മൂന്നു നില വീട്ടില്‍ ആര്‍ഭാടത്തോടെ അടിപൊളി ജീവിതം; വട്ടിപ്പലിശ ഇടപാടും റിയല്‍ എസ്റ്റേറ്റും അടക്കം കോടികള്‍ മറിയുന്ന ബിസിനസുകളില്‍ പങ്കാളി; ആന്ധ്രയിലെ നക്സല്‍ മേഖലകളില്‍ കഞ്ചാവ് വാറ്റും വിദേശ കയറ്റുമതിയും; വാറ്റുകാരന്‍ മൂര്‍ഖന്‍ ഷാജി ഡോണ്‍ ആയ കഥ
ഈ കൊടുംക്രിമിനലിനെയാണ് കേരളത്തിലെ എക്‌സൈസ് കുടുക്കുന്നത്.
കൊച്ചി: അടിമാലി പാറത്താഴത്ത് വീട്ടില്‍ ഷാജിമോന്‍. ഇയാള്‍ നേരത്തെ താമസിച്ചിരുന്നത് മൂന്നാറിലെ മൂന്നുനില വീട്ടിലാണ്. വട്ടിപ്പലിശ ഇടപാടും റിയല്‍ എസ്റ്റേറ്റും ഉള്‍പ്പെടെ കോടികള്‍ മറിയുന്ന ബിസിനസ്സുകളില്‍ പങ്കാളിയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ പടര്‍ന്നുകിടക്കുന്ന വിതരണ ശൃംഖല. ആന്ധ്രയിലെ നക്‌സലൈറ്റ് മേഖലകളില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം. എക്‌സൈസിനെ കുടുക്കുന്നതിലും തന്ത്രശാലിയാണ്. ഈ കൊടുംക്രിമിനലിനെയാണ് കേരളത്തിലെ എക്‌സൈസ് കുടുക്കുന്നത്.
ഇടുക്കിയില്‍ കള്ളവാറ്റില്‍ തുടങ്ങിയ ഷാജിമോന്‍ ഹാഷിഷ് ഓയില്‍ തുറമുഖങ്ങള്‍ വഴി വിദേശത്തേക്ക് കടത്തുന്നതിലൂടെയാണ് അധോലോക നായകനായി മാറിയത്. സംസ്ഥാനത്തെ നാല് മയക്കുമരുന്ന് കടത്ത് കേസുകളില്‍ റിമാന്‍ഡില്‍ ആയിരിക്കെ ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി. സുപ്രീംകോടതി ജാമ്യം റദ്ദ് ചെയ്തതോടെ ഒളിവില്‍ പോവുകയായിരുന്നു. ഈ കൊടുംക്രിമിനലിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡീഷ, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഹാഷിഷ് ഓയില്‍ നിര്‍മിച്ച് വിദേശത്തേക്ക് കടത്തുന്ന കണ്ണിയിലെ പ്രധാനിയാണ് ഷാജിമോന്‍.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണ കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, ആര്‍.ജി.രാജേഷ്, എസ്.മധുസൂദനന്‍ നായര്‍, കെ.വി.വിനോദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്.മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സുബിന്‍, എം.വിശാഖ്, കെ.ആര്‍.രജിത്ത്, എം.എം.അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര്‍. നായര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഷാജിയെ പിടികൂടിയത്.
കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി ഷാജി ഹാഷിഷ് ഓയില്‍ വില്‍പ്പന രംഗത്ത് സജീവമായിരുന്നെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടു കൊല്ലം മുമ്പ് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 50 കിലോയോളം ഹാഷിഷ് ഓയില്‍ എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഷാജി വിതരണം ചെയ്തതാണ് ഇതെന്ന് അന്വേഷണത്തില്‍ ഏറെക്കുറെ വ്യക്തമായിരുന്നെങ്കിലും ഇയാളെ കൂട്ടിയിണക്കാന്‍ പറ്റിയ തെളിവുകളൊന്നും എക്‌സൈസ് അധികൃതര്‍ക്ക് അന്ന് ലഭിച്ചിരുന്നില്ല.
