'മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നത്; നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ഐതിഹാസിക സംഭാവനകള്‍ക്ക് ആദരിക്കപ്പെടുന്നു; അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവര്‍ണ നേട്ടം'; ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം മോഹന്‍ ലാലിന് സമ്മാനിച്ച് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കുറിച്ചത് ഇങ്ങനെ
പുരസ്‌കാരം മോഹന്‍ ലാലിന് സമ്മാനിച്ച് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കുറിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. നടനും സംവിധായകനും നിര്‍മാതാവുമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹന്‍ലാലിന്റെ സിനിമായാത്രകളെന്നും കുറിപ്പില്‍ പറയുന്നു.
സിനിമാ മേഖലയിലെ സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. 2023ലെ പുരസ്‌കാരം ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ സമ്മാനിക്കും. കഴിഞ്ഞവര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ഫീച്ചര്‍സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാല്‍ക്കെയുടെ സ്മരണ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1969ല്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്റേതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 'മോഹന്‍ലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്ന ഒന്നാണ്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ ഐതിഹാസിക സംഭാവനകള്‍ക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവും വൈദഗ്ധ്യവും നിരന്തരമായ കഠിനാധ്വാനവും ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിന് തന്നെ സുവര്‍ണ നേട്ടമാണെ'ന്നാണ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ കുറിച്ചിരിക്കുന്നത്.
മലയാള സിനിമാ മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് നടന്‍ മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറിയ മോഹന്‍ലാല്‍ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകര്‍ന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. അഭിനേതാവിന് പുറമെ പിന്നണി ഗായകനാകും നിര്‍മാതാവായും മോഹന്‍ലാല്‍ തിളങ്ങി.
വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ മകനായി 1960 മേയ് 21ന് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് മോഹന്‍ ലാലിന്റെ ജനനം. രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണും കേന്ദ്രസര്‍ക്കാര്‍ നല്‍കി. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനു ലഭിച്ചു. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.