അബ്ദുല്ല അടങ്ങിയപ്പോള്‍ സമസ്ത തുടങ്ങി; ലാല്‍ വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ അത് തെറ്റെന്ന് നാസര്‍ ഫൈസി കൂടത്തായി; അബ്ദുല്ല പോസ്റ്റ് ഡിലീറ്റ് ചെയത് കണ്ടംവഴി ഓടിയത് മതേതര മനസ്സുകള്‍ ഒന്നിച്ചപ്പോള്‍; വിദ്വേഷത്തിനെതിരെ മലയാളികള്‍ ഒന്നിക്കുമ്പോള്‍!

അബ്ദുല്ല അടങ്ങിയപ്പോള്‍ സമസ്ത തുടങ്ങി

Update: 2025-03-25 17:28 GMT

കോഴിക്കോട്: മതേതര മനസ്സുള്ള മലയാളികള്‍ ഒന്നിച്ചതോടെ,ശബരിമലയില്‍ വഴിപാട് കഴിപ്പിച്ചതിന്റെ പേരില്‍ മമ്മൂട്ടി മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട മാധ്യമം ദിനപത്രം മുന്‍ അസോസിയേറ്റ് എഡിറ്റും, എഴുത്തുകാരനും, പ്രഭാഷകനുമായ ഒ അബ്ദുള്ള പോസ്റ്റ് മുക്കി കണ്ടം വഴിഓടി. കഴിഞ്ഞ ദിവസം അബ്ദുല്ല തന്റെ ചാനലില്‍ നടത്തിയ വിവാദ പ്രസ്താവന ഇപ്പോള്‍ കാണാനില്ല. പക്ഷേ അതേസമയം സമാനമായ നിലപാടുമായി സമസ്തയും രംഗത്ത് എത്തിയിരിക്കയാണ്. വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ അത് തെറ്റാണെന്ന് അദ്ദേഹം ന്യൂസ് 18 കേരള പ്രൈം ഡിബേറ്റില്‍ പറഞ്ഞു. 'വഴിപാട് നടത്തിയത് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമെങ്കില്‍ മതപരമായ വിശ്വാസത്തിന് എതിരാണ്. എന്നാല്‍ പൂജ നടത്താന്‍ മമ്മൂട്ടി നിര്‍ദേശിക്കുമെന്ന് കരുതുന്നില്ല'- നാസര്‍ ഫൈസി പറഞ്ഞു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്.

അബ്ദുല്ലയുടെ വിഷം ചീറ്റലിന് എതിരെ ജാതിമതഭേദമന്യേ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അബ്ദുല്ലയെ കേസ് എടുത്ത് ജയിലില്‍ അടക്കം എന്നുവരെയായി കമന്റുകള്‍. മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരും അബ്ദുല്ലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് അബ്ദുള്ള പോസ്റ്റ് പിന്‍വലിച്ച് കണ്ടം വഴി ഓടിയത്. നേരത്തെയും ഇത്തരത്തിലുള്ള തീവ്ര വര്‍ഗീയ പ്രസംഗങ്ങള്‍കൊണ്ട് കുപ്രസിദ്ധനാണ് ഒ അബ്ദുല്ല.

തന്റെ യുട്യൂബ് ചാനലിലുടെ ഒ അബ്ദുല്ല നടത്തിയ വിവാദ ഭാഷണത്തിന്റെ പ്രസ്തകഭാഗങ്ങള്‍ ഇങ്ങനെയാണ്-'മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പു പറയണം. വളരെ ഗുരുതരമായ ഒരു വീഴ്ച, മമ്മൂട്ടി എന്ന അനുഗൃഹീത സിനിമാ നടന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയിരിക്കുന്നു എന്നാണ് വാര്‍ത്ത. ഇത് മമ്മൂട്ടി പറഞ്ഞ് എല്‍പ്പിക്കാതെ, മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ച് അദ്ദേഹം ചെയ്തതാണെങ്കില്‍, ആ സംഭവത്തില്‍ മമ്മൂട്ടി നിരപരാധിയാണ്, അദ്ദേഹത്തെ ഒട്ടും തന്നെ വിമര്‍ശിക്കാന്‍ പാടില്ല. കാരണം മോഹന്‍ലാലിന്റെ ശബരിമല ശാസ്താവിലുള്ള വിശ്വാസം ആത്രത്തോളം വലുതാണ്. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ചെയ്തതാണെങ്കില്‍ പ്രശ്നമില്ല.

