കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനി; മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം നടത്തി മാര്‍പാപ്പയുടെ പ്രതിനിധി; തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു; ആഹ്ലാദത്തില്‍ ഏലീശ്വഭവന്‍ മഠം

Update: 2025-11-08 13:39 GMT

കൊച്ചി: കേരള കത്തോലിക്കാ സഭയിലെ സന്യാസിനിയായ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. വല്ലാർപാടം ബസിലിക്കയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വിശുദ്ധ ബലിയോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം നടന്നത്. മാർപാപ്പയുടെ പ്രതിനിധിയായി എത്തിയ മലേഷ്യയിലെ പെനാങ് രൂപതയുടെ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് ആണ് പ്രഖ്യാപനം വായിച്ചത്.

വല്ലാർപാടം ബസലിക്കയിൽ വരാപ്പുഴ അതിരൂപതാ മെത്രാൻ ആർച്ച് ബിഷപ് ജോസഫ് കളത്തിപ്പറന്പിലാണ് ചടങ്ങിൽ ധന്യ മദർ ഏലീശ്വയെ വാഴ്ത്തവളായി പ്രഖ്യാപിക്കണമെന്ന് വത്തിക്കാനോട് ആവശ്യപ്പെടുന്ന ചടങ്ങ് പൂർത്തിയാക്കിയത്. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധിയായ ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലി സന്ദേശം നൽകി. കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യുകയും തുടർന്ന് മദറിന്റെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയായി കണക്കാക്കപ്പെടുന്ന മദർ ഏലീശ്വ 1831-ൽ എറണാകുളം ജില്ലയിലെ ഓച്ചംതുരുത്തിൽ ജനിച്ചു. 1913-ലാണ് അവർ അന്തരിച്ചത്. 1866-ൽ ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കർമലീത്ത സന്യാസിനി സഭയായ തേഡ് ഓർഡർ ഓഫ് ഡിസ്കാൽസെഡ് കാർമലൈറ്റ്സിന് മദർ ഏലീശ്വ രൂപം നൽകി. പതിനാറാം വയസ്സിൽ വാകയിൽ തറവാട്ടിലെ വറീതുമായുള്ള വിവാഹശേഷം ഏലീശ്വയ്ക്ക് ഒരു പെൺകുട്ടി ജനിച്ചിരുന്നു.

എന്നാൽ ഒന്നര വർഷത്തിനു ശേഷം ഭർത്താവ് മരണപ്പെട്ടു. പിന്നീട് ഏലീശ്വ പുനർവിവാഹത്തിന് വിസമ്മതിക്കുകയും ഏകാന്തതയിലും നീണ്ട പ്രാർഥനകളിലും സാധുജന സേവനത്തിലുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം ജീവിതം തുടരുകയും ചെയ്തു. പിന്നീടാണ് നിഷ്പാദുക കർമലീത്ത മൂന്നാം സഭാസമൂഹം സ്ഥാപിച്ചത്. ഇതിന്‍റെ സ്ഥാപന ചരിത്രം 1862 വരെ പിന്നോട്ടു പോകുന്നതാണ്.

1913 ജൂലൈ 18ന് വരാപ്പുഴയിൽ വച്ച് മരണമടഞ്ഞ ദൈവദാസി ഏലീശ്വയുടെ മദ്ധ്യസ്ഥതയാൽ നടന്ന ഒരു അത്ഭുതം അംഗീകരിക്കപ്പെട്ടതോടെ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴി തെളിഞ്ഞു. വിശുദ്ധപദ പ്രഖ്യാപനത്തിലേക്കുള്ള സോപാനത്തിൽ അവസാനത്തെ പടിയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം. വിശുദ്ധരായി പ്രഖ്യാപിക്കുന്ന മറ്റ് അഞ്ച് പേരിൽ ഒരാൾ രക്തസാക്ഷിയായ റോമാക്കാരനായ ദൈവദാസൻ നത്സറേനൊ ലഞ്ചോത്തി എന്ന രൂപതാ വൈദികനാണ്. 1940 മാർച്ച് 3ന് റോമിൽ ജനിച്ച അദ്ദേഹം 2001 ഫെബ്രുവരി 22ന് ബ്രസീലിലെ സാവോപോളോയിൽ വച്ച് വധിക്കപ്പെടുകയായിരുന്നു.

ഉപവിയുടെ സഹോദരർ, യേശുവിന്‍റെയും മറിയത്തിന്‍റെയും ഉപവിയുടെ സഹോദരികൾ, യേശുവിന്‍റെ ബാല്യകാല സഹോദരികൾ എന്നീ സമർപ്പിത ജീവിത സമൂഹങ്ങളുടെ സ്ഥാപകനായ ബെൽജിയം സ്വദേശി വൈദികൻ പീറ്റർ ജോസഫ് ട്രിയെസ്റ്റ്, ഇറ്റലി സ്വദേശിയും വിശുദ്ധ കത്രീന സമൂഹത്തിന്‍റെ സ്ഥാപകനുമായ രൂപതാവൈദികൻ ആഞ്ചെലൊ ബുഗേത്തി, ഇറ്റലിക്കാരായ രൂപതാവൈദികൻ അഗസ്തീനൊ കൊത്സോളീനൊ, സ്പെയിൻ സ്വദേശി അല്മായൻ അന്തോണിയോ ഗൗദി ഇ കൊർണേത്ത് എന്നിവരാണ് മറ്റ് നാലുപേർ.

മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതോടെ കൂനമ്മാവിലുള്ള ഏലീശ്വഭവൻ മഠത്തിലെ കന്യാസ്ത്രീകൾക്കും പ്രദേശവാസികളും വലിയ സന്തോഷത്തിലാണ്. മദർ ഏലീശ്വയുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ഏലീശ്വ മ്യൂസിയത്തിന് സമീപമാണ് ഈ മഠം സ്ഥിതി ചെയ്യുന്നത്. മദറിനെ ധന്യയായി പ്രഖ്യാപിച്ച നാൾ മുതൽ നിരവധി വിശ്വാസികൾ ഈ ഭവനം സന്ദർശിച്ച് പ്രാർത്ഥനകൾ അർപ്പിക്കുന്നുണ്ട്.

മ്യൂസിയത്തിൻ്റെയും മഠത്തിൻ്റെയും മേൽനോട്ട ചുമതലയുള്ള സിസ്റ്റർ വിയോള, സിസ്റ്റർ ജസ്റ്റീന, സിസ്റ്റർ ഡോ. റോസ് ഏയ്ഞ്ചൽ, സിസ്റ്റർ മെലീസ എന്നിവർ ഈ സന്തോഷത്തിൽ പങ്കുചേർന്നു. പത്തുവർഷം മുൻപ് സിടിസി സന്ന്യാസ സമൂഹമാണ് മദർ ഏലീശ്വയുടെ ജന്മസ്ഥലത്തിനടുത്ത് ഈ മഠം സ്ഥാപിച്ചത്. വാഴ്ത്തപ്പെട്ടവൾ പ്രഖ്യാപനത്തിന് മുന്നോടിയായി മ്യൂസിയം മോടിപിടിപ്പിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News