ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഭൂരിഭാഗവും ബ്രിട്ടനിലും അമേരിക്കയിലും; ഏഷ്യയില്‍ മുന്‍പിലെത്തിയത് ദക്ഷിണ കൊറിയയും സിംഗപ്പൂരും; സൗദിയും ഖത്തറും മലേഷ്യയും മികച്ചവയില്‍ ഇടം പിടിച്ചിട്ടും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ ബഹുദൂരം പിന്നില്‍
മുംബൈ: 2025 ലെ ക്യു എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) വീണ്ടും ഒന്നാമതെത്തി. ലണ്ടനിലെ ഇംപീരിയൽ കോളേജ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. യുകെയിലെ മറ്റ് രണ്ട് സർവകലാശാലകളായ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവയെ മറികടന്നാണ് ഇംപീരിയൽ കോളേജ് രണ്ടാം സ്ഥാനം നേടിയത്. ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഐഐടി ബോംബെയാണ് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് ക്യു എസ് റാങ്കിംഗ്.
ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ ഐഐടി ബോംബെ ഒന്നാം സ്ഥാനം നേടി. ലോക റാങ്കിങ്ങിൽ 118-ാം സ്ഥാനത്താണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( ഐഐടി ) ബോംബെ. ഐഐടി ഡൽഹി രണ്ടും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മൂന്നാം സ്ഥാനത്തുമാണ്. 2024-ൽ 149-ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ഐഐടി ഡൽഹി 197-ൽ നിന്ന് 47 റാങ്കുകൾ ഉയർന്ന് 150-ാം സ്ഥാനത്തേക്ക് എത്തി. അതേസമയം, ഐഐഎസ്‌സി 225-ൽ നിന്ന് 14 സ്ഥാനങ്ങൾ ഉയർന്ന് 211-ാം സ്ഥാനത്താണ്. ഡൽഹി യൂണിവേഴ്സിറ്റി (328), അണ്ണാ യൂണിവേഴ്സിറ്റി (383) എന്നീ സ്ഥാപനങ്ങൾ ആദ്യ 400 ൽ ഉൾപ്പെട്ടുവെന്നതും നേട്ടമായി. പട്ടികയിൽ ഏറ്റവുമധികം സ്ഥാപനങ്ങൾ ഉൾപ്പെട്ട രാജ്യങ്ങളിൽ ഇന്ത്യ ഏഴാമതാണ്. ഏഷ്യൻ രാജ്യങ്ങളിൽ ചൈന (71), ജപ്പാൻ (49) എന്നിവർക്കു പിന്നിൽ മൂന്നാമതും.
പട്ടികയിൽ സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യൻ സ്ഥാപനങ്ങൾക്കാവുന്നുണ്ടെങ്കിലും സൗദിയും, ഖത്തറും മലേഷ്യയും, അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളെക്കാളും ബഹദൂരം പിന്നിലാണ് ഇന്ത്യ. ഏഷ്യൻ രാജ്യങ്ങളിലെ മികച്ച സ്ഥാപനങ്ങളിൽ പട്ടികയിൽ നേട്ടമുണ്ടാക്കിയത് ദക്ഷിണ കൊറിയയും, സിംഗപ്പൂരുമാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആദ്യ പത്തിൽ ഇടം നേടിയ ഏക ഏഷ്യൻ യൂണിവേഴ്സിറ്റിയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി പട്ടികയിൽ 31-ാം സ്ഥാനത്താണ്. ദക്ഷിണ കൊറിയയിൽ നിന്നുള്ള 5 സ്ഥാപനങ്ങൾക്ക് പട്ടികയിൽ ആദ്യ നൂറിൽ ഇടം നേടാനായി.
പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ 8 യൂണിവേഴ്സിറ്റികളും അമേരിക്കയിലും, യു കെയിലും നിന്നുമുള്ളവയാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ആദ്യ പത്തിൽ ഇടം നേടിയ ഏക ഏഷ്യൻ യൂണിവേഴ്സിറ്റിയാണ് നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് യൂണിവേഴ്സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് അമേരിക്കയിൽ നിന്നും ആദ്യ പത്തിൽ ഇടം നേടിയ സ്ഥാപനങ്ങൾ. യുകെ യിൽ നിന്നും ഇംപീരിയൽ കോളേജ് ലണ്ടൻ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, യുസിഎൽ എന്നീ സ്ഥാപനങ്ങളാണ് ആദ്യ പത്തിൽ ഇടം നേടിയത്.
അമേരിക്കയും, കാനഡയും, യുകെയുമാണ് അന്താരാഷ്‌ട്ര വിദ്യാർത്ഥികൾ കൂടുതലായും പരിഗണിച്ചിരുന്ന രാജ്യങ്ങൾ. എന്നാൽ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതോടെ മറ്റ് രാജ്യങ്ങളിലേക്ക് അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ശ്രദ്ധ മാറുകയാണ്. ഇതിനാൽ ദക്ഷിണേഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ താല്പര്യം കൂടുന്നതായുമാണ് സൂചന. 2023–24 അധ്യയന വർഷത്തിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനം 6.6 ശതമാനം വർദ്ധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഫ്രാൻസ്, ജർമനി അടക്കമുള്ള യൂറോപ്പ്യൻ രാജ്യങ്ങളും അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വീകരിക്കാൻ പുതിയ നയങ്ങളും കൊണ്ട് വന്നിരുന്നു.
ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് ഏഷ്യ 2025ൽ 339-ാം സ്ഥാനം ലഭിച്ചു. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് സൗതേൺ ഏഷ്യയിൽ 88- മത് സ്ഥാനവും ലഭിച്ചു. സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി – അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങൾ പ്രകാരമാണ് ക്യുഎസ് റാങ്ക് നൽകുന്നത്. സമീപ വർഷങ്ങളിൽ നാക്, എൻ ഐ ആർ എഫ് തുടങ്ങിയ ദേശീയ തലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും കേരള സർവകലാശാല കൈവരിച്ച മികച്ച നേട്ടങ്ങളുടെ പിൻതുടർച്ചയാണ് ക്യുഎസിലെ മികച്ച പ്രകടനവും.