പക്ഷേ അദ്ദേഹം( മമ്മൂട്ടി) പറഞ്ഞ് എല്‍പ്പിച്ചാണ് ചെയ്തതെങ്കില്‍ അത് മഹാ അപരാധമാണ്്. കാരണം, അള്ളാഹുവിന് മാത്രമെ വഴിപാടുകള്‍ അര്‍പ്പിക്കാന്‍ പാടുള്ളൂ. അള്ളാഹുവിനോട് മാത്രമേ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ, അള്ളാഹുവിനോടെ സഹായം തേടാന്‍ പാടുള്ളൂ. ഇതിന്റെ എല്ലാം ലംഘനമാണ് അത്.പ്രവാചകന്റെ കാലത്തുതന്നെ വിലക്കപ്പെട്ടതാണിത്. ലാത്ത, മനാത്തയാവട്ടെ, ഉസ്സയാവട്ടെ ശബരിമല ശാസ്താവാട്ടെ അള്ളാഹുവിന്റെ ഏകത്വത്തില്‍ പങ്കുചേര്‍ക്കാനോ, അതിന് വിരുദ്ധമായത് പ്രവര്‍ത്തിക്കുന്നത് എന്ത് കാരണത്താലും ശരിയല്ല. മമ്മൂട്ടിയില്‍നിന്ന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യമാണ്. അദ്ദേഹം അറിഞ്ഞുകൊണ്ട് ചെയ്തതാണോ എന്ന്, സമുദായത്തോട് വ്യക്തമാക്കണം. ഇല്ലെങ്കില്‍ വലിയൊരു വ്യതിയാനമായി അതിനെ, കണക്കാക്കപ്പെടും. പ്രത്യേകിച്ച് റമാദാന്‍ മാസത്തില്‍, അത് ഒരിക്കലം അനുവദിക്കാന്‍ പാടില്ല. മുസ്ലീം മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ ഇടപെടണം''- ഒ അബ്ദുല്ല ചൂണ്ടിക്കാട്ടി.ഈ വീഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും, അബ്ദുല്ല എയറില്‍ ആവുകയും ചെയ്തു.

തങ്ങള്‍ നിരപരാധികളെന്ന് ദേവസ്വം

അസുഖബാധിതനായി വിശ്രമത്തിലായ, മമ്മൂട്ടിയുടെ പേരില്‍ ശബരിമലയിലെ ഉഷപൂജയാണ് മോഹന്‍ലാല്‍ നടത്തിയത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് വഴിപാട് നടത്തിയത്. സുഹൃത്ത് കെ മാധവനും ഒപ്പമാണ് ലാല്‍ ശബരിമലയില്‍ എത്തിയത്. എമ്പുരാന്‍ എന്ന സിനിമ മാര്‍ച്ച് 27ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയത്.

ശബരിമലയിലെ വഴിപാട് വിഷയത്തില്‍ നേരത്തെ പ്രതികരവുമായി മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണ്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മമ്മൂട്ടിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് മോഹന്‍ലാല്‍ വഴിപാട് കഴിച്ചതെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

എന്നാല്‍, ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറയുന്നത്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ല. വഴിപാട് രസീതിന്റെ ഭക്തന് നല്‍കുന്ന ഭാഗമാണ് മാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക.

രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. ഇതേ രീതിയില്‍ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറില്‍ എത്തി പണം ഒടുക്കിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകള്‍ ബോദ്ധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പറഞ്ഞു.

Tags:    

Similar News