'മകൻ മിടുക്കനാണ്, നൂറ് അവാർഡ് കിട്ടിയിട്ടുണ്ട്, ക്ഷമിക്കണം'; മാപ്പപേക്ഷയുമായി വാഹനാപകടമുണ്ടാക്കിയ 17കാരന്റെ പിതാവ്; റീൽസ് ഭ്രാന്തിൽ പൊലിഞ്ഞത് ഏകമകൻ; 'ആ സോറി കൊണ്ട് എന്റെ മകനെ തിരിച്ചുതരുമോ?'; മറുപടിയുമായി മരിച്ച 23കാരന്റെ അമ്മ

Update: 2026-02-18 10:59 GMT

ഡൽഹി: ഡൽഹിയിൽ 17കാരൻ ഓടിച്ച കാറിടിച്ച് 23കാരൻ മരിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ലൈസൻസ് പോലുമില്ലാത്ത 17കാരനെ പരീക്ഷ എഴുതാനായി ജാമ്യം നൽകിയതും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തിൽ കുറ്റാരോപിതനായ കൗമാരക്കാരന്റെ കുടുംബത്തിന്റെ മാപ്പപേക്ഷ നിരസിച്ച് . കഴിഞ്ഞ ഫെബ്രുവരി 3-ന് ഡൽഹിയിലെ ദ്വാരകയിൽ മഹീന്ദ്ര സ്കോർപ്പിയോ ഇടിച്ച് 23 കാരനായ സാഹിൽ ധനേശ്ര കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയുടെ പിതാവ് നടത്തിയ മാപ്പപേക്ഷ തള്ളിക്കൊണ്ട് സാഹിലിന്റെ അമ്മ ഇന്നാ മകൻ രംഗത്തെത്തി.

"എന്റെ ലോകം തകർത്തിട്ട് എന്ത് സോറി?"

തന്റെ ഏക മകനെ നഷ്ടപ്പെട്ട ഇന്നാ മകൻ എന്ന അമ്മയുടെ വാക്കുകൾ രാജ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. പ്രതിയുടെ പിതാവ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ "ക്ഷമിക്കണം" എന്ന് പറഞ്ഞതിനോട് അവർ പ്രതികരിച്ചത് ഇങ്ങനെ:

"പ്രതിയുടെ അച്ഛൻ എന്തിനാണ് സോറി പറയുന്നത്? എന്റെ ജീവിതം അവസാനിപ്പിച്ചതിനോ? മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷമാണോ അദ്ദേഹത്തിന് കുറ്റബോധം ഉണ്ടായത്? അദ്ദേഹത്തിന്റെ ക്ഷമ സ്വീകരിക്കാത്തതിൽ ഞാൻ 'സോറി' പറയുന്നു. സ്വന്തം മകനാണ് ഇത് സംഭവിച്ചതെങ്കിൽ അദ്ദേഹം ഈ ക്ഷമ സ്വീകരിക്കുമോ? എന്റെ മകൻ പോയതോടെ എനിക്ക് രാവിലെകളോ വൈകുന്നേരങ്ങളോ ഇല്ല. എന്തിനാണ് ഉറക്കമെഴുന്നേൽക്കുന്നത് എന്ന് പോലും അറിയില്ല."

റീൽസ് എടുത്തത് വിനയായി?

അപകടം നടക്കുന്ന സമയത്ത് കാറിന്റെ മുൻസീറ്റിലിരുന്ന പ്രതിയുടെ സഹോദരി വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റീൽസ് എടുക്കാനുള്ള ആവേശത്തിനിടയിലാണ് സാഹിലിന്റെ ബൈക്കിൽ സ്കോർപ്പിയോ ചെന്ന് ഇടിച്ചതെന്നാണ് ആരോപണം. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോകാനിരുന്ന സാഹിൽ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

അച്ഛന്റെ ന്യായീകരണം, അമ്മയുടെ പോരാട്ടം

പ്രതിയായ 17-കാരൻ മിടുക്കനായ വിദ്യാർത്ഥിയാണെന്നും നൂറിലധികം അവാർഡുകൾ വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞ് പിതാവ് ന്യായീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ലൈസൻസില്ലാത്ത മകന്റെ കയ്യിൽ വാഹനം എങ്ങനെയെത്തി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല.

2018-ൽ ഭർത്താവ് മരിച്ചതിന് ശേഷം മകന് വേണ്ടി മാത്രം ജീവിച്ച ഇന്നാ മകൻ, ഇപ്പോൾ തന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് അവസാനിപ്പിച്ച് മകന് നീതി ലഭിക്കാനുള്ള പോരാട്ടത്തിലാണ്. പത്താം ക്ലാസ് പരീക്ഷ എഴുതാൻ വേണ്ടി പ്രതിയെ ജുവനൈൽ ഹോമിൽ നിന്നും വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

ഫെബ്രുവരി 3-ന് രാവിലെ 11:57-ഓടെ ദ്വാരക സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാൽ ബഹദൂർ ശാസ്ത്രി കോളേജിന് സമീപമാണ് ഈ ദാരുണമായ അപകടം നടന്നത്. പോലീസ് സംഭവസ്ഥലത്തെത്തുമ്പോൾ സ്കോർപിയോയും സ്വിഫ്റ്റ് ഡിസയർ ടാക്സിയും സാഹിലിന്റെ തകർന്ന മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് കിടക്കുന്ന നിലയിലായിരുന്നു. പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്, എതിർദിശയിൽ നിന്ന് വന്ന സ്കോർപിയോ സാഹിലിന്റെ ബൈക്കിൽ ഇടിച്ചതായും അതിന് ശേഷം പാർക്ക് ചെയ്തിരുന്ന ടാക്സിയിലേക്ക് ഇടിച്ചു കയറിയതായും ആണ്. അപകടത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ അജിത് സിംഗിനെ ഐജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പരിക്കുകളുടെ തീവ്രത സംബന്ധിച്ച അന്തിമ മെഡിക്കൽ റിപ്പോർട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.

കുട്ടി ഡ്രൈവർക്ക് പരീക്ഷയെഴുതാൻ ജാമ്യം

സ്കോർപിയോ ഓടിച്ചിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ അന്വേഷണത്തിനൊടുവിൽ പിടികൂടി. ഇയാൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിന് പിന്നാലെ കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും നിരീക്ഷണ കേന്ദ്രത്തിലേക്ക്അയക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫെബ്രുവരി 10-ന് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇയാൾക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ നടക്കുന്നത് കണക്കിലെടുത്താണ് കൗമാരക്കാരനെ താൽക്കാലികമായി വിട്ടയക്കാൻ ബോർഡ് ഉത്തരവിട്ടത്.

Tags:    

Similar News