ - ചൈന - റഷ്യ ബന്ധം ശക്തിപ്പെടുന്നതു നിലവിലെ ആഗോള സാഹചര്യത്തില്‍ നിര്‍ണായകമാണ്. അതേ സമയം പാക്കിസ്ഥാന്‍ അമേരിക്കയോട് കൂടുതല്‍ അടുത്തതോടെ ചൈനയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുവെന്ന സൂചന നല്‍കുന്നതാണ് ഷാങ്ഹായ് ഉച്ചകോടിയിലെ ദൃശ്യങ്ങള്‍.