നാട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്ന ഇടപാടും റിയല്‍ എസ്റ്റേറ്റ് രംഗത്തുമെല്ലാം ഷാജിയുടെ സജീവ ഇടപെടല്‍ ഉണ്ട്. ആന്ധ്രയില്‍ നക്‌സലൈറ്റ് അധീന മേഖലകളില്‍ കൃഷിചെയ്യുന്ന കഞ്ചാവ് വാങ്ങി ഇവിടെത്തന്നെ നിര്‍മ്മിച്ചിട്ടുള്ള ഫാക്ടറികളില്‍ വാറ്റിയെടുത്ത് കേരളത്തില്‍ എത്തിച്ച് ഷാജിക്ക് കൈമാറുകയായിരുന്നു. തനിക്കെതിരെ എതെങ്കിലും ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ഇയാള്‍ക്കെതിരെ വ്യാജപരാതികള്‍ അയച്ച് ഉന്നത ഉദ്യോഗസ്ഥരില്‍ സ്വാധീനം ചെലത്തി നടപടികള്‍ മരവിപ്പിക്കുകയായിരുന്നു തന്ത്രം.
ഷാജിമോന്‍ അധോലോക നായകനായത് സിനിമാക്കഥകളെ വെല്ലുന്നതരത്തിലാണ്. ദക്ഷിണേന്ത്യന്‍ മയക്കുമരുന്നു ഡോണ്‍ എന്ന വിളിപ്പേരുള്ള ഷാജിയുടെ ജീവിതം ഞെട്ടിക്കുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടുക്കിയിലെ ഉള്‍പ്രദേശങ്ങളില്‍ വ്യാജവാറ്റ് നടത്തിയായിരുന്നു മൂര്‍ഖന്‍ ഷാജി എന്ന ഷാജിമോന്റെ തുടക്കം. പിന്നീട് ഇടുക്കിയില്‍ ഒളിവില്‍ക്കഴിയാനെത്തിയ എറണാകുളത്തെ ഒരു കൊലക്കേസ് പ്രതിയെ പരിചയപ്പെട്ടത് അധോലോകത്തേക്കു വഴിതെളിച്ചു. പിന്നെ കളളനോട്ട് ഇടപാടും തുടങ്ങി. പിന്നീട് കൊലക്കേസ് പ്രതിയുമായി പിണങ്ങി. ഷാജിയെ ഇവര്‍ പിടികൂടിയെങ്കിലും ഷാജി തന്ത്രപരമായി രക്ഷപ്പെട്ടു. പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു ഇത്.
ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഷാജിയുടെ സാമ്രാജ്യം. ഷാജിയുടെ രഹസ്യങ്ങളും പണവും സൂക്ഷിച്ചിരിക്കുന്നത് മധുരയ്ക്കു ചുറ്റുമുള്ള സ്ഥലങ്ങളിലാണെന്നാണ് വിലയിരുത്തല്‍. കൊടൈക്കനാലിലും ദിണ്ടിഗലിലുമെല്ലം ഷാജിക്ക് റിസോര്‍ട്ടും സ്ഥലങ്ങളും വീടുകളുമുണ്ട്. ഇതെല്ലാം ബിനാമി പേരുകളിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ മധുരയ്ക്ക് സമീപം ധാരാപുരത്ത് നിന്നാണ് ഷാജിമോഹന്‍ വീണ്ടും പിടിയിലായത്.
കഴിഞ്ഞ മേയില്‍ ഷാജിമോന്‍ കൊടൈക്കനാലില്‍ വാങ്ങിയ ഒന്‍പത് ഏക്കര്‍ വസ്തുവിന്റെ ഇടപാടിന് തമിഴ് നാട്ടിലെ ശ്രീരംഗത്തു വരികയും അവിടെ െവച്ച് എതിര്‍ സംഘവുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. ശ്രീരംഗം പോലീസിന്റെ പിടിയില്‍ ആയെങ്കിലും അവിടെ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം മധുരയില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് സംഘം അതിസാഹസികമായാണ് ഷാജിയെ കീഴ്പ്പെടുത്തിയത